ഞാന്‍ മരിച്ചാല്‍ ഞാന്‍ തോല്‍ക്കും, ജീവിച്ചുകൊണ്ട് എനിക്ക് ജയിക്കണം; എന്നാലത് എത്രമാത്രം ബുദ്ധിമുട്ടാണെന്നും എനിക്കറിയാം. ഇതൊരു ജനാധിപത്യരാജ്യമല്ലേ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ ചിരി വരുന്നു, ഇതേ രാജ്യത്തു തന്നെയല്ലേ ‘എന്റെ ജനനമാണ് എന്റെ മരണകാരണം’ എന്നു പറഞ്ഞു രോഹിത് വെമൂല ആത്മഹത്യ ചെയ്തത്. പക്ഷേ ഞാനാവഴി തെരഞ്ഞെടുക്കില്ല. മരിച്ചാല്‍ ഞാന്‍ തോല്‍ക്കും…
രോഹിത് വെമുല ഒരു തീരാനൊമ്പരമായി നമുക്കിടയിൽ നീറുമ്പോഴാണ് ആതിര എന്ന വിദ്യാര്‍ത്ഥിനിയുടെ ഈ വാക്കുകകൾ. തിരുവനന്തപുരം സിഇടി എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയാണ് ആതിര. ഒപ്പം പ്രവേശനം നേടിയവര്‍ ആറാം സെമസ്റ്ററിനു പഠിക്കുമ്പോള്‍ ജാതിവിവേചനവും പ്രതികാരനടപടികളും മൂലം മറ്റൊരു കോളേജില്‍ നാലാം സെമസ്റ്റര്‍ പ്രവേശനത്തിനായി ശ്രമിക്കേണ്ട ഗതികേടിലാണ് ഈ പെണ്‍കുട്ടി.
ഇടുക്കി വണ്ടിപ്പെരിയാറിലെ വഞ്ചിവയലില്‍ കൂലിപ്പണക്കാരായ ദമ്പതികളുടെ മകളായിട്ടാണ് ആതിര ജനിച്ചത്. വീട്ടിലെ ഇല്ലായ്മകള്‍ക്കിടയിലും ഊരാളി എന്ന ഷെഡ്യൂള്‍ ട്രൈബ് വിഭാഗത്തില്‍പ്പെട്ട ആതിര നന്നായി പഠിച്ചു. 2014 ല്‍ പ്ലസ് ടുവിന് 89 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചു. സിഇടി കോളേജില്‍ എഞ്ചിനീയറിംഗ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്ട്രന്സില് വലിയ റാങ്കുവാങ്ങാനായില്ലെങ്കിലും സംവരണമുള്ളത് കൊണ്ട് സിഇടി എഞ്ചിനീയറിംഗ് കോളേജില്‍ തന്നെ ബിടെക് ഇലക്ട്രോണിക്സിന് പ്രവേശനം നേടി.
ഒരുപാട് പ്രതീക്ഷകളുമായി ക്ലാസ്സിലെത്തി മുൻ ബെഞ്ചിലിരുന്ന ആതിരക്ക് സ്റ്റാഫ് അഡ്വൈസറുടെ ആദ്യ ഉപദേശം റിസര്‍വേഷനിൽ വരുന്ന വിദ്യാര്‍ത്ഥികൾ പരാജയപ്പെടാന്‍ സാധ്യത കൂടുതലാണെന്നും, പിറകിലേക്ക് മാറിയിരിക്കണമെന്നുമായിരുന്നു. മുന്‍സീറ്റില്‍ ഇരുന്ന ആതിരയെയും മറ്റൊരു കുട്ടിയേയും (അവളും റിസര്‍വേഷന്‍ കാറ്റഗറിയില്‍ പെട്ട കുട്ടിയായിരുന്നു) അവിടെ നിന്നും മാറ്റിയിരുത്തിയതിലൂടെ വിവേചനം വ്യക്തമായിരുന്നു. ഒരു വിദ്യാര്‍ത്ഥിയെ മാനസികമായി തകര്‍ക്കാന്‍ ഇതിലും മികച്ച ഉപായം വേറെയില്ലല്ലോ. തങ്ങളുടെ സ്ഥാനം എവിടെയാണെന്നു ബോധ്യപ്പെടുത്തുന്നതുപോലെ.
സിഇടിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെയുള്ള ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ തന്റെ അനുഭവങ്ങൾ കൊണ്ട് What is your opinion about reservation for students in CET? എന്നൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. പക്ഷേ അതുവളരെ വലിയൊരു അപരാധമായി പോയി എന്നതുപോലെയായിരുന്നു പിന്നീടു നടന്ന സംഭവങ്ങള്‍
ഈ ചോദ്യം ഉന്നയിച്ചതോടെ ആതിര ഒറ്റപ്പടാന് തുടങ്ങി. ആ ചോദ്യം ചോദിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു? എന്ന രീതിയിലായിരുന്നു പിന്നീടെല്ലാവരും പെരുമാറിയത്. അദ്ധ്യാപകരും സഹപാഠികളും മിണ്ടാതായി. ആതിരയുടെ അപകര്‍ഷതാബോധമാണ് ഇതിനെല്ലാം കാരണം എന്ന് ഏറ്റവും അടുത്ത കൂട്ടുകാര്‍ വരെ പറഞ്ഞു. 400 ആളുകള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ആതിര ഒറ്റപ്പെട്ടു. കോളേജ് അധികൃതര്‍ മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് ആതിരക്കെതിരെ പ്രതികാര നടപടി തുടര്‍ന്നത്.
ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയും ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറച്ചും, ജാതി പറഞ്ഞ് അധിക്ഷേപിച്ചും, പരീക്ഷകളില്‍ തോല്‍പ്പിച്ചും, മാനസിക രോഗിയെന്ന് ചിത്രീകരിച്ചും, തനിക്കെതിരെ മാസങ്ങളായി പീഢനം തുടരുകയായിരുന്നുവെന്ന് ആതിര പറയുന്നു. മൂന്നാം വര്‍ഷത്തില്‍ എത്തേണ്ടിയിരുന്ന ആതിരയെ കോളേജിലെ അദ്ധ്യാപകരുടെ ഇടപെടല്‍ മൂലം ഇയര്‍ ഔട്ടാക്കുകയും, ഒരു വര്‍ഷം നഷ്ടമാക്കുകയും ചെയ്തു. തോറ്റ വിഷയങ്ങളില്‍ പലതും റീവാല്യുവേഷന് കൊടുത്തപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു.
കോട്ടയം നാട്ടകം കോളേജില്‍ അഡ്മിഷന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തവേ നാലാം സെമസ്റ്ററിലെ ഒരു അദ്ധ്യാപിക വിളിച്ചു. മാതാപിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തി ആതിരയെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആതിര സിഇടിയില്‍ തിരിച്ചെത്തി. കേരള സര്‍വകലാശാലയ്ക്ക് കീഴിലായിരുന്ന കോളേജ് കേരള സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴിലേയ്ക്ക് മാറിയിരുന്നു. സിഇടിയില്‍ പഠനം തുടരണണെമെങ്കില് ഒന്നാം സെമസ്റ്റര്‍ മുതല്‍ വീണ്ടും ഇരിക്കണമെന്നായിരുന്നു നിബന്ധന. രണ്ടു വര്‍ഷം നഷ്ടപ്പെടുത്താന്‍ ആതിര തയ്യാറായിരുന്നില്ല. പഠനം തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഓഫീസുകള്‍ കയറിയിറങ്ങി. വൈസ്ചാന്‍സലറെ മുതല്‍ വിദ്യാഭ്യാസമന്ത്രിയെ വരെ മാറിമാറി കണ്ടു. തിരിച്ചെടുക്കാനുള്ള അധികാരം സര്‍വ്വകലാശാലാ വിസിക്കായതിനാല് അദ്ദേഹം തന്നെ വിചാരിക്കണം.
സർഗ്ഗവാസന വിരിയേണ്ടുന്ന കലാലയത്തില്‍ ജാതിവെറിയുടെ മറ്റൊരു മുഖം കൂടിയുണ്ടെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആതിര ഒറ്റപ്പെട്ടൊരു സംഭവമല്ല, രോഹിത് വെമുല അവസാനിപ്പിച്ചിട്ടു പോയ വഴികളിൽ ഇനി ആരും നടക്കാതിരിക്കട്ടെ. ആതിരക്കു പിന്തുണയുമായി സോഷ്യൽ മീഡിയയിലടക്കം നിരവധിപേരാണ് എത്തിയിരിക്കുന്നത്.
പോസ്റ്റർ കടപ്പാട്: കീഴാളം