തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി തമിഴ്നാട് നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11ന് ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിക്കും. പരസ്യ വോട്ടെടുപ്പോ രഹസ്യ വോട്ടെടുപ്പോ എന്നത് സ്പീക്കര്‍ പി. ധനപാല്‍ തീരുമാനിക്കും. രഹസ്യ വോട്ടെടുപ്പ് പളനിസാമി വിഭാഗം ഭയപ്പെടുന്നുണ്ട്. എം.എല്‍.എമാരില്‍ ഇരുപതോളം പേരില്‍ പളനിസാമിക്ക് വിശ്വാസക്കുറവുണ്ട്. പരസ്യവോട്ടെടുപ്പ് നടത്താന്‍ പളനിസാമി വിഭാഗം സ്പീക്കറെ സമീപിച്ചിട്ടുണ്ട്. പളനിസാമിയുടെ അധ്യക്ഷതയില്‍ കൂവത്തൂര്‍ റിസോര്‍ട്ടില്‍ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു. ഇവരെ പ്രത്യേക സുരക്ഷയില്‍ നിയമസഭയില്‍ എത്തിക്കും.
അതിനിടെ ഒരു എംഎല്‍എ കൂടി ഒപിഎസ് പക്ഷത്തെത്തി. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്.ജി. അരുണ്‍കുമാറാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്ന് മടങ്ങിയത്. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നും എംഎല്‍എ അറിയിച്ചു. എംഎല്‍എമാരെ നിയമസഭയിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനവ്യൂഹം തയാറെടുക്കുന്നതിനിടെയാണ് അരുണ്‍ കുമാര്‍ റിസോര്‍ട്ട് വിട്ടത്. നാല് ബസുകളിലായാണ് എംഎല്‍എമാരെ നിയമസഭയിലേക്ക് കൊണ്ടുപോവുക. എഐഎഡിഎംകെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയായിരിക്കും എംഎല്‍എമാര്‍ കൂവത്തൂരില്‍ നിന്നും യാത്ര തിരിക്കുക.
അതേസമയം പളനിസാമിക്കെതിരെ വോട്ട് ചെയ്യാന്‍ പനീര്‍സെല്‍വം അണ്ണാഡിഎംകെ എംഎല്‍എമാരോട് ആവശ്യപ്പെട്ടു. പളനിസാമിയെ പുറത്താക്കി ജയലളിതയുടെ താല്പര്യം സംരക്ഷിക്കണമെന്നാണ് ആഹ്വാനം. വോട്ട് രേഖപ്പെടുത്തും മുമ്പ് ശരിക്കും ചിന്തിക്കുക.
സമ്മര്‍ദ്ദത്തിന് അടിപ്പെടരുത്. കുടുംബവാഴ്ച തമിഴ്നാട് രാഷ്ട്രീയത്തിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍വാത്മനാ ശ്രമിച്ചയാളാണ് അമ്മ. അവസാനം വരെയും ഈ നിലപാടു പുലര്‍ത്തിയായിരുന്നു അമ്മയുടെ പ്രവര്‍ത്തനമെന്നും പനീര്‍സെല്‍വം അണ്ണാഡിഎംകെ എംഎല്‍എമാരെ ഓര്‍മിപ്പിച്ചു.
പളനിസാമി സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയും തീരുമാനിച്ചു. പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ വൈകിട്ട് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് പളനിസാമി സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ തീരുമാനിച്ചത്. ഫലത്തില്‍, പനീര്‍സെല്‍വം വിഭാഗത്തിനു കരുത്തുപകരുന്നതാണ് ഡിഎംകെയുെട തീരുമാനം. നിയമസഭയില്‍ 98 എംഎല്‍എമാരാണ് ഡിഎംകെ സഖ്യത്തിനുള്ളത്.
