Home » ഇൻ ഫോക്കസ് » മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ലെന്ന് സികെ ജാനു

മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ലെന്ന് സികെ ജാനു

ബിജെപി വാക്കുപാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ ജാനു. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ല. പറഞ്ഞ വാക്ക് പാലിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ട്. പറഞ്ഞുപറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കുതന്നെ തിരിച്ചുകിട്ടുമെന്നുറപ്പാണ്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു പറഞ്ഞു.

ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബിജെപിയുടേതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ തങ്ങള്‍ക്ക് തങ്ങളുടേതായ കാഴ്ചപ്പാടാണുള്ളത്. എന്‍ഡിഎയുടെ ഭാഗമായി ഞങ്ങള്‍ ഒന്നിച്ചുപോകുന്നുവെന്നു മാത്രം. ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. തങ്ങളുമായി സഹകരിക്കാന്‍ പറ്റുന്നവരെ സഹകരിപ്പിക്കും.

ബിജെപി ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ല. അതെക്കുറിച്ച് തങ്ങളുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലൊന്നും ബിജെപി ആദിവാസിസമരം ഏറ്റെടുത്തിട്ടില്ലെന്നും ജാനു പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ജനാധിപത്യ രാഷ്ട്രീയസഭ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ചിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച ജാനു തോറ്റിരുന്നു.

Leave a Reply