‘ജനാധിപത്യത്തില്‍ ഏകാധിപന്മാരുടെ കാലം കഴിഞ്ഞുവെന്ന്’ ശശി തരൂര്‍. കേരളസാഹിത്യോത്സത്തില് ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ നയങ്ങളെ വിമര്‍ശിച്ച അദ്ദേഹം . തിയേറ്ററുകളില്‍ ദേശീയഗാനം നടപ്പിലാക്കിയ സുപ്രീംകോടതി നയം അനാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇടതുചിന്തകനായ കെ.വേണു മനുഷ്യാവകാശ പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനുമായ ബി.ആര്.പി ഭാസ്കര്‍, ഇടതുപക്ഷ ചിന്തകനും കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടറും നിലവില്‍ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗവുമായ കെ.ടി കുഞ്ഞിക്കണ്ണന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥകാരനും നിരൂപകനുമായ എ.പി കുഞ്ഞാമു മോഡറേറ്ററായി.
ജനാധിപത്യത്തിന്റെ ഭാവി എന്നും ഭദ്രമാണെന്നും തെറ്റുകള്‍ ഉടന്‍ തിരുത്തപ്പെടുന്നുണ്ടെന്നും ബി ആര് പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. മതേതര ജനാധിപത്യ മുന്നേറ്റം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സാര്‍വദേശീയ തലത്തില്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുകയാണെന്ന് കെ.ടി കുഞ്ഞിക്കണ്ണന് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ കറകളഞ്ഞ ജനാധിപത്യനിലപാട് ഉണ്ടാകണമെന്നും ഉള്‍പാര്‍ട്ടി നയം സാധ്യമാക്കണമെന്നും സി.പി.ഐ.എം 20 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യ അജണ്ട അതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ ഭാവി ഭദ്രമാണെന്ന് നാലുപേരും ഏകകണ്ഠേന അഭിപ്രായപ്പെട്ടു.