തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ ‘ഓപ്പറേഷന് സ്വസ്തി’ പദ്ധതിയുമായി പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ്, സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സിറ്റി പൊലീസ് പരിധിയിലെ റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിയുന്നവരെ അവരുടെ മേല്‍വിലാസം കണ്ടെത്തി ബന്ധുക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കുക, അല്ലാത്തവരെ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി നഗരത്തെ യാചമുക്ത നഗരമാക്കി മാറ്റുകയാണ് സ്വസ്തിയുടെ ലക്ഷ്യം.
അസിസ്റ്റന്റ് കമീഷണര്‍ ഓഫ് പൊലീസ് (അഡ്മിനിസ്ട്രേഷന്) കെ കെ മൊയ്തീന്കുട്ടിയ്ക്കാണ് ഓപ്പറേഷന് സ്വസ്തിയുടെ ചുമതല. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സിറ്റി പൊലീസ് മേധാവി ജെ ജയനാഥ് പറഞ്ഞു. നഗരത്തിലെ വര്‍ധിച്ചുവരുന്ന യാചകരെയും മറ്റും പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കൃറ്റകൃത്യം കുറയ്ക്കാനും ലക്ഷ്യമിടുന്നു. മാനസികാസ്വാസ്ഥ്യം ഉള്ളവരെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കി വിദഗ്ധ ചികിത്സയ്ക്കായി അവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയാണ് ആദ്യഘട്ടം.
ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാത്തവരെ ഗവ. റസ്ക്യൂ ഹോമിലോ ഓള്‍ഡേജ് ഹോമിലോ മറ്റ് സന്നദ്ധ സംഘനകള്‍ നടത്തുന്ന സ്ഥാപനങ്ങളിലോ എത്തിക്കാനാണ് ഉദ്ദേശ്യം. പദ്ധതി നടപ്പാക്കുന്നതിലൂടെ ഒരു പരിധിവരെ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും തടയാനും സാധിക്കും. ഇതിന്റെ ഭാഗമായി സിറ്റി പൊലീസ് പരിധിയിലേക്ക് മറ്റ് സ്ഥലങ്ങളില്‍നിന്നു വന്ന് താമസിക്കുന്നവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. വീട് വീടാന്തരം സന്ദര്‍ശിച്ച് ഡയറക്ട് സെല്ലിങ് മേഖലയില്‍ ഉള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ഒരോ പൊലീസ് സ്റ്റേഷന് പരിധിയിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ പദ്ധതിയുടെ നടത്തിപ്പിനായി ചുമതലപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് പദ്ധതിയെപ്പറ്റി ഫേസ്ബുക് പേജ് വഴി അഭിപ്രായം രേഖപ്പെടുത്താം.