കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ ഒന്നാം ദിനത്തില്‍ വേദി തൂലികയില്‍ ക്യാമ്പസ് നാടക വര്‍ത്തമാനം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. എ ശാന്തകുമാര്‍, ഗിരീഷ് പി.സി പാലം, ഷിബു മുത്താട്ട് എന്നിവര്‍ പങ്കെടുത്തു. ബിനീഷ് പുതുപ്പണം മോഡറേറ്ററായി.
അടുക്കളയില്‍ നിന്നും പ്രതിഷേധം ഉണ്ടായില്ലായെങ്കില്‍ അരങ്ങില്‍ പ്രതിരോധം സാധ്യമല്ലെന്നും നാടകങ്ങള്‍ ഉണ്ടാക്കേണ്ടതല്ല മറിച്ച് ഉണ്ടാവേണ്ടതാണെന്നും ഷിബു മുത്താട്ട് അഭിപ്രായപ്പെട്ടു. കലാലയങ്ങളില്‍ നാടകങ്ങള്‍ സജീവമാണെന്നും അവരെ വളര്‍ത്തേണ്ട അധികാരികള്‍ അത് ശ്രദ്ധിക്കുന്നില്ലെന്നും ഒരു കാലത്ത് രാഷ്ട്രീയത്തേയും രാഷ്ട്ട്രീയക്കാരെയും വളര്‍ത്തിയത് നാടകമാണെന്നും ഗിരീഷ് പി.സി പാലം പറഞ്ഞു. അമേച്വര്‍ നാടകങ്ങളെക്കാല് മികച്ചതാണ് ക്യാംപസ് നാടകങ്ങളെന്നും എന്നാല്‍ അത് പരിപോഷിപ്പിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കുന്നില്ലെന്നും
എ. ശാന്തകുമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പ്രേക്ഷകരുമായി നടന്ന സംവാദത്തില്‍ കല ശക്തമാണെങ്കില്‍ ഏത് കാലത്തും അംഗീകരിക്കപ്പെടുമെന്ന് ചര്‍ച്ച പറഞ്ഞു വെച്ചു.