കൊല്ലം അഴീക്കലില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി ജീവിതം അവസാനിപ്പക്കേണ്ടി വന്ന പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിന്റെ മരണത്തിൽ പ്രതികരിച്ച് മാധ്യമ പ്രവർത്തകനും സുഹൃത്തുമായ യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. ഇപ്പോള്‍ അറസ്റ്റിലായവര്‍ മാത്രമല്ല പ്രതികളെന്നും ഇരയാണെന്ന് അറിഞ്ഞിട്ടും ഫേസ്ബുക്കിലൂടെയും വാട്സ് അപ്പിലൂടെയും ഇരുവരുടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരും കുറ്റക്കാരാണെന്നും യുവാവ് പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം
അനീഷിനെ കൊന്നതാണ്- എല്ലാവരും കൂടി
ഗോപൂവാണ് അനീഷിന്റെ നമ്പര്‍ തരുന്നത്… പിന്നീട് അനീഷുമായി ഫോണില്‍ ഒരപാട് തവണ സംസാരിച്ചു. പൊലീസില്‍ പരാതി നല്‍കണമെന്ന് അവനോട് പറഞ്ഞപ്പോള്‍ ഞാന്‍ എവിടെ വേണമെങ്കിലും പരാതി നല്‍കാം. പക്ഷേ എങ്ങനെയാ നല്‍കേണ്ടതെന്ന് അറിയില്ല, ചേട്ടന് സഹായിക്കുമൊ എന്നു ചോദിച്ചു… തീര്‍ച്ചയായും സഹായിക്കാം, കൊല്ലത്ത് വരുമൊ എന്ന് ഞാന്‍ ചോദിച്ചു. വരാമെന്ന് അവന് പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത് ആദ്യം കൊല്ലം കമ്മീഷണര്‍ സതീഷ് ബിനൊ യെയാണ് വിളിച്ചത്. അനീഷിന്റെ ആശങ്ക കമ്മീഷണറോട് പറഞ്ഞു.. എന്നെ അതിശയിപ്പിച്ചു കൊണ്ട് കമ്മീഷണര്‍ എന്റെ കൈയ്യില്‍ നിന്നും അനീഷിന്റെ നമ്പര്‍ വാങ്ങി അവനെ അങ്ങോട്ട് വിളിക്കുകയായിരുന്നു… കുറച്ച് കഴിഞ്ഞ് അനീഷ് എന്നെ വിളിച്ച് പറഞ്ഞു ചേട്ടാ കമ്മീഷണര്‍ സാര്‍ വിളിച്ചു വരാന്‍ പറഞ്ഞു, ഞാന്‍ രാവിലെ എത്തും, വരാന്ന് ഞാനും പറഞ്ഞു… അടുത്ത ദിവസം രാവിലെ 5.30 ന് അനീഷ് വിളിച്ചു ചേട്ടാ ഞാന്‍ കരുനാഗപ്പള്ളിയില്‍ എത്തി രാവിലെ കമ്മീഷണറെ കണ്ട് പരാതി നല്‍കാം.. പെണ്‍കുട്ടിയും പരാതി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്.. നന്നായി എന്ന് ഞാനും പറഞ്ഞു… തുടര്‍ന്ന് 9 മണിയോടെ കമ്മീഷണര്‍ ഓഫീസിലെത്തി.. ഇതിനിടയില്‍ രണ്ട് മൂന്ന് തവണ വഴി ചോദിച്ചും അവന് വിളിച്ചിരുന്നു…. പെണ്‍കുട്ടിയും എത്തിയ ശേഷം പരാതി എഴുതിയ്ക്കാന്‍ കമ്മീഷണര്‍ ഓഫീസിന് പുറത്ത് കൂലിയ്ക്ക് എഴുതി നല്‍കുന്നവരുടെ അടുത്താണ് അനീഷ് പോയത്. 60 വയസ് തോന്നിയ്ക്കുന്ന ആ കൂലി എഴുത്ത് കാരന്റെ ചില അസഭ്യ ചോദ്യങ്ങള്‍ കേട്ട് അനീഷും പെണ്‍കുട്ടിയും പതറി. ഞരമ്പ് രോഗികളായ ചില പൊലീസ് ഏമാന്മാര് പോലും ഇയ്യാളുടെ മുന്നില്‍ തോറ്റ് പോകും…. