Home » ന്യൂസ് & വ്യൂസ് » കാലത്തിന്റെ ആശങ്കകളെ സര്‍ഗാത്മകമായി നേരിടാന്‍ കഴിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; വിവിധ ദേശങ്ങളിലെ സാഹിത്യത്തിന്റെ സംഗമമായി കേരള സാഹിത്യോത്സവത്തിന് സമാപനം;

കാലത്തിന്റെ ആശങ്കകളെ സര്‍ഗാത്മകമായി നേരിടാന്‍ കഴിയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; വിവിധ ദേശങ്ങളിലെ സാഹിത്യത്തിന്റെ സംഗമമായി കേരള സാഹിത്യോത്സവത്തിന് സമാപനം;

കാലിക്കറ്റ് ജേര്‍ണലിന് പുരസ്‌കാരം

കോഴിക്കോട്: കാലത്തിന്റെ ആശങ്കകളെ സര്‍ഗാത്മകമായി നേരിടാന്‍ കഴിയുമെന്നതിന്റെ തെളിവാണ് കോഴിക്കോട്ടു നടന്ന കേരള സാഹിത്യോത്സവത്തിന്റെ വിജയവും വന്‍ പങ്കാളിത്തവും വ്യക്തമാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാഹിത്യോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ ദേശങ്ങളില്‍നിന്നുള്ള സാഹിത്യത്തിന്റെയും ചിന്തയുടെയും സംഗമമായാണ് സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പിന് കോഴിക്കോട് കൊടിയിറങ്ങിയത്. സാഹിത്യോത്സവം റിപ്പോര്‍ട്ടിംഗില്‍ ഓണ്‍ലൈന്‍ വിഭാഗത്തിലെ മികവിനുള്ള പുരസ്‌കാരം കാലിക്കറ്റ് ജേര്‍ണലിന് മന്ത്രി എ കെ ശശീന്ദ്രന്‍ സമ്മാനിച്ചു.


മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം കാലിക്കറ്റ് ജേര്‍ണല്‍ പ്രതിനിധി ആനന്ദ് കെ എസ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങുന്നു.

സ്ലൊവേനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശഭാഷകളില്‍നിന്നും ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത 120 സെഷനുകളായാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്. നാലു വേദികളിലായി നടന്ന സാഹിത്യോത്സവം രണ്ടാം തീയതി സക്കറിയയാണ് ഉദ്ഘാടനം ചെയ്തത്. എന്റെ ചിന്ത എന്റെ എഴുത്ത് എന്നായിരുന്നു ഇക്കുറി സാഹിത്യോത്സവത്തിന്റെ പ്രമേയം.

വിവിധ എഴുത്തുകാര്‍ തങ്ങളുടെ എഴുത്തിന്റെ വഴികളും ചിന്തയും പങ്കുവച്ചു. പുതിയകാലത്തെ എഴുത്തിനെ പരിചയപ്പെടുത്തുകയും വരാനിരിക്കുന്ന കാലത്തെ സാഹിത്യത്തിലെ പ്രതീക്ഷകളെ ആഴത്തില്‍ അവലോകനം ചെയ്യുകയും ചെയ്തു. ദേശീയത, ദളിത്, കലാലയത്തിലെ അടിച്ചമര്‍ത്തല്‍, അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളിലും പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നു. കെ സച്ചിദാനന്ദനായിരുന്നു സാഹിത്യോത്സവത്തിന്റെ ഡയറക്ടര്‍. ചടങ്ങില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ സച്ചിദാനന്ദന്‍, രവി ഡീസി, കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply