Home » കലാസാഹിതി » എഴുത്തുമേശ » ഭാഷയുടെ കാര്യത്തില്‍ മലയാളികള്‍ മാനസിക അടിമത്വം നേരിടുന്നു

ഭാഷയുടെ കാര്യത്തില്‍ മലയാളികള്‍ മാനസിക അടിമത്വം നേരിടുന്നു

കോഴിക്കോട്: മലയാളികള്‍ ഭാഷയുടെ കാര്യത്തില്‍ ഇന്നും മാനസിക അടിമത്വം നേരിടുന്നവരാണെന്ന് നടുവട്ടം ഗോപാലകൃഷ്ണന്‍. ഭാഷാബോധവും വീക്ഷണവും ഭാഷയുടെ അടിസ്ഥാനങ്ങളാണ്. മലയാള ഭാഷയെ പുച്ഛിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. മലയാളിയുടെ പൊങ്ങച്ചവും മറ്റുഭാഷകളെ അമിതമായി അനുകരിക്കലും മലയാളഭാഷയോടുള്ള അവജ്ഞതയായി എല്ലാവരും കാണുന്നുണ്ടെന്നും, ആറുനാട്ടില്‍ നൂറുഭാഷ എന്ന പ്രയോഗത്തിനടിസ്ഥാനം ജാതി,സംസ്‌കാരം,ദേശം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യോത്സവത്തില്‍ ഭാഷയ്ക്കുള്ളിലെ ഭാഷകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാമുക്കോയ, എസ്.ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ജെ ജോസഫ് മോഡറേറ്ററായി.

ഭാഷയോട് ഏറ്റുമുട്ടികൊണ്ടുമാത്രമേ ഭാഷയില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് എസ്.ജോസഫ് അഭിപ്രായപ്പെട്ടു. പരിമിതികളും സാധ്യതകളും മലയാള ഭാഷയില്‍ ഒരേപോലെ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഭാഷയാണ് തന്റെ ജീവിതവും സംസ്‌കാരവുമെന്നും, മലയാളികള്‍ക്ക് എന്നും മലയാളം ശ്രേഷ്ഠം തന്നെയാണെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു. എങ്കിലും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഭാഷയും ഭാഷാശൈലിയും മാറ്റാന്‍ മലയാളികള്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാമൊഴിയാണ് ഭാഷയുടെ അടിസ്ഥാനമെന്നും വാമൊഴിയുടെ വകഭേദമാണ് വരമൊഴിയെന്നും സി.ജെ ജോര്‍ജ് അഭിപ്രായപ്പെട്ടു. ഭാഷ അസ്ഥിരമാണെന്നും അതിന് എന്നും മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply