കോഴിക്കോട്ടും കോട്ടയത്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കുകയാണ് അടുത്തലക്ഷ്യമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു. ഇതിനായി ബി.സി.സി.ഐ വകയിരുത്തിയ ഫണ്ട് ലോധ കമീഷന് തടഞ്ഞുവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍മാണപ്രവൃത്തി വൈകിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പുതിയറ കേന്ദ്രമാക്കി ആരംഭിച്ച ലാമിര്‍ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.സി മാത്യു.
പതിനാല് ജില്ലകളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുകയെന്നതാണ് അസോസിയേഷന്‍െറ ലക്ഷ്യം. കോഴിക്കോട്ട് ക്രിക്കറ്റിന്‍െറ ഭാവി ശോഭനമാണ്. ഇല്ലായ്മകളിലും മികച്ച താരങ്ങളാണ് ഇവിടെനിന്ന് ഉയര്‍ന്നുവരുന്നത്. ലീസിന് വാങ്ങാതെ സ്വന്തമായി സ്ഥലം വാങ്ങി ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.
ഇതുവരെയായി കേരളത്തിലൊട്ടാകെ 17 ഫസ്റ്റ്ക്ളാസ് സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു. കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ അവിടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് കായിക മേഖലയില്‍ കൂടുതല്‍ പരിഗണന നല്‍കണമെന്നും ടി.സി മാത്യു പറഞ്ഞു. ചടങ്ങില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി സനില്‍ ചന്ദ്രന്, പി.എം. മുസമില്‍, കമാല്‍ വരദൂര്‍, ജയശ്രീ കീര്‍ത്തി, ജഗദീശ് ബാബു, റഹ്മാന് ലാമിര്‍, ഷറഫുദ്ദീന്, വി.കെ ജാഷിദ് എന്നിവര്‍ സംസാരിച്ചു.
