ഭീകരസംഘടനയായ ഐ.എസിലേക്ക് മലയാളികളടക്കമുള്ളവരെ റിക്രൂട്ട് ചെയ്ത കേസില്‍ കേരളത്തിലെ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി എന്‍.ഐ.എ. പ്രതിചേര്‍ത്തു. കോഴിക്കോട് സ്വദേശി ഷജീര്‍ മംഗലശ്ശേരി, കാസര്‍കോട് സ്വദേശി ഷംസുദ്ദീന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഐ.എസില്‍ ചേര്‍ന്ന ഷജീര്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലാണെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് വഴി കേരളത്തിലെ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഷജീറാണെന്നാണ് എന്‍.ഐ.എ. പറയുന്നത്.
ഐ.എസില്‍ ചേരുന്നതിനായി 22 പേര് രാജ്യം വിട്ടെന്ന് നേരത്തെ എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഷജീറിന്റെയും ഷംസുദ്ദീന്റെയും പങ്ക് വ്യക്തമായത്. അബു ഐഷ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയാണ് ഷജീര്‍ കേരളത്തിലെ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.
ഐ.പി. വിലാസമടക്കമുള്ളവ പരിശോധിച്ചതില്‍ നിന്നാണ് ഐ.എസ്. പ്രവര്‍ത്തനങ്ങളില്‍ ഷജീറിനുള്ള പങ്ക് വ്യക്തമായത്. രാജ്യം വിട്ട് അഫ്ഗാനിലേക്ക് കടന്ന ഇയാള്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ എന്‍.ഐ.എ. തുടരുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതീയുവാക്കളെ കാണാതായ സംഭവങ്ങളിലെ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്ത ശേഷമുള്ള പ്രധാന സംഭവങ്ങളിലൊന്നാണ് ഷജീറിനെതിരായ കണ്ടെത്തലുകള്‍. ഐ.എസ്. ബന്ധം ആരോപിക്കുന്ന സംഭവങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി എന്‍.ഐ.എ. ഡല്‍ഹിയിലെ ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എറണാകുളത്തെ പാലാരിവട്ടം, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ.) അനുസരിച്ചുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്താണ് എന്‍.ഐ.എ. ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
ഐ.എസ്. ബന്ധം ആരോപിക്കുന്ന മലയാളികളുടെ തിരോധാനക്കേസില്‍ എന്‍.ഐ.എ. കഴിഞ്ഞ ദിവസം രണ്ട് പേര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു. കാസര്‍കോട് സ്വദേശി അബ്ദുല്‍ റഷീദ്, ബിഹാര്‍ സ്വദേശിനി യാസ്മിന് അഹമ്മദ് എന്നിവരെ പ്രതികളാക്കി കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍.ഐ.എ. കുറ്റപത്രം നല്‍കിയത്. കാസര്‍കോട് നിന്ന് കാണാതായ മലയാളികളെ വിദേശത്തേക്ക് കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് റഷീദാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മുംബൈയില്‍ നിന്ന് അറസ്റ്റിലായ ഖുറേഷിയും കൂട്ടാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നയാളാണ് റഷീദ്.
കാസര്‍കോട് നിന്ന് കാണാതായ റഷീദും അഫ്ഗാനിസ്താനില്‍ എത്തിയതായി തെളിവുകളുണ്ടെന്നാണ് എന്‍.ഐ.എ. പറയുന്നത്. ഷജീറിനൊപ്പം റഷീദ് അടക്കമുള്ള കേസിലെ മറ്റു പ്രതികളെയും അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ. അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.