നാടക നടനായും സിനിമ നടനായും ജീവിതത്തില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ച നടത്തിയ മാമുക്കോയ കേരള സാഹിത്യോത്സവത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം സംവദിച്ചു. സാഹിത്യോത്സവത്തെ കുറിച്ച് തന്റെ അഭിപ്രായം തുറന്നടിക്കുമ്പോഴും ഒരു നടന് എന്നതിലുപരി ഒരു ആതിത്ഥേയന്റെ പരിവേഷത്തില്‍ നില്‍ക്കാനായിരുന്നു മാമുക്കയ്ക്ക് താത്പര്യം. മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് തനിക്കുണ്ടായ അനുഭവം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച അദ്ദേഹം ഒരു വ്യക്തിക്ക് മാത്രമല്ലെന്നും സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്കും അത്തരം വിവേചനങ്ങള്‍ ഉണ്ടാകുമെന്നും മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ പി ജെ അബ്ദുള്‍ കലാം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിവ് വേണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയ്ക്കിടയില്‍ ഉറൂബുമായും എസ് കെ പൊറ്റക്കാടുമായൊക്കെ ചങ്ങാത്തതിലാകാന് കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവെച്ചു. സിനിമയില്‍ വിട്ട് രാഷ്ട്രീയത്തിലേക്ക് ?’ എന്ന ചോദ്യത്തിന് ‘ ഞാന്‍ ചിന്തിക്കുന്നു. നിങ്ങള്‍ എനിക്ക് വോട്ടു ചെയ്യുമോ?’ എന്ന തമാശാ രൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റൊരു സംസ്കാരം അടിച്ചേല്പിക്കരുത്. നമ്മുടെ സംസ്കാരത്തിനനുസരിച്ച് മുന്നോട്ട് പോയാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമകള്‍, ശില്പങ്ങള്, നാടകങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും കാണുകയും ചെയ്യുന്നവരാണ് മലയാളികള്‍ ഇതാണ് താന്‍ മലയാളികളില്‍ കാണുന്ന ഗുണം. ഇന്നത്തെ സമൂഹത്തിന് മാനവിക മൂല്യത്തെ കുറിച്ച് ബോധമില്ല. ഒരു ജാതി ഒരു രക്തം ഒരു മതം ജാതി മത രാഷ്ട്രീയ ചിന്തകള്‍ പാടില്ല. സംസ്കാര ബോധ്യമുള്ളവരായിരിക്കണം അതിനായി വായനയിലൂടെ ലോകത്തെ അറിയുക, പഠിക്കുക, സ്നേഹിക്കുക. അതിന് കുറുക്കു വഴികളില്ല അദ്ദേഹം പറഞ്ഞു.
