Home » ഇൻ ഫോക്കസ് » തട്ടമിടാതെ പൊട്ടുതൊട്ട് തിയ്യചെക്കന്മാരുടെ കൂടെ ഫോട്ടോ; സൈബര്‍ ആക്രമണത്തിന് ഇരയായ കോഴിക്കോട്ടുകാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

തട്ടമിടാതെ പൊട്ടുതൊട്ട് തിയ്യചെക്കന്മാരുടെ കൂടെ ഫോട്ടോ; സൈബര്‍ ആക്രമണത്തിന് ഇരയായ കോഴിക്കോട്ടുകാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

കോഴിക്കോട്: തട്ടമിടാതെ പൊട്ടുതൊട്ട് തിയ്യചെക്കന്മാരുടെ കൂടെ ഫോട്ടോയെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കോഴിക്കോട് നാദാപുരം സ്വദേശിക്കെതിരെ സൈബര്‍ ആക്രമണം . എന്നാല്‍ സംഭവത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി നാദാപുരം സ്വദേശി അസ്‌നിയ അഷ്മിന്‍ രാഗത്തെത്തിയിരിക്കുകയാണ്. മത വെറിയുടെ ഇരയാണ് താനെന്നും മതവിശ്വാസം ഇല്ലാത്തവര്‍ക്കും മതത്തെ തലയിലേറ്റി കൊണ്ട് നടക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണ്ടേയെന്നും യുവതി ഫേസ്‌ബുക്കില്‍ ചോദിക്കുന്നു.ബംഗളൂരുവില്‍ മൂന്നാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് അസ്‌നിയ. ചിത്രത്തിന്റ പേരില്‍ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വന്‍ പ്രചരണമാണ് നടക്കുന്നതെന്നും നാദാപുരം നിയോജകമണ്ഡലത്തിലെ എംഎസ്എഫ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നും അസ്‌നിയ പറയുന്നു. സംഭവത്തിനെതിരെ അന്സിയ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതി നല്‍കിയതിന് ശേഷവും അസ്‌നിയക്കെതിരെയുള്ള ആക്രമണം തുടരുകയാണ്. തട്ടമിടാതെ തീയ്യന്‍മാരുടെ കൂടെ പൊട്ട് തൊട്ട് നില്‍ക്കുന്നു’ എന്ന അധിക്ഷേപത്തോടു കൂടിയ ഓഡിയോക്ലിപ്പുകളാണ് നാദാപുരത്തെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നോമ്പ് കാലത്ത് വീട്ടിലെത്തിയ സുഹൃത്തുക്കളെ പിടിച്ചുകൊണ്ടുപോയി പള്ളിയില്‍ കെട്ടിയിട്ടു. തനിക്കും ഒപ്പമുള്ളവര്‍ക്കും ജീവിക്കണം ഓരോ മണിക്കൂറിലും ഭയപ്പെടുകയാണെന്നും അസ്നിയ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ്‌ കാണാം
നാദാപുരം നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റിനും ഒപ്പം പ്രവർത്തിച്ച അണികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു….. വ്യക്തിഹത്യയും സദാചാരവും നിങ്ങളുടെ മുഖ മുദ്രയാണെന്നത് ഒന്ന് കൂടി വ്യക്തമാക്കിയത് ഏതായാലും നന്നായി…. പ്രസ്ഥാനത്തിന്റെ കൊടി പിടിച്ചുള്ള സദാചാരം അതാണല്ലോ ഇപ്പൊ ട്രെൻഡ്…. എനിക്ക് ഏതായാലും ജീവിച്ചേ മതിയാകൂ…നിങ്ങൾ പടച്ചു വിടുന്ന കള്ള ക്കഥകൾ കേട്ട് ആദ്യം ചിരിക്കുക ഞാൻ തന്നെയാണ്..കാരണം നിങ്ങൾ അന്നും ഇന്നും ആയുധമാക്കി ഉയർത്തിപ്പിടിച്ചു ഒരു പെണ്ണിനെതിരെ പ്രയോഗിക്കുന്നത് അവളുടെ ചാരിത്ര്യത്തിനെ ചോദ്യം ചെയ്തും വേശ്യയെന്നു മുദ്ര കുത്തിയും വീട്ടുകാരെ തെറി വിളിച്ചും ആണ്…! മത വെറിയുടെ ഇരയാണ് ഞാൻ… അന്ന് ബാഖവിമാർ…ഇന്ന് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം മത സ്വത്വം പേറുന്ന വേട്ട നായ്ക്കൾ… അതെ ഉള്ളൂ വ്യത്യാസം…! എനിക്ക് ജീവിക്കണം.. എന്റെ പ്രിയപ്പെട്ടവർ…എന്റെ ഉമ്മയും ഉപ്പയും ബാക്കിയുള്ളവരും ആ മണ്ണില് തന്നെയുണ്ട്..പേടിയാണ്..ഏതു നിമിഷവും ഈ മത ഭ്രാന്ത് അസ്ഥിക്ക് പിടിച്ചവർ അന്നൊരിക്കൽ നോമ്പിന് വീട്ടില് വന്ന സുഹൃത്തുക്കളെ വാപ്പ നോക്കി നിൽക്കെ പിടിച്ചോണ്ടു പോയി പള്ളിയിൽ കെട്ടിയിട്ടത് പോലെ എന്തെങ്കിലും ചെയ്യുമെന്ന് ഞാൻ ഭയക്കുന്നു….ശാരീരികമായും സാമ്പത്തികമായും അവരോടു ഏറ്റു മുട്ടാൻ എന്റെ വീട്ടിലുള്ളവർക്ക് കഴിയില്ല… മതഭ്രാന്ത് പിടിച്ച മനുഷ്യരെയും മനുഷ്യക്കൂട്ടങ്ങളെയും ഭയക്കണം…അവരുടെ ആ അവസ്ഥയ്ക്ക് പിന്നില് അനവധി കാരണങ്ങൾ ഉണ്ടായെന്നിരിക്കാം… എന്നിരുന്നാലും എന്റെ സ്വന്തക്കാരെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല.. എനിക്ക് ജീവിക്കണം… എന്റെ ഓപ്പമുള്ളവർക്ക് ജീവിക്കണം…!! ഓരോ മണിക്കൂറിലും ഞാൻ ഭയപ്പെടുന്നു..മാനസികമായി തളർന്നു കൊണ്ടിരിക്കുന്നു… എന്നെ പോലെ ഇനിയാരും ആ മണ്ണില് ഉണ്ടാവാൻ പാടില്ല എന്നതാണ് അവരുടെ ആത്യന്തികമായ ലക്‌ഷ്യം….!

Leave a Reply