Home » ലൈഫ് സ്റ്റൈൽ » ടെക്നോളജി » അറിയൂ, നെറ്റ് സമത്വത്തെ അട്ടിമറിക്കാനാണ് ഫ്രീ ബേസിക്സ്

അറിയൂ, നെറ്റ് സമത്വത്തെ അട്ടിമറിക്കാനാണ് ഫ്രീ ബേസിക്സ്

ഫെയ്സ്ബുക്ക്, സാംസങ്, മോട്ടറോള, മീഡിയാടെക്, ഒപ്പറ, നോക്കിയ തുടങ്ങി ആറോളം കമ്പനികൾ ഒത്തുചേർന്നുള്ള ഇന്റർനെറ്റ് വ്യാവസായിക മാതൃകയാണ് ഫ്രീ ബേസിക്സ്. എല്ലാ സേവനങ്ങളും സൗജന്യമായി ഇവർ നൽകുമെന്നു കരുതണ്ട. ഈ കമ്പനികൾക്കുവേണ്ടിയുള്ള ‘കൂലിപ്പണി’യാണ് ട്രായ് ഒപ്പുശേഖരണം / മനേഷ ടി. പി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ഒരു വർഷമാണ് കടന്നു പോയത്. ജനങ്ങൾക്ക് വ്യവസ്ഥാപിത താൽപ്പര്യങ്ങളോടും നയങ്ങളോടുമുള്ള വിയോജിപ്പും അസംതൃപ്തിയും സംഘടിതമായി വിനിയോഗിക്കാനും പ്രകടിപ്പിക്കാനുമുള്ള ശക്തമായൊരിടമായി സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു. രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകൾ തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വരെ ചലനങ്ങളെ സ്വാധീനിക്കാനുള്ള കരുത്തും നവമാധ്യമങ്ങൾക്കുണ്ട്. ലോകജനതയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയോപാധികളിലൊന്നായി സാമൂഹ്യമാധ്യമങ്ങളെ ഉൾക്കൊള്ളുന്ന ഇന്റർനെറ്റ് മാറിയിരിക്കുന്നു. മൂന്ന് ലക്ഷം കോടിയിലധികം ആളുകൾ ആശയവിനിമയത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റ് സമത്വമെന്ന ആശയത്തിന്റെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ മാത്രം ഒരുദിവസം 80 ലക്ഷം ഉപയോക്താക്കളെയാണ് ഇന്റർനെറ്റ് ബന്ധിപ്പിക്കുന്നത്.

ഇന്റർനെറ്റ് സമത്വമെന്നാൽ പക്ഷഭേദമില്ലായ്മ

ഇന്റർനെറ്റിന് പ്രത്യേകമായി ഒരു ഉടമസ്ഥനില്ല. ഇന്റർനെറ്റ് ആരുടെയും സ്വകാര്യ സ്വത്തുമല്ല. എന്നാൽ എണ്ണമറ്റ ഇന്റർനെറ്റ് സേവനങ്ങളെ ഏകീകരിച്ച് നെറ്റ് വർക്കുകൾ വഴി ഉപയോക്താക്കളിലേക്കെത്തിക്കാൻ പലമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി ആളുകളുടെ സഹായം ആവശ്യമാണ്. ഇത്തരത്തിൽ നെറ്റ് വർക്കുകളെ കൈകാര്യം ചെയ്യുന്ന കമ്പനികൾ നിരവധിയുണ്ട്. ഇന്റർനെറ്റ് വഴി ലഭ്യമാവുന്ന എല്ലാവിധ സേവനങ്ങളും വിവരങ്ങളും യാതൊരു വിധ വിവേചനങ്ങളുമില്ലാതെ എല്ലാവർക്കും ഉപയോഗിക്കാനാകും. അതായത്, ചില ഇന്റർനെറ്റ് സേവനങ്ങൾക്ക് മാത്രം പ്രത്യേക നിരക്കുകൾ ഈടാക്കുക, ചിലത് ചെറിയ വിഭാഗം ആളുകൾക്ക് മാത്രം ലഭ്യമാക്കുക തുടങ്ങിയ പക്ഷഭേദങ്ങളൊന്നും നിലവിലില്ല എന്നർത്ഥം. ഇതിനെയാണ് നെറ്റ് ന്യൂട്രാലിറ്റി അഥവാ ഇന്റർനെറ്റ് സമത്വം എന്ന് വിശേഷിപ്പിക്കുന്നത്.

