Home » ന്യൂസ് & വ്യൂസ് » നീതി ദേവതയുടെ കണ്ണ് കെട്ടി സ്വകാര്യ കോടതികള്‍

നീതി ദേവതയുടെ കണ്ണ് കെട്ടി സ്വകാര്യ കോടതികള്‍

 

ചൂടാറാത്ത വിഷയമായി അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള കലഹത്തിന് ആറ് മാസം പ്രായം , എങ്ങുമെത്താത്ത അപരിഹാര്യ അസ്വാരസ്യത്തിന് കേരള സാഹിത്യോത്സവത്തിലെ കോടതിയും മാധ്യമങ്ങളും എന്ന ചര്‍ച്ചയിലും രക്ഷയില്ല.

നിങ്ങള്‍ കോടതിയില്‍ കയറണ്ട എന്ന് ഒരുവിഭാഗം ശഠിക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത് . ഒരു ഭാഗത്ത് തുറന്ന കോടതി എന്ന് പറയുകയും വാര്‍ത്തകള്‍ പൊതു ജനത്തെ അറിയിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്ന വിപരീത സമസ്യക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.

കോടതികളില്‍ എന്തു സംഭവിക്കുന്നു എന്ന് ഇന്ന് പുറത്തുവരുന്നില്ല.നമ്മുടെ കോടതികള്‍ ഇന്ന് സ്വകാര്യ കോടതികള്‍ പോലെയാണ് പെരുമാറുന്നത് ഇത് ഒത്തുകളിക്കുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.കോടതികള്‍ എന്തിനാണ് സുതാര്യതയെ ഭയക്കുന്നത് ആര്‍ട്ടിക്കിള്‍ 19.G നല്‍കുന്ന സ്വാതന്ത്ര്യം എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു എന്നത് ചിന്തിക്കപ്പെടേണ്ടതാണെന്ന് ഡോ.സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
നീതിപീഠത്തിലും നീതിനിര്‍വ്വഹണരീതിയിലും എനിക്ക് വിശ്വാസമില്ല എന്ന് പറയാതെ പറയലാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നതിലൂടെയും അക്രമിക്കുന്നതിലൂടെയും അഭിഭാഷകര്‍ പറഞ്ഞുവക്കുന്നത് .ആളുകളില്‍ വിശ്വാസമുണ്ടെങ്കിലേ നീതി നടപ്പാകൂ എന്നും ജനങ്ങള്‍ക്ക് ചര്‍ച്ചചെയ്യാനും വിലയിരുത്താനും അവസരം നല്‍കാതെ കോടതികളുടെ സ്വകാര്യത സംരക്ഷിച്ച് എന്ത് അനഭിലഷണീയ പ്രവര്‍ത്തിയാണ് നടത്തുന്നതെന്നും അഡ്വ.ഹരീഷ് വാസുദേവന്‍ ചോദിച്ചു.ഒന്നും നടക്കുന്നില്ല എന്നു ബോധ്യപ്പെടുത്തേണ്ടത് ജുഡിഷ്യറിയുടെ ബാധ്യതയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്നതാണ് പലരുടേയും നിലപാട്. എല്ലാത്തിനും പഴി മാധ്യമപ്രവര്‍ത്തകരില്‍ ചാരി രക്ഷപ്പെടുകയാണ് അഭിഭാഷകര്‍ , മാധ്യമങ്ങള്‍ക്കും ചില തെറ്റ് പറ്റിയിട്ടുണ്ട് പക്ഷെ മധ്യസ്ഥതയില്‍ തീരാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല ,തര്‍ക്കം തുടരണമെന്ന് പിടിവാശിയുള്ളവര്‍ അതു തണുക്കാന്‍ അനുവദിക്കുന്നില്ല.മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സംരക്ഷണം വേണം എന്നൊന്നും ഞങ്ങള്‍ വാദിക്കുന്നില്ല പക്ഷെ സ്വതന്ത്രമായും ഭയരഹിതമായും ഞങ്ങള്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം വേണം . അതിന് ശക്തമായ നിര്‍ദ്ദേശം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കണമെന്നും കമാല്‍ വരദൂര്‍ തന്റെ ഭാഗം വ്യക്തമാക്കി.

വാര്‍ത്തയും ചിത്രവും ആനന്ദ് കെ എസ്‌

Leave a Reply