പതിനായിരം രൂപയില്‍ താഴെ കലക്ഷനുള്ള സര്‍വീസുകള്‍ നിര്‍ത്താനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം നടപ്പാകുമ്പോള്‍ കോഴിക്കോട് ജില്ലയിലെ സര്‍വ്വീസുകളെ അത് സാരമായി ബാധിക്കും.
കെഎസ്ആര്‍ടിസിയുടെ നാല്പതോളം സര്‍വീസുകളാണ് ജില്ലയില്‍ പതിനായിരത്തില്‍ താഴെ കലക്ഷനുമായി ഓടുന്നത് ഇതില്‍ വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്റെ മണ്ഡലത്തിലൂടെ ഓടുന്ന ഒരു ബസും ഉള്‍പ്പെടുന്നു. കോഴിക്കോട് ഡിപ്പോയില്‍ ഏഴ്, താമരശ്ശേരി, തൊട്ടില്‍പാലം എന്നിവിടങ്ങളില്‍ പത്ത്, തിരുവമ്പാടി 15 എന്നിങ്ങനെയാണ് ഡിപ്പോ തലത്തില്‍ തയാറാക്കിയ ഏകദേശ കണക്ക്.
ഒറ്റ ബസ് മാത്രമുള്ളത്, മലയോര മേഖലയിലേക്കുള്ളവ, ഉള്‍നാടുകളുമായി ബന്ധപ്പെട്ടത് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതായി അധികൃതര്‍ പറഞ്ഞു. കോഴിക്കോട് ഡിപ്പോയിലെ ഏഴു ബസുകളില്‍ നാലെണ്ണം ചെറിയ ബസുകളാണ്. ഇവിടെ നിന്നുള്ള ഒരു സര്‍വീസാണ് മന്ത്രിയുടെ മണ്ഡലത്തിലൂടെ പോകുന്നത്.