Home » നമ്മുടെ കോഴിക്കോട് » കോഴിക്കോടിന് വെളിച്ചം പകരാന്‍ സോളാര്‍ പവര്‍ പ്ലാന്റുകൾ ആരംഭിക്കുന്നു

കോഴിക്കോടിന് വെളിച്ചം പകരാന്‍ സോളാര്‍ പവര്‍ പ്ലാന്റുകൾ ആരംഭിക്കുന്നു

ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കെഎസ്ഇബിയുടെ ഗ്രിഡ് കണക്ടഡ് സോളര്‍ പവര്‍ പ്ലാന്റ് അടുത്ത ആഴ്ചയോടെ പ്രവര്‍ത്തനം ആരംഭിക്കും. 650 കിലോവാട്ട് പ്ലാന്റ് ശേഷിയുമായി പ്രവര്‍ത്തനം ആരംഭിക്കുന്ന പ്ലാന്റിനെ ഒരു മെഗാവാട്ട് ശേഷിയിലേക്ക് അടുത്തകാലത്തു തന്നെ മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു കെഎസ്ഇബി. ജില്ലയിലെ ആദ്യത്തെ സോളര്‍ പവര്‍ പ്ലാന്റാണ് തലക്കുളത്തൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

കെഎസ്ഇബിയുടെ നിയന്ത്രണത്തില്‍ ഇത്തരത്തില്‍ മറ്റൊന്നു കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ്. അവിടെ മൂന്നു മെഗാവാട്ട് ഉല്‍പാദനമാണ് നടക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തിനായി തലക്കുളത്തൂരില്‍ 2360 സോളര്‍ പാനലുകളാണു സ്ഥാപിച്ചിരിക്കുന്നത്. പാനലുകളില്‍ നിന്ന് ഊര്‍ജം സമാഹരിക്കാന്‍ കഴിയുന്ന ബാറ്ററികളും സ്ഥാപിച്ചിട്ടുണ്ട്. ദിവസം 4000 യൂണിറ്റ് ഉല്‍പാദിപ്പിക്കുക വഴി വര്‍ഷം 10 ലക്ഷം യൂണിറ്റ് ഉല്‍പാദനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കൊടുവള്ളി അല്ലെങ്കില്‍ വെസ്റ്റ്ഹില്‍ സബ് സ്റ്റേഷനിലേക്കു മാറ്റും.

ഡീസല്‍ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു വൈദ്യുതി വകുപ്പിനെ ഏല്‍പിച്ച സ്ഥലത്താണു സോളര്‍ വൈദ്യുതി ഉല്‍പാദന നിലയം സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി 3.67 ഏക്കര്‍ സ്ഥലമാണു സോളര്‍ പവര്‍ പ്ലാന്റിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തപസ്യ വെഞ്ച്വേര്‍സ് പാര്‍ട്‌ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പാനല്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചു.

ഇനിയും ഇവിടെ സ്ഥലം ബാക്കിയുള്ളതിനാല്‍ 350 കിലോവാട്ട് കൂടി അധിക ഉല്‍പാദനം നടത്തി ഒരു മെഗാവാട്ട് ഉല്‍പാദനത്തിലേക്കു നിലയത്തെ മാറ്റാന്‍ കഴിയുമെന്നാണു ബോര്‍ഡിന്റെ പ്രതീക്ഷ. മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്ലാന്റ് സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയിരുത്തി. നിലയത്തിലേക്കുള്ള റോഡ് എ.കെ. ശശീന്ദ്രന്റെ എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചു നവീകരിക്കും. ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍, ഡപ്യൂട്ടി സിഇ കെ.പി. സ്വാമിനാഥന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.വി. സാബു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി. സജീവന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.കെ. അനില്‍കുമാര്‍, സബ് എന്‍ജിനീയര്‍മാരായ പി.ഐ. അജയന്‍, എ. അനില എന്നിവരും സ്ഥലത്തെത്തി

Leave a Reply