രഹസ്യവോട്ടെടുപ്പ് നടന്നാല്‍ പളനിസാമി പരാജയപ്പെടുമെന്ന നിലപാടിലാണ് പന്നീര്‍സെല്‍വം. രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പനീര്‍സെല്‍വം വിഭാഗം സ്പീക്കറെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച നടന്ന നാടകീയനീക്കത്തില്‍ മെലാപ്പൂര്‍ എം.എല്‍.എയും മുന്‍ ഡി.ജി.പിയുമായ ആര്. നടരാജ് പനീര്‍സെല്‍വം പക്ഷത്തത്തെി. ഇതോടെ പന്നീര്‍സെല്‍വം പക്ഷത്ത് 11 പേരും പളനിസാമി പക്ഷത്ത് 123 പേരുമായി. പളനിസാമിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച് 134 എം.എല്‍.എമാര്‍ക്കും അണ്ണാ ഡി.എം.കെ വിപ്പ് നല്കി. പനീര്‍സെല്‍വം ഉള്‍പ്പെടെ എതിര്‍പക്ഷത്തെ 11 എം.എല്‍.എമാര്‍ക്കും വിപ്പ് ബാധകമാണ്.വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ ഡി.എം.കെയും മുസ്ലിംലീഗും തീരുമാനിച്ചത് പനീര്‍സെല്‍വം പക്ഷത്ത് പ്രതീക്ഷ ഇരട്ടിപ്പിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിലെ അഭിപ്രായവ്യാത്യാസത്തെതുടര്‍ന്ന് വിശ്വാസവോട്ടെടുപ്പില്‍ എന്ത് നിലപാടെടുക്കണമെന്ന തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.
ഡി.എം.കെ സഖ്യവും ഒ.പി.എസ് വിഭാഗവും വിശ്വാസപ്രമേയത്തെ എതിര്‍ക്കുകയും ഏഴു പേര് കൂടി പളനിസാമി വിഭാഗത്തില്‍നിന്ന് കൂറുമാറുകയും ചെയ്താല്‍ തുല്യവോട്ട് നിലയായ 116 ആകും. ഈ സാഹചര്യത്തില്‍ സ്പീക്കറുടെ കാസ്റ്റിങ് വോട്ട് നിര്‍ണായകം. പളനിസാമി വിഭാഗത്തോടൊപ്പമാണ് സ്പീക്കര്‍ പി. ധനപാല്‍.
കൂറുമാറ്റ നിരോധന നിയമത്തില്‍നിന്ന് രക്ഷപ്പെടാന്‍ നിയമസഭ കക്ഷിയിലെ മൂന്നില്‍ രണ്ടുപേര്‍ വിട്ടുപോകണം. അണ്ണാ ഡി.എം.കെയില്‍ 134 അംഗങ്ങളുണ്ട്. 45 പേര് ഒരുമിച്ച് ഒ.പി.എസ് വിഭാഗത്തിലേക്ക് കൂറുമാറണം. ഇതിനുള്ള സാധ്യത വിരളം. പനീര്സെല്വത്തോടൊപ്പമുള്ള എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്താല്‍ സ്പീക്കര്‍ക്ക് ഇവരെ അയോഗ്യരാക്കാം. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നാലും വിപ്പ് ലംഘനമാകും.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവര്‍ക്ക് വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാന്‍ കഴിയുമോ എന്നത് വിവാദവിഷയമാണ്. പുറത്താക്കിയവര്‍ക്കും വിപ്പ് ബാധകമാണെന്നാണ് സുപ്രീംകോടതി നിലപാട്. അതേസമയം പല നിയമസഭകളിലും സ്പീക്കര്‍മാര്‍ ഇവര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ട്.പനീര്‍സെല്‍വത്തെയും മാഫോയ് കെ. പാണ്ഡ്യരാജനെയും മാത്രമേ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുള്ളൂ. പനീര്‍സെല്‍വം പക്ഷത്തെ മറ്റ് ഒമ്പത് എം.എല്‍.എമാരെ ശശികല വിഭാഗം പുറത്താക്കിയിട്ടില്ല. ഈ കുരുക്കില്‍നിന്ന് രക്ഷപ്പെടാനാണ് പനീര്‍ വിഭാഗത്തിനൊപ്പമുള്ള ഇ. മധുസൂദനന്, എതിര്വിഭാഗത്തിനൊപ്പമുള്ള ജനറല്‍ സെക്രട്ടറി ശശികലയെയും മുഖ്യമന്ത്രി പളനിസാമിയെയും പുറത്താക്കിയത്