ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) നിന്നു മലയാളം പുറത്തായതിനു പിന്നില്‍ സര്‍ക്കാരിന്റെ അലംഭാവം. പ്രാദേശിക ഭാഷകള്‍ക്കായി മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ അപേക്ഷ നല്കിയപ്പോള് കേരളം കൈയും കെട്ടി നിന്നു.
ഇംഗ്ലീഷിനു പുറമെ തമിഴും കന്നഡയും അടക്കം പത്തു ഭാഷകളില്‍ നീറ്റ് എഴുതാം. ഇന്ത്യയിലെ പ്രമുഖ പ്രാദേശിക ഭാഷകളിലെല്ലാം നീറ്റില്‍ പരീക്ഷ എഴുതാമെന്നിരിക്കെ മലയാളം മാത്രമാണു പുറത്തായത്.
നീറ്റ് നടത്തിപ്പു സംബന്ധിച്ചു സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഇതിനു മറുപടി നല്‍കിയപ്പോഴാണു സംസ്ഥാനങ്ങള്‍ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അനുമതി ചോദിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പും എന്‍ട്രന്‍സ് പരീക്ഷാ കണ്‍ട്രോളറുമാണ് ഇതു സംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്.
ദേശീയ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പ്രാദേശിക ഭാഷയില്‍ എഴുതാന്‍ അവസരം ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്കു സഹായകമായിരിക്കും. മലയാള ഭാഷയുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി ശ്രമങ്ങള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ തന്നെയാണു നീറ്റ് പരീക്ഷയുടെ കാര്യം സര്‍ക്കാര്‍ മറന്നത്.
ഇനി ശ്രമിച്ചാലും നീറ്റില്‍ മലയാളം ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണു സൂചന. മേയ് ഏഴിനു നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ തയാറാക്കി വരുന്നതേയുള്ളു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും മലയാളം ഉള്‍പ്പെടുത്തുന്നതു കേന്ദ്ര ആരോഗ്യ വകുപ്പ് പരിഗണിച്ചേക്കും.
പരീക്ഷ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡിങ് (ഒഎംആര്‍) രീതിയില്‍ അയതിനാല്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിനു മലയാളം അറിവുള്ളവരുടെ ആവശ്യവുമില്ല.