തിമോത്തി വൂ എന്ന അമേരിക്കൻ നിയമവിദഗ്ദ്ധനാണ് 2003ൽ നെറ്റ് ന്യൂട്രാലിറ്റി എന്ന ആശയം മുന്നോട്ടു വെച്ചത്. വെള്ളവും വൈദ്യുതിയുമെല്ലാം ഉപയോക്താവിന് ലഭ്യമായാൽ ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാനാവുന്നതു പോലെ ഇന്റർനെറ്റിനെയും ഒരു പബ്ലിക് യൂട്ടിലിറ്റിയായി കണക്കാക്കുന്നു എന്നതാണ് ഇന്റർനെറ്റ് സമത്വത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്ന്.

ഏത് സാധാരണക്കാരനും ഏറ്റവും ചുരുങ്ങിയ ചെലവിൽ ഇന്റർനെറ്റ് ഉപയോഗിക്കാനാവുന്ന സാഹചര്യത്തിന് വിലങ്ങുതടിയായിക്കൊണ്ട് സേവനദാതാക്കളുടെയും ഭരണകൂടത്തിന്റെയും ഇടപെടലുകളും സമ്മർദ്ദങ്ങളുമെല്ലാം ശക്തിപ്പെട്ടു വരുന്നതുകൊണ്ടാണ് ഇന്റർനെറ്റ് സമത്വത്തിന് വേണ്ടിയുള്ള ചർച്ചകൾ സജീവമാകുന്നത്.

‘ഫ്രീ ബേസിക്സ്’ അത്ര ഫ്രീയല്ല!

FREE-BASICS2

ഫെയ്സ്ബുക്കിനു പുറമെ സാംസങ്, മോട്ടറോള, മീഡിയാടെക്, ഒപ്പറ, നോക്കിയ തുടങ്ങി ആറോളം കമ്പനികൾ ഒത്തുചേർന്നുള്ള ഒരു ഇന്റർനെറ്റ് വ്യാവസായിക മാതൃകയാണ് ഇന്റർനെറ്റ് ഡോട് ഓർഗ്. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഫ്രീ ബേസിക്സ്. അവികസിത, വികസ്വര രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം എത്തിക്കുകയാണ് ഇന്റർനെറ്റ് ഡോട് ഓർഗ് / ഫ്രീ ബേസിക്സ് മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യം. എന്നാൽ ഇത്തരത്തിൽ ഏതെല്ലാം സേവനങ്ങൾ നൽകാം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ഈ സാഹചര്യത്തിലാണ് നേരത്തെ സൂചിപ്പിച്ച ഇന്റർനെറ്റ് സമത്വം എന്ന ആശയം മുറിപ്പെടുന്നത്. ഫെയ്സ്ബുക്കിന്റെ ഫ്രീ ബേസിക്സ് പദ്ധതിയനുസരിച്ചാണെങ്കിൽ ഫെയ്സ്ബുക്കിന്റെയും പങ്കാളികളുടെയും സേവനങ്ങൾ മാത്രമാണ് സൌജന്യമായി ലഭ്യമാവുക.

