പാചകവാതകത്തിന് പിന്നാലെ റേഷന്‍ കടകളിലും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ഇനിമുതല്‍ റേഷന്‍ സബ്സിഡി ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം.
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റേതാണ് ഇതുസംബന്ധിച്ച വിജ്ഞാപനം. ബുധനാഴ്ച്ച മുതല്‍ വിജ്ഞാപനം നിലവില്‍ വന്നു. റേഷന്‍ സബ്സിഡിയിലെ അഴിമതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ജൂണ്‍ 30 വരെ ഇളവ് ലഭിക്കും. ജൂണ്‍ 30ന് ശേഷവും ആധാര്‍ എടുക്കാത്തവര്‍ക്ക് റേഷന്‍ വഴി നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്സിഡി നല്‍കില്ല. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്.
ജൂണ്‍ മുതല്‍ റേഷന്‍ കടകളില്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പ് നല്‍കിയതായും കേന്ദ്രം അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള 5.27 റേഷന്‍ കടകളില്‍ 29,000ത്തോളം കടകളില്‍ മാത്രമാണ് നിലവില്‍ ഡിജിറ്റല്‍ പണമിടപാട് സൗകര്യമുള്ളത്. രാജ്യത്തെ റേഷന്‍ കാര്‍ഡ് ഉടമകളുടെ എണ്ണം 23 കോടി. ഇതില്‍ 72 ശതമാനം പേരും (16.62 കോടി) റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