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ശ്യാമും, ഞാനും ഇടപെട്ട് അയ്യാളോട് പരാതി എഴുതിയാല്‍ മതി കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട എന്ന് പറഞ്ഞ് താക്കീത് ചെയ്തു. പരാതിയുമായി ഇരുവരും കമ്മീഷണറെ കണ്ടു… ഇതിനിടയില്‍ അനീഷ് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചില്ലെങ്കില്‍ അതിന്റെ ഭാവി പോകും എന്ന് സ്വയം പറഞ്ഞ് ആശങ്കപ്പെടുന്നുണ്ടായിരുന്നു ചില മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തകരല്ലാത്ത മറ്റ് ചിലര്‍ സദാചാര ഗുണ്ടകള്‍ ചെയ്തതില്‍ തെറ്റ് വീഡിയൊ പകര്‍ത്തിയത് മാത്രമെ ഉള്ളു. അല്ലാതെ അവരെ ആക്രമിച്ചത് തെറ്റല്ല എന്ന് പറയുന്നുണ്ടായിരുന്നു. എതിര്‍ത്ത്് പറഞ്ഞപ്പോള്‍ ഞാന്‍ ഒര് അച്ഛനല്ലാത്തതു കൊണ്ടാണ് നിനക്ക് ഇത് അറിയാത്തതെന്നായിരുന്നു ഇവരുടെ മറുപടി… പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ കമ്മീഷണര്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ഓച്ചിറ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.. ഇരുവരുടെയും പരാതി വാങ്ങിയ ശേഷം ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ പോകാനാണ് ഇവരോട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്.. പരാതി നല്കി ബൈറ്റും എടുത്ത ശേഷം അവന് എന്നോട് ചോദിച്ചു ചേട്ടാ മുഖം കാണിക്കില്ലല്ലോ എന്ന്, ഇല്ല എന്ന് ഞാനും പറഞ്ഞു. എല്ലാവരോടും ഞാന്‍ മുഖം കാണിക്കരുതെന്ന് പറഞ്ഞിരുന്നു. (പക്ഷേ ചില ചാനലുകള്‍ അവന്റെ മുഖം കാണിച്ചു). ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തി വലിയ സന്തോഷത്തോടെയാണ് അനീഷ് എന്നെ വിളിച്ചത്.. ചേട്ട എന്ന അടിച്ചവന്മാരെ കിട്ടി.. മൂന്ന് പേര് ഇവിടെ ഉണ്ട്.. സന്തോഷമായോ എന്ന് ചോദിച്ചു. ആയി എന്നായിരുന്നു മറുപടി… ഇനി രണ്ട് പേര് കൂടി ഉണ്ട്. അവരെയും ഉടനെ പിടിക്കുമെന്ന് അവനോട് പറഞ്ഞു. ഫോണ്‍ കട്ട് ചെയ്യുംമുന്‍പ് അവന് പറഞ്ഞു ചേട്ടാ ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത് അതുകൊണ്ടാ ഞാന്‍ പരാതി കൊടുത്തത്.. നമ്മുടെയും ആഗ്രഹം അത് തന്നെ എന്ന് ഞാനും പറഞ്ഞു.. വൈകീട്ട് 7 മണിയോടെ തിരിച്ചു പോവുകയാണെന്ന് പറഞ്ഞ് അവന് വിളിച്ചു… സന്തോഷത്തിലായിരുന്നു അപ്പോഴും അവന്.
ഇന്നലെ വൈകീട്ട് മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് കരുനാഗപ്പള്ളി എസിപി യെ ആണ്. സംഭവം പറഞ്ഞു. എസിപി യുടെ ആദ്യ മറുപടി- ‘അവന് എന്തിന് മരിക്കണം. അവനല്ലേ എല്ലാം ചെയ്തത്… നീ ആരാ എന്നോട് ഇത് പറയാന്‍. നിനക്ക് എങ്ങനെയാ വര്‍ത്ത കിട്ടിയത്. നിന്നെ എനിക്ക്് അറിയില്ലല്ലോ.’ ഇത്രയും കേട്ടപ്പോള്‍ ഞാനും തിരികെ ദേഷ്യത്തോടെ സംസാരിച്ച് ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് കമ്മീഷണറെ വിളിച്ച് അനീഷിന്റെ മരണ കാര്യം പറഞ്ഞു. അയ്യോ എന്നായിരുന്നു കമ്മീഷണറുടെ ആദ്യ പ്രതികരണം… അന്വേഷിച്ച് വേണ്ടത് ചെയ്യാം എന്നും പറഞ്ഞു.. തിരക്ക് കഴിഞ്ഞ് കരുനാഗപ്പള്ളി എസിപിയെ ഒന്നുകൂടി വിളിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ ശബ