കവി ഒ.എന്‍.വി. കുറുപ്പിന്റെ കുടുംബവീട് സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നു. ഒ.എന്‍.വിയുടെ ചവറയിലെ ‘നമ്പ്യാടിക്കല്‍’ വീടാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുക്കുന്നത്. ഒ.എന്‍.വി. ജനിച്ച് വളര്‍ന്നതും കൗമാരം ചെലവഴിച്ചതുമായ വീട് അക്കാദമി ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും എന്നാല്‍ സാംസ്കാരിക വകുപ്പിന്റെ അനുമതി അടക്കമുള്ള നടപടികള്‍ ബാക്കിയുണ്ടെന്നും സാഹിത്യ അക്കാദമി അധികൃതര്‍ അറിയിച്ചു. ഒ.എന്‍.വി.യുടെ ഒന്നാം ചരമവാര്‍ഷികമായ ഫെബ്രുവരി 13ന് അക്കാദമി ഭാരവാഹികളും കവിയുടെ ആരാധകരും കുടുംബാംഗങ്ങളും ഈ വീട്ടില്‍ ഒത്തുചേരുന്നുണ്ട്. തിരക്കഥാകൃത്തും കവിയുടെ അനന്തരവളുടെ ഭര്‍ത്താവുമായ അനില്‍കുമാര്‍ മുഖത്തലയുടെ നേതൃത്വത്തിലാണ് ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.
വീടിനോട് ചേര്‍ന്ന് ശില്പി പാവുമ്പ മനോജ് നിര്‍മിക്കുന്ന ‘അമ്മ’ കാവ്യ ശില്പവും അനാവരണം ചെയ്യും.ഒന്‍പതടി ഉയരത്തിലുള്ള സിമന്റ് ശില്പം ഒ.എന്‍.വി.യുടെതായി ഉയരുന്ന ആദ്യ സ്മാരകംകൂടിയാണ്.
ചവറ ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലുള്‍പ്പെട്ട 250ാം നമ്പര്‍ വീടിന് എണ്‍പത്തിയഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. 42 സെന്റ് ഭൂമിയുള്പ്പെടുന്നതാണ് പുരയിടം. എട്ടു മുറികളുള്ള ഒറ്റ നില തറവാട് വീടും തൊട്ടടുത്ത് രണ്ട് മുറികള്‍ മാത്രമുള്ള കൊച്ചു വീടുമുണ്ട്. നാട്ടുവൈദ്യനായ കവിയുടെ അച്ഛന് ഒ.എന്‍. കൃഷ്ണക്കുറുപ്പ് വൈദ്യശാലയായി ഉപയോഗിച്ചതായിരുന്നു ഈ കൊച്ചു വീട്. ഈ വീടും ഏഴു സെന്റ് ഭൂമിയുമാണ് കവിയുടെ പേരിലുള്ളത്. തറവാട്ടു വീട്ടില്‍ കവിയുടെ സഹോദരി ശാന്താ ദേവിയുടെ മകന് ജ്യോതികുമാറും കുടുംബവുമാണ് താമസം.
ജി. ദേവരാജനായിരുന്നു പതിവ് സന്ദര്‍ശകരിലൊരാള്‍. കൊല്ലം എസ്.എന്‍. കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത് വരെയാണ് ഒ.എന്‍.വി. ഇവിടെ താമസിച്ചിരുന്നത്. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു ഒഎന്‍വി ഇവിടെ അവസാനമായി വന്നത്. അനന്തരവള്‍ ഗീതയുടെ ഭര്‍ത്താവ് സുരേന്ദ്രനാഥന്‍ പിള്ള മരിച്ചപ്പോള്‍. വീട്ടില്‍ കവി ഉപയോഗിച്ച മേശയും കസേരയും ചുവരില്‍ കുറേ അപൂര്‍വ ചിത്രങ്ങളുമുണ്ട്.