Home » നമ്മുടെ കോഴിക്കോട് » കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖലാ കേന്ദ്രം തുടങ്ങും: കമല്‍

കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട് മേഖലാ കേന്ദ്രം തുടങ്ങും: കമല്‍

നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരായ ചലച്ചിത്ര പ്രേമികള്‍ക്ക് നല്ല സിനിമകള്‍ കാണിക്കുന്നതിനായി കേരള ചലച്ചിത്ര അക്കാദമി കോഴിക്കോട്ട് ഒരു മേഖലാ കേന്ദ്രം തുടങ്ങുമെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. കോഴിക്കോട് രാജ്യാന്തര ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമിക്കു നിലവിലുള്ള സംവിധാനമായ ടൂറിങ് ടാക്കീസിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് മേഖലാ കേന്ദ്രം തുടങ്ങുക.

മേഖലാ കേന്ദ്രം തുടങ്ങിയാല്‍ ജില്ലയുടെ ഉള്‍നാടുകളിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍, കുടുംബശ്രീകള്‍ എന്നിവ മുഖേന മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കും.വിദേശ സിനിമകളും ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകളിലെ മികച്ച സിനിമകളും മലയാളം സബ് ടൈറ്റിലിട്ടാണ് പ്രദര്‍ശിപ്പിക്കുക. സ്‌കൂള്‍, കോളജ് തലങ്ങളിലും ഇത്തരം ചലച്ചിത്രോല്‍സവങ്ങള്‍ സംഘടിപ്പിക്കാന്‍ അക്കാദമി ഉദ്ദേശിക്കുന്നുണ്ടെന്നും കമല്‍ പറഞ്ഞു. ഓരോ നാടിന്റെയും സംസ്‌കാരവും ആ നാട്ടിലെ മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളും അവന്റെ അതിജീവനങ്ങളും പ്രതിസന്ധിയും വ്യക്തമാക്കുന്നതാണ് ഓരോ ചലച്ചിത്രോല്‍സവത്തിലെയും സിനിമകള്‍.

ഓരോ നാട്ടിലെയും ജനതയെ അറിയാനുള്ള അവസരമാണ് ആ നാട്ടിലെ മികച്ച സിനിമകള്‍ നല്‍കുന്നത്. ചലച്ചിത്രോല്‍സവങ്ങള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായതിനാല്‍ ഇപ്പോള്‍ ഈ അവസരം നഗരവാസികള്‍ക്കു മാത്രമെ ലഭിക്കുന്നുള്ളൂ. അതിനൊരു മാറ്റം ഉണ്ടാക്കുന്നതിനായാണ് ചലച്ചിത്ര അക്കാദമി നാട്ടിന്‍പുറങ്ങളിലും ചലച്ചിത്രോല്‍സവങ്ങള്‍ ഒരുക്കുന്നത്. നേരത്തെ ഈ ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നത് ഫിലിം സൊസൈറ്റികളായിരുന്നു. മലയാളിയുടെ ആസ്വാദകനിലവാരം ഉയര്‍ത്തിയതില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ആ ഉത്തരവാദിത്തമാണ് ഗ്രാമങ്ങളില്‍ ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചുകൊണ്ട് അക്കാദമി ഏറ്റെടുക്കുന്നതെന്നും കമല്‍ പറഞ്ഞു.

കോഴിക്കോട്ടെ അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകരായ ടി. ദാമോദരന്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവരെ അനുസ്മരിച്ചാണ് കമല്‍ ചലച്ചിത്രോല്‍സവം ഉദ്ഘാടനം ചെയ്തത്. കമലിന്റെ കൃഷ്ണഗുഡിയിലെ പ്രണയകാലത്ത് എന്ന സിനിമയ്ക്കു വേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ച പിന്നെയും പിന്നെയും….. എന്നു തുടങ്ങുന്ന ഗാനം ബാങ്ക്‌മെന്‍സ് ക്ലബ്ബിലെ ഗായകന്‍ നിധീഷ് ആലപിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആധ്യക്ഷ്യം വഹിച്ചു. കോര്‍പറേഷന്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2013 ല്‍ ആരംഭിച്ച രാജ്യാന്തര ചലച്ചിത്രോല്‍സവം ഇനി മുതല്‍ എല്ലാവര്‍ഷവും നടത്തണമെന്നാണ് ആഗ്രഹമെന്ന് മേയര്‍ പറഞ്ഞു.

ഫെസ്റ്റിവല്‍ ബുക്കും നിത്യേനയിറങ്ങുന്ന ബുള്ളറ്റിനും വി.കെ.സി. മമ്മദുകോയ എംഎല്‍എ പ്രകാശനം ചെയ്തു. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, വി.കെ. ജോസഫ് എന്നിവര്‍ യഥാക്രമം ഇവ ഏറ്റുവാങ്ങി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചെലവൂര്‍ വേണു, കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. തോമസ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം.സി. അനില്‍കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply