Home » ന്യൂസ് & വ്യൂസ് » ശശികല പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങി

ശശികല പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങി

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശശികല പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങി. 5.15ഓടെയാണ് ശശികല ഇവിടെ എത്തിയത്. ജയിലില്‍ സജ്ജമാക്കിയ താല്‍ക്കാലിക കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശശികലയെ ജയില്‍ മുറിയിലേക്ക് മാറ്റും.

ശശികല എത്തുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് പരപ്പന ജയിലില്‍ ഒരുക്കിയിരുന്നത്. ജയിലിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജയിലിന് അര കിലോമീറ്റര്‍ മുമ്പുതന്നെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് തടഞ്ഞു.

ശശികലയും ഇളവരശിയും ഒന്നിച്ചാണ് പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങാനെത്തിയത്. ശശികലയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാലു വാഹനങ്ങള്‍ക്ക് മാത്രമാണ് അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. മൂന്നാം പ്രതിയായ ജയലളിതയുടെ ‘ദത്തുപുത്രന്‍’ എന്നറിയപ്പെടുന്ന സുധാകരന്‍ കീഴടങ്ങിയിട്ടില്ല. നാളെ കീഴടങ്ങുമെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

ശശികലയുടെ ഭര്‍ത്താവ് നടരാജനും ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയും പരപ്പന അഗ്രഹാര ജയിലില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ എഐഎഡിഎംകെ കൂടുതല്‍ നേതാക്കള്‍ ഇവിടെ എത്തിയതായി വിവരമില്ല.

ബംഗളൂരു കോടതിയില്‍ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ജയില്‍ അധികൃതരെ അറിയിച്ചിരുന്നു. ആവശ്യങ്ങള്‍ നിരത്തി ജയില്‍ അധികൃതര്‍ക്ക് ശശികല കത്തയക്കുകയായിരുന്നു. വീട്ടിലെ ഭക്ഷണം, മിനറല്‍ വാട്ടര്‍, പ്രത്യേക ശൗചാലയം തുടങ്ങിയവയാണ് ചിന്നമ്മയുടെ ആവശ്യങ്ങള്‍.

വളരെ കുറച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമേ ജയില്‍ പരിസരത്ത് എത്തിയിട്ടുള്ളൂ. നേരത്തേ ജയലളിത വിചാരണയ്ക്കായി ഇവിടെ എത്തിയപ്പോള്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയില്‍ പരിസരത്ത് തടിച്ചുകൂടിയിരുന്നത്.

Leave a Reply