Home » നമ്മുടെ കോഴിക്കോട് » പാളയത്ത് ഓട്ടോ ബേയും പോലീസ് സഹായകേന്ദ്രവും നിര്‍മ്മിക്കുന്നു

പാളയത്ത് ഓട്ടോ ബേയും പോലീസ് സഹായകേന്ദ്രവും നിര്‍മ്മിക്കുന്നു

നഗരഹൃദയമായ പാളയത്തെ തിരക്കും അനധികൃതപാര്‍ക്കിംഗും ഒഴിവാക്കാന്‍ നടപടികളുമായി അധികൃതര്‍. പാളയം ബസ്സ്റ്റാന്‍ഡിനു മുന്‍വശത്ത് തെക്ക് ഭാഗത്തായി ഓട്ടോ ബേയും പോലീസ് സഹായകേന്ദ്രവും നിര്‍മിക്കാനാണ് തീരുമാനം. ഇതിനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയായി.

ഇന്നലെ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ.ബാബു സ്ഥലം സന്ദര്‍ശിച്ചു. സ്റ്റാന്‍ഡിനു എതിര്‍വശത്തെ പൂക്കടകള്‍ക്ക് മുന്നിലാണ് ഓട്ടോ ബേ വരുന്നത്. ബേയും എയ്ഡ്‌പോസ്റ്റും നിര്‍മിക്കുന്നതിനായി പോലീസ് കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും സ്റ്റിയറിംഗ് കമ്മിറ്റിയും പരിശോധന നടത്തിയാല്‍ നിര്‍മാണം ആരംഭിക്കും. പാളയം ബസ് സ്റ്റാന്‍ഡിനുമുന്‍വശത്ത് എം.എം. അലി റോഡിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങളുടെ തിരക്കാണ് ഒരു ഭാഗത്ത്. ബസ് ഓട്ടോ സര്‍വീസുകളുടെ തിരക്കും ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗുമാണ് മറുഭാഗത്ത്.

ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം മൂലം കാല്‍നടയാത്രയും ദുഷ്‌കരമാണ്. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് നിരന്തരം വാക്കേറ്റങ്ങളുണ്ടാകുന്നതു ഇവിടെ പതിവാണ്. ബൈക്കുകള്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടാണ് പലരും പോകാറുള്ളത്. ഓട്ടോറിക്ഷകള്‍ വഴിയരികില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പതിവുകാഴ്ചയാണ്. പലപ്പോഴും ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസുകാര്‍ ഉണ്ടാകാറില്ല. എയ്ഡ് പോസ്റ്റ് വരുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പാളയത്ത് ഓട്ടോ ബേ വരുന്നത് യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമാകും. നിലവില്‍ മാര്‍ക്കറ്റില്‍ നിന്നുള്ള സാധനങ്ങള്‍ കയറ്റാന്‍ ദൂരേയ്ക്കു പോയി ഓട്ടോ വിളിക്കേണ്ട അവസ്ഥയാണ്.

Leave a Reply