ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നു. ട്രെയിനുകളില്‍ നല്കുന്ന ഭക്ഷണത്തിന്റെ വിലയും മെനുവും ഇനി ഐ.ആര്.സി.ടി.സി തീരുമാനിക്കും. ഭക്ഷണത്തിന്റെ വിലവിവര പട്ടിക ഓരോ കോച്ചിലും പതിക്കും. പട്ടികയില്‍ കാണിച്ചിട്ടുള്ളതില്‍ കൂടുതല്‍ തുക ഈടാക്കുന്ന പാന്‍ട്രി കരാറുകാര്‍ക്കെതിരെ നടപടിയുണ്ടാകും. കഴിഞ്ഞദിവസം ചേര്‍ന്ന റെയില്‍വേ ബോര്‍ഡാണ് വില വിവരപ്പട്ടിക എല്ലാ കോച്ചിലും പതിക്കുന്നതിന് നിര്‍ദേശം നല്‍കിയത്.
ഫ്ളക്സി നിരക്ക് നടപ്പാക്കിയ പ്രീമിയം ട്രെയിനുകളില്‍ സീറ്റ് കാലിയായി ഓടേണ്ടിവരുന്ന സാഹചര്യത്തില്‍ ഇവയിലെ ഫഌക്സി നിരക്ക് പുനഃപരിശോധിക്കാനും റെയില്‍വേ തീരുമാനിച്ചു. തിരക്കേറുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് കാരണം അവസാനം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ട്രെയിന്‍ യാത്രാ നിരക്ക് വിമാന ടിക്കറ്റിനോളം വരെ ഉയര്‍ന്നിരുന്നു. ഇതുകാരണം യാത്രക്കാര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് ഫ്ളക്സി നിരക്ക് പുനഃപരിശോധിക്കുന്നത്. നിരക്ക് പുനഃപരിശോധിക്കുന്നവയില് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള രാജധാനി എക്സ്പ്രസും ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള രാജധാനി എക്സ്പ്രസിന്റെ ഫ്ളക്സി നിരക്ക് കുറച്ചിരുന്നു.
കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിക്ക് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനും റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. നേരത്തേ ടെന്‍ഡര്‍ വിളിച്ചെങ്കിലും പി.പി.പി മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പങ്കാളിയെ കണ്ടെത്താനായിരുന്നില്ല.
സംസ്ഥാന സര്‍ക്കാറിന്റെയും റെയില്‍വേയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ കോര്‍പറേഷന്റെ ആദ്യ യോഗത്തില്‍ നാലു പദ്ധതികള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ തീരുമാനമായി. തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വേ, തലശ്ശേരി മൈസൂര്‍ പാത, നെടുമ്പാശ്ശേരി വിമാനത്താവളം പാത, എറണാകുളം പഴയ സ്റ്റേഷന് പുനരുദ്ധാരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്. തലശ്ശേരി മൈസൂര്‍ പാതയുടെ വിശദമായ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് 201718 ബജറ്റില്‍ 45 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.