നെറ്റ് സമത്വമെന്ന ആശയമനുസരിച്ച് ഏതെല്ലാം ഇന്റർനെറ്റ് സേവനങ്ങൾ ഉപയോക്താക്കളിലെത്തിക്കണം എന്ന കാര്യത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ആർക്കും സാധിക്കില്ല. നെറ്റ് സമത്വം ഇല്ലാതാവുന്നതോടു കൂടി ഇന്റർനെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം സേവനദാതാക്കളുടെ കൈകളിലെത്തുന്ന സ്ഥിതിവിശേഷം സംജാതമാകും. സൌജന്യമായി ലഭ്യമാക്കാവുന്ന സേവനങ്ങൾ ഏതെല്ലാം, ഓരോ സേവനത്തിനും എത്ര നിരക്ക് ഈടാക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം സേവനദാതാക്കൾ തീരുമാനിക്കുന്ന വിധം നടപ്പിലാവുന്ന അവസ്ഥയും വന്നുചേരും. ഇങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സൈറ്റുകളായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ് തുടങ്ങിയവയ്ക്കെല്ലാം പ്രത്യേക പണം ഈടാക്കുക, കമ്പനികളുമായി കരാറിലേർപ്പെടാത്തതോ, താത്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നതോ ആയ വെബ്സൈറ്റുകളെ ഇല്ലാതാക്കുക തുടങ്ങി ഏതു രീതിയിലുള്ള നിയന്ത്രണം വേണമെങ്കിലും സേവനദാതാക്കൾക്ക് ഏർപ്പെടുത്താം. നിരക്കുകൾക്കനുസരിച്ച് ഇന്റർനെറ്റ് സേവനങ്ങളിലും ലഭ്യമാകുന്ന വേഗതയിലും വ്യത്യാസം വരുന്നതോടെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം സേവനങ്ങൾ വിലയേറിയതായി മാറുകയും ചെയ്യും.

ട്രായ് നടത്തുന്ന ഒളിച്ചുകളി

പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ഇത്തരം നീക്കങ്ങളെ സഹായിക്കുന്ന രീതിയിലുള്ള നിലപാടാണ് ട്രായ് (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) എടുത്തിരിക്കുന്നതും. ഉപയോഗിക്കുന്ന വെബ്സൈറ്റുകൾക്കനുസരിച്ച് പ്രത്യേക നിരക്കുകൾ ഈടാക്കാനുള്ള നീക്കമാണ് ട്രായും നടത്തുന്നത്. അത് ഇന്റർനെറ്റ് മേഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ മറവിലാണെന്ന് മാത്രം. രാജ്യത്ത് ഉയർന്നു വന്ന ശക്തമായ എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് ഫ്രീ ബേസിക്സ് പദ്ധതി തൽക്കാലം നിർത്തിവെയ്ക്കാൻ ട്രായ് ഉത്തരവിറക്കിയത്.

പദ്ധതിയെ അനുകൂലിക്കുന്നതായി ട്രായിക്ക് സന്ദേശം അയക്കാൻ തങ്ങളുടെ ഉപയോക്താക്കളെക്കൊണ്ട് ഫെയ്സ്ബുക്ക് പരിശ്രമിക്കുന്നുമുണ്ട്. അറിഞ്ഞോ അറിയാതെയോ ഫ്രീ ബേസിക്സിനെ അനുകൂലിച്ചു കൊണ്ടുള്ള ഏതാണ്ട് അഞ്ച് ലക്ഷത്തോളം സന്ദേശങ്ങൾ ട്രായിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്റർനെറ്റ് സമത്വം നിലനിർത്തുന്നത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് പ്രതികരണം അറിയിക്കാനുള്ള തീയതി ജനുവരി ഏഴ് വരെ ട്രായ് നീട്ടിവെച്ചിരുന്നു. ഇന്റർനെറ്റ് നിക്ഷ്പക്ഷത ഇല്ലാതാക്കാനുള്ള ശ്രമത്തിൽ എതിർപ്പുകൾ പ്രകടിപ്പിച്ച് 17 ലക്ഷത്തോളം പ്രതികരണങ്ങളും ട്രായിക്ക് കിട്ടിയിട്ടുണ്ട്.

Leave a Reply