പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വൈസ് പിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. വ്യാഴാഴ്ച്ച നടന്ന ഫോറന്‍സിക് പരിശോധനയിലാണ് രക്തകറ കണ്ടെത്തിയത്. ജിഷ്ണുവിന്റെ ഈ മുറിയില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നതായി നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജിഷ്ണുവിന്റെ തല്ലിയതിന്റെ തെളിവാണോ എന്ന് പരിശോധിക്കാന്‍ രക്തക്കറ പരിശോധനയ്ക്ക് അയച്ചു.
വെള്ളിയാഴ്ച്ച കോളേജ് തുറക്കാനിരിക്കെയായിരുന്നു ഫോറന്‍സിക് പരിശോധന. പിആര്‍ഒയുടെ മുറിയ്ക്ക് പുറമെ ജിഷ്ണു മരിച്ചു കിടന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ ജിഷ്ണുവിന്റേതാണെങ്കില്‍ അത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നതാണ് ജിഷ്ണു മര്‍ദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്.
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലിസ് തിങ്കളാഴ്ച്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ക്യാമ്പസില്‍ സമരം ചെയ്യുകയും മാനേജ്മെന്റിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തതിന്റെ പേരിലുള്ള പ്രതികാര നടപടിയാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു കുറ്റപത്രത്തില്‍.