കരകൗശല വൈദഗ്ധ്യത്തിന്റെ മഹിമ അടുത്തറിയാനും വിവിധ സംസ്ഥാനങ്ങളിലെ തനത് കലാരൂപങ്ങള്‍ ആസ്വദിക്കാനും വഴിയൊരുക്കിയ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേള ചൊവ്വാഴ്ച കോഴിക്കോട്ടെ ഇരിങ്ങല്‍ സര്‍ഗാലയ കലാഗ്രാമത്തില്‍ സമാപിച്ചു. ഡിസംബര്‍ 20ന് തുടങ്ങിയ മേളയില്‍ ആയിരക്കണക്കിന് ആളുകളുടെ പ്രവാഹമായിരുന്നു സമാപന ദിവസം വരെ ഉണ്ടായിരുന്നത്. 17 ദിവസങ്ങളിലായി നീണ്ടുനിന്ന മേള അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശസ്തി പിടിച്ചുപറ്റിയിരിക്കുകയാണ്. ഒരു കോടിയോളം രൂപയുടെ കരകൗശല ഉല്പന്നങ്ങള് വിറ്റഴിഞ്ഞെന്നും സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷത്തില്‍ കവിയുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മേളയുടെ വൈവിധ്യവും സംഘാടകരുടെ ഏകോപനവും സന്ദര്‍ശകരെ സര്‍ഗാലയയിലേക്ക് ഏറെ ആകര്‍ഷിച്ചു. ഒരിക്കല്‍ മേളയിലത്തെിയവര്തന്നെ വീണ്ടും വീണ്ടും സന്ദര്‍ശനത്തിനായി എത്തിയത് പരിപാടിയെ ആവേശമാക്കിതീര്ത്തു. സ്ഥിരം സ്റ്റാളുകള്‍ക്ക് പുറമെ 232 താല്‍ക്കാലിക സ്റ്റാളുകളും കരകൗശല ഉല്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരുന്നു. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുള്ള സൗകര്യംവരെ ഇതില്‍ ഉള്‍പ്പെടുന്നു. ആയിരക്കണക്കിന് സന്ദര്‍ശകരാണ് ദിവസേന ഈ കലാഗ്രാമത്തില്‍ എത്തിക്കൊണ്ടിരുന്നത്. സന്ദര്‍ശകര്‍ക്ക് മതിയായ സൗകര്യങ്ങളോടെയാണ് സ്റ്റാളുകളും മറ്റു സജ്ജീകരണങ്ങളം സംഘാടകര്‍ ഒരുക്കിയിരുന്നത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടന്നിട്ടും സര്‍ഗാലയ സന്ദര്‍ശിക്കാതെ ആരും തിരിച്ചുപോയില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതമായി മേള കാണാനും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വദിക്കാനും സംഘാടകര്‍ പ്രത്യേകം അവസരമുണ്ടാക്കിയിരുന്നു. പ്ളാസ്റ്റിക് ബാഗുകള്‍ നിരോധിച്ചതുകാരണം മേള പരിസ്ഥിതിസൗഹൃദ അന്തരീക്ഷത്തിലായി. കരകൗശല മേഖലയെ ടൂറിസവുമായി സമന്വയിപ്പിച്ച് സര്‍ക്കാര്‍ സഹകരണത്തോടെ നടത്തിയ മേള കാണാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരും എത്തി. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് എത്തിയത്. കാനഡ, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, ഡെന്മാര്ക് തുടങ്ങി വിദേശരാജ്യങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും മേളയില്‍ സന്ദര്‍ശകരായെത്തി. തങ്ങളുടെ ഉല്പന്നങ്ങള്ക്ക് സന്ദര്‍ശകരില്‍നിന്നും മികച്ച പ്രതികരണം ലഭിച്ചത് ഇതരസംസ്ഥാനങ്ങളില്നിന്നത്തെിയ കരകൗശല വിദഗ്ധരെ ആഹ്ളാദത്തിലാക്കി.
രണ്ടുലക്ഷവും അതില്‍ കൂടുതലും ചില സ്റ്റാളുകളില്‍ കച്ചവടം നടന്നതായി കണക്കുകള്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കരകൗശല വിദഗ്ധര്‍ക്ക് ഏറെ ആവേശം കൊള്ളിച്ച മേളക്ക് കോഴിക്കോട് വീണ്ടും സാക്ഷിയാകുമെന്ന് പ്രതീക്ഷയിലാണ് ചൊവ്വാഴ്ചയോടെ മേള സമാപിച്ചത്.