മലബാറിലും മെമു സര്‍വീസ് എന്ന യാത്രക്കാരുടെ ആവശ്യം യാഥാര്‍ഥ്യമാവാന്‍ ഇനി നാളുകള്‍ മാത്രം. മെമു സര്‍വീസ് ആരംഭിക്കാനുള്ള എല്ലാ സാങ്കേതിക തടസങ്ങളും നീങ്ങിയതോടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
റയില്‍വേയുടെ ചെന്നൈ സോണ്‍ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി ഈ മാസം 28ന് നടത്തുന്ന സന്ദര്‍ശനത്തോടെ ഇതു സംബന്ധിച്ച വ്യക്തതയുണ്ടാവും.
വാര്‍ഷിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വസിഷ്ഠ ജോഹരി കോഴിക്കോട്ടെത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ മെമു സര്‍വീസ് ആരംഭിക്കാനുള്ള അനുമതിയും അദ്ദേഹം നല്‍കുമെന്നാണ് കരുതുന്നത്. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായിരുന്നെങ്കിലും സബ് സ്റ്റേഷന് പണി നീണ്ടതാണ് മെമു സര്‍വീസ് ആരംഭിക്കാന്‍ തടസമായിരുന്നത്. ഇപ്പോള്‍ പാതയിലെ എല്ലാ സബ് സ്റ്റേഷനുകളുടെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള പാതയില്‍ 28ന് ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി പരിശോധന നടത്തും. സലൂണ്‍ കോച്ചില്‍ യാത്ര ചെയ്ത് പരിശോധന നടത്തുന്ന മാനേജര്‍ പാതയിലെ സുരക്ഷ പരിശോധനകളാകും ആദ്യം നടത്തുക. കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയുള്ള പാതയില്‍ കാര്യമായ തകരാറുകള്‍ ഇല്ലെങ്കില്‍ പാതയില്‍ മെമുവിന് കുതിക്കാനുള്ള അനുമതി അദ്ദേഹം നല്കാല് സാധ്യതയുണ്ട്.
ഹ്രസ്വദൂര യാത്രക്കാര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഒരുപോലെ ആശ്രയിക്കാവുന്ന മെമു സര്‍വീസ് ആരംഭിക്കുന്നതോടെ മലബാറിലെ യാത്ര ദുരിതത്തിന് കൂറേക്കൂടി പരിഹരമാവുമെന്നാണ് പ്രതീക്ഷ. യാത്ര ചാര്‍ജ്ജ് കുറവാണെന്നതും മെമുയാത്രയെ ആകര്‍ഷകമാക്കുന്നു. ഹ്രസ്വദൂര സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ ഇപ്പോള്‍ മലബാറില്‍ കുറവാണ്. അതിനാല്‍ ഭൂരിഭാഗം യാത്രക്കാര്‍ക്കും ഉയര്‍ന്ന ചാര്‍ജ്ജ് നല്കി എക്സ്പ്രസ്സിലോ സൂപ്പര്‍ എക്സ്പ്രസ്സിലോ യാത്ര ചെയ്യേണ്ട സ്ഥിതയാണ്.
മെമു വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാവും. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കൂടുതല്‍ സ്പീഡില്‍ ഓടാനാവും എന്നതും മെമുവിന്റെ പ്രത്യേകതയാണ്. അതിനാല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവര്‍ പലരും സമയലാഭത്തിനായി മെട്രോ റയിലിനെ മെമുവിനെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. അറ്റകുറ്റപ്പണിക്ക് മെമു ട്രെയിനുകള്‍ പിറ്റ് ലൈനില്‍ എത്തിക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല ചെറിയ ചെലവില്‍ പണി ചെയ്യാന്‍ സാധിക്കുമെന്നതും ഇതിന്റെ ഗുണമാണ്.
മെട്രോ നഗരങ്ങളില്‍ വാഹനത്തിരക്കു മൂലം റോഡ് യാത്ര പ്രയാസമായ സാഹചര്യത്തിലാണ് റയില്‍വേ മെമു സര്‍വീസ് നടപ്പിലാക്കി തുടങ്ങിയത്. റയില്‍വെയെ സംബന്ധിച്ചും മെമു സര്‍വീസ് ലാഭകരമാണ്. മലബാറിലെ പാതയില്‍ മെമു സര്‍വീസ് ആരംഭിക്കാനുള്ള സാങ്കേതികതടസങ്ങള് നീങ്ങിയ സാഹചര്യത്തില്‍ സോണല്‍ ജനറല്‍ മാനേജരുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ റെയില്‍ യൂസേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് ചെയര്മാന് സി ഇ ചാക്കുണ്ണി പറഞ്ഞു. മലബാറില്‍ മെമു സര്‍വീസ് വേണമെന്ന ആവശ്യം അസോസിയേഷന് നേരത്തെ റെല്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. സന്ദര്‍ശനത്തോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങിനെയെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ മെമു സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.