Home » നമ്മുടെ കോഴിക്കോട് » ഹജ്ജ് ടെന്‍ഡര്‍: കരിപ്പൂരിനെ തഴഞ്ഞ് കേന്ദ്രവ്യോമയാന മന്ത്രാലയം

ഹജ്ജ് ടെന്‍ഡര്‍: കരിപ്പൂരിനെ തഴഞ്ഞ് കേന്ദ്രവ്യോമയാന മന്ത്രാലയം

ഹജ്ജ് ടെന്‍ഡര്‍ ക്ഷണിച്ചതില്‍ കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ഇരട്ടത്താപ്പ്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തുന്നതിന് വിമാനക്കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ വിളിച്ചതില്‍ കരിപ്പൂരിനേക്കാള്‍ സൗകര്യവും റണ്‍വേ നീളവും കുറഞ്ഞ എട്ട് വിമാനത്തവളങ്ങളെ പരിഗണിച്ചപ്പോള്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് കരിപ്പൂരിനെ തഴഞ്ഞു വീണ്ടും നെടുമ്പാശേരിയെയാണ് പരിഗണിച്ചത്.

രാജ്യത്തെ മുഴുവന്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും ചെറിയവിമാനങ്ങളായ എ310,320 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കേരളത്തില്‍ മാത്രം വലിയവിമാനമായ ബോയിംഗ് 747നു മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.
കരിപ്പൂരിനേക്കാള്‍ റണ്‍വേ നീളക്കുറവും സൗകര്യവുമില്ലാത്ത എട്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ 21 വിമാനത്താവളങ്ങള്‍ക്കാണ് ഹജ്ജിന് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ടേബിള്‍ ടോപ്പ് റണ്‍വേയായ മംഗലാപുരം, ലക്‌നൗ, ഭോപ്പാല്‍, ഇന്‍ഡോര്‍, വാരണസി, റാഞ്ചി, ഔറംഗബാദ്, ഗയ എന്നീ വിമാനത്താവളങ്ങളിലാണ് ഹജ്ജ് സര്‍വീസിന് ടെന്‍ഡറുളളത്. 240 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന എ310,320 വിമാനങ്ങള്‍ക്ക് നിലവില്‍ കരിപ്പൂരില്‍ ലാന്റിംഗ് അനുമതി ലഭിക്കും. മാര്‍ച്ച് ആദ്യത്തോടെ വിമാനത്താവള റണ്‍വേ നവീകരണം പൂര്‍ത്തിയാക്കി തുറക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്കുള്‍പ്പെടെയുളളവ ലാന്‍ഡിംഗ് സാധ്യതയുമുണ്ട്. ഇതു പരിഗണിക്കാതെയാണ് വ്യോമയാന മന്ത്രാലയം കൊച്ചിയെ എംബാര്‍ക്കേഷന്‍ പോയന്റായി ഉള്‍പ്പെടുത്തി വിമാന ടെന്‍ഡര്‍ ക്ഷണിച്ചത്.

11,580 തീര്‍ഥാടകര്‍ക്കാണ് നെടുമ്പാശേരിയില്‍ നിന്ന് ഹജ്ജിന് വിമാന സീറ്റ് നല്‍കിയിരിക്കുന്നത്. ആയതിനാല്‍ വലിയ വിമാനങ്ങള്‍ വേണമെന്നാണ് ഇവരുടെ വാദം. എന്നാല്‍ 16,400 തീര്‍ഥാടകരുള്ള ഡല്‍ഹി വിമാനത്താവളത്തില്‍ ചെറിയ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവിമാനങ്ങള്‍ക്കും അനുമതി നകിയിട്ടുണ്ട്. 12,960 തീര്‍ഥാടകര്‍ പോകുന്ന ലക്‌നൗ വിമാനത്താവളത്തിലും എല്ലാ വിമാനങ്ങള്‍ക്കും അനുമതിയുണ്ട്. കേരളത്തില്‍ മാത്രമാണ് 400 ലധികം പേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങള്‍ മാത്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണ് ഇതിനു പിന്നിലുളളതെന്ന് സംശയിക്കുന്നു.

രണ്ടു വര്‍ഷം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണത്തിനായി അടച്ചതിനെ തുടര്‍ന്നാണ് ഹജ്ജ് സര്‍വീസുകള്‍ കൊച്ചിയിലേക്ക് മാറ്റിയത്. ഒരു താല്‍കാലിക സംവിധാനം എന്ന നിലയിലായിരുന്നു ഈ മാറ്റം. സംസ്ഥാനത്തു നിന്നു ഹജ്ജ് കര്‍മത്തിനു പോകുന്നവരില്‍ 80 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. മലബാറിലെ നിരവധി സംഘടനകളുടെ ശ്രമഫലമായി ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ കോഴിക്കോട്ടേയ്ക്ക് മാറ്റുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിന്നു കൊച്ചിയിലേക്ക് മാറ്റിയാണ് വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്

Leave a Reply