Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇനി ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ മാത്രം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇനി ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ മാത്രം

മായം ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കാനെന്നപേരില്‍ റെയില്‍വേ നടപ്പിലാക്കുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായി ബ്രാന്‍ഡഡ് കമ്പനികളുടെ ഉത്പന്നങ്ങള്‍ മാത്രമേ വില്‍പ്പനക്ക് വയ്ക്കാന്‍ സാധിക്കൂ എന്ന പുതിയ നടപടി ചെറുകിട കച്ചവടക്കാരെ ദുരിതത്തിലാക്കുന്നു.

കോഴിക്കോടുകാരുടെ പ്രിയവിഭവങ്ങളായ വറുത്തകായ, ഹല്‍വ എന്നിവയെല്ലാം സ്റ്റേഷനുകളില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു.പാലക്കാട് ഡിവിഷനില്‍ നിയമം പൂര്‍ണമായും പ്രാബല്യത്തിലായി. കോഴിക്കോട് സ്റ്റേഷനില്‍ ഏറ്റവുമധികം വില്‍പ്പന നടക്കുന്ന ഭക്ഷസാധനങ്ങളാണ് ഹല്‍വയും വറുത്തകായയും. ഇവയുടെ വില്‍പ്പന നിര്‍ത്തിവച്ചതോടെ നിത്യവും സ്റ്റാളിന്റെ വാടക കൊടുക്കാന്‍തന്നെ കഴിയാതെ വലയുകയാണ് കച്ചവടക്കാര്‍.

5000 രൂപയാണ് വാടക. വെള്ളവും ശീതളപാനിയങ്ങളും വില്‍ക്കുന്നത് കൊണ്ട് മാത്രം ജീവിച്ചുപോകാന്‍ സാധിക്കില്ലെന്നാണിവര്‍ പറയുന്നത്. ബ്രാന്‍ഡഡ് ഭക്ഷണപാക്കറ്റുകള്‍ എത്തുന്നുണ്ടെങ്കിലും പതിനാലര ശതമാനം നികുതി നല്‍കേണ്ടി വരുന്നതിനാല്‍ കച്ചവടമില്ല. ചെറുകിട കച്ചവടക്കാര്‍ എത്തിച്ചുകൊണ്ടിരുന്ന ഭക്ഷണസാധനങ്ങളുടെ ടാക്‌സ് അഞ്ച് ശതമാനം മാത്രമായിരുന്നു. കോഴിക്കോട് എത്തുന്നവര്‍ വാങ്ങാനാഗ്രഹിക്കുന്ന ഹല്‍വയും മറ്റും സ്റ്റേഷനുകളില്‍ ലഭിക്കാത്തത് യാത്രക്കാരെയും നിരാശപ്പെടുത്തുന്നുണ്ട്.

ചെറുകിട കച്ചവടക്കാര്‍ക്ക് ചെന്നൈയിലെ ദക്ഷിണറെയില്‍വേ ആസ്ഥാനത്ത് നിന്ന് റെയില്‍വേയുടെ പരിശോധന ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഇവര്‍ക്ക് ഇനി ഇവിടെ സാധനങ്ങള്‍ വില്‍ക്കാനാവു. 3 ലക്ഷത്തിന്റെ ഗ്യാരണ്ടി ഡെപ്പോസിറ്റ്, കമ്പനി രജിസ്‌ട്രേഷന്‍,ഗുണനിലവാരം തുടങ്ങിയവ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഉറപ്പുവരുത്തുന്ന ഒരു മാസത്തോളം നീണ്ട പരിശോധനയ്ക്ക് ശേഷം മാത്രമേ ചെന്നൈയില്‍ നിന്നും അംഗീകാരം ലഭിക്കു.

കൂടാതെ നിശ്ചിത കാലയളവില്‍ ഗുണനിലവാര പരിശോധനയും ഉണ്ടാകും.അല്‍പ്പകാലത്തേക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെങ്കിലും റെയില്‍വേയുടെ തീരുമാനം നൂറു ശതമാനം ശരിയാണെന്നു പറയുന്നുണ്ട് ചില വ്യപാരികള്‍. വ്യപാര സ്ഥാപനം നിയമപരമായി ഉറപ്പുവരുത്തേണ്ട കാര്യങ്ങള്‍ മാത്രമേ റെയില്‍വേ ആവിശ്യപ്പെടുന്നുള്ളുവെന്നും അത് കേരളത്തിലെ ചെറുകിട വ്യപാരികള്‍ പാലിക്കാത്തത് കൊണ്ടാണ് തിരിച്ചടിയായി തോന്നുന്നതെന്നും അവര്‍ പറയുന്നു. നിലവില്‍ ഷൊര്‍ണ്ണൂരിലെ ഒരു കമ്പനിക്ക് ചെന്നൈയില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്.

Leave a Reply