Home » നമ്മുടെ കോഴിക്കോട് » അസഹിഷ്ണുത സാഹിത്യങ്ങള്‍ക്ക് വിലക്കുകള്‍ കല്‍പിക്കുന്നു : പിണറായി

അസഹിഷ്ണുത സാഹിത്യങ്ങള്‍ക്ക് വിലക്കുകള്‍ കല്‍പിക്കുന്നു : പിണറായി

എഴുത്തുകാരോട് അവര്‍ എന്ത് എങ്ങനെ എഴുതണമെന്ന് കല്‍പിക്കുന്ന ഇരുണ്ട കാലത്താണ് നാം ഇന്ന് ജീവിക്കുന്നതെന്ന് പിണറായി വിജയന്‍ .

സാഹിത്യത്തിന് പുറത്തു നിന്ന് സാഹിത്യത്തിന് അവസാന വാക്ക് പറയാന്‍ ശ്രമിക്കുകയും അതിനായി ചില അനുയായികളെ ചട്ടം കെട്ടി അവര്‍ വാളുകളുമായി നടക്കുകയുമാണ് . സ്ഥിതി ഇവ്വിധം തുടര്‍ന്നാല്‍ നവീന ചിന്തകള്‍ ഇല്ലാതെ വരും സമൂഹത്തില്‍ വിഷാണുക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ച്ഛിദ്ര ശക്തികള്‍ സമൂഹത്തെ സാംസ്‌കാരികമായി രോഗാദ്രമാക്കുന്നു.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

 

വിയോജനാഭിപ്രായം പറയാന്‍ സമ്മതിക്കാത്ത സമൂഹം എങ്ങനെ ജനാധിപത്യ സമൂഹമാകും ? ദബോല്‍ക്കറും , ഗോബിന്ദ് പന്‍സാരെയും , കല്‍ബുര്‍ഗിയും എന്തിന് ആക്രമിക്കപ്പെട്ടു , എന്തിന് കൊല്ലപ്പെട്ടു ? എന്തായിരുന്നു അവര്‍ ചെയത അപരാധം ? ഭരണഘടനയെ പോലും വെല്ലു വിളിച്ച് നീതിന്യായ സംഹിതകളെ സാക്ഷിയാക്കി നടക്കുന്ന ഇത്തരം നരാധമ വിധ്വംസക പ്രവര്‍ത്തികള്‍ക്കെതിരായി ശബ്ദം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എം എഫ് ഹുസൈന് നാടു വിടേണ്ടി വന്നതും , യു ആര്‍ അനന്തമൂര്‍ത്തിക്ക് മരണക്കിടക്കയില്‍ പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റ് കൊടുത്തതും , ഇന്നും പലരോടും പാക്കിസ്ഥാനിലേക്ക് പോ … എന്ന് പറയുന്നതും ഈ അസഹിഷ്ണുതയുടെ വക്താക്കള്‍ തന്നെ.
കേരളത്തിലും ഇത്തരം ശക്തികള്‍ വേരുറപ്പിക്കുകയാണ് കമലിനെതിരായ ആക്രോശങ്ങളും , എം ടി ക്ക് എതിരായുണ്ടായ പരാമര്‍ശങ്ങളും ഇതിന് ഉദാഹരണമാണ് . സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത് . സാംസ്‌കാരിക കേരളം ഇതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം .
ഭാഷയേയും സംസ്‌കാരത്തെയും മനസ്സിനേയും സംസ്‌കരിച്ചെടുക്കുന്ന മഹത്തായ സാഹിത്യോത്സവത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് പിണറായി നിറഞ്ഞ സദസ്സിനെ അറിയിച്ചു.

പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ എം മുകുന്ദന്‍ , ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ , ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് ആനന്ദ് കെ എസ് ഫോട്ടോ വരുണ്‍ വിനോദ്‌

Leave a Reply