Home » നമ്മുടെ കോഴിക്കോട് » വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതല്‍: മാനാഞ്ചിറയില്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നു

വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതല്‍: മാനാഞ്ചിറയില്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നു

മാനാഞ്ചിറയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയതിനെതുടര്‍ന്ന് കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നു. അടുത്തു ചേരുന്ന നഗരസഭാ കൗണ്‍സിലില്‍ ഇതു ചര്‍ച്ചച്ചെയ്യുമെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

സിഡബ്ല്യൂആര്‍ഡിഎം( ജലവിഭവ വികസന വിനിയോഗ കേന്ദ്രം) നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മാനദണ്ഡമായി കണക്കാക്കാറുണ്ട്. കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിക്കുന്നത് മറ്റു ബാക്ടീരിയകളുടെ സാന്നിധ്യത്തിന് കാരണമാകും. അതിസാരം, പനി, ഛര്‍ദി, ന്യുമോണിയ തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമായേക്കാം.

നഗരത്തിലെ ഒട്ടുമിക്ക വീടുകളിലും സ്ഥാപനങ്ങളിലും വര്‍ഷങ്ങളായി കുടിവെള്ളമായി ഉപയോഗിക്കുന്നത് മാനാഞ്ചിറയിലെ വെള്ളമാണ്. ഈ സാഹചര്യത്തിലാണ് പ്ലാന്റ് രൂപികരിക്കാനുള്ള തീരുമാനം. ഒരു സ്വകാര്യ സ്ഥാപനം പദ്ധതി നിര്‍ദേശവുമായി എത്തിയിട്ടുണ്ടെങ്കിലും അടുത്ത കൗണ്‍സില്‍ യോഗത്തിനുശേഷം മാത്രമേ തീരുമാനമുണ്ടാകു. നഗരത്തിലും ഉള്‍പ്രദേശങ്ങളിലും സ്വകാര്യവ്യക്തികള്‍ ടാങ്കറിലും മറ്റും എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യത്തില്‍ ചൊവ്വാഴ്ച്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ അടിയന്തര തീരുമാനം കൈക്കൊണ്ടു.

വലിയ ടാങ്കറുകളിലും 20 ലിറ്റര്‍ വരുന്ന ജാറുകളിലുമാണ് കുടിവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നത്. ഇവ പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന വെള്ളമാണ് നഗരത്തിലെ ഭൂരിഭാഗം വീടുകളുടെയും ഫ്‌ളാറ്റുകളുടെയും പ്രധാന ആശ്രയം. വേനല്‍കാലത്ത ഇതിന് ആവശ്യക്കാര്‍ കൂടും. ഈ സാഹചര്യത്തില്‍ പലപ്പോഴും വെള്ളത്തിന്റെ ഗുണനിലവാരം അവഗണിക്കപ്പെടുകയാണ്.

ചില കമ്പനികളുടെ ജാര്‍ വെള്ളത്തില്‍ ചളി ചുവയ്ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. സിഡബ്ല്യുആര്‍ഡിഎമ്മില്‍ നിന്നും ലഭിക്കുന്ന ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇനി ബിസിനസുമായി മുന്നോട്ടുപോകാനാകു. സിറ്റി ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്‌സ്‌ക്വാഡ് ടാങ്കര്‍ലോറികളിലും മറ്റും പരിശോധന ആരംഭിച്ചുകഴിഞ്ഞുവെന്നും സര്‍ട്ടിഫിക്കറ്റിനായുള്ള നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു. ടാങ്കര്‍ലോറികളിലും മറ്റും സ്ഥിരമായി സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണം.ഒരേ സര്‍ട്ടിഫിക്കറ്റുമായി പലതവണ വെള്ളം വിതരണം ചെയ്യുന്നവരെ പിടികൂടാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Leave a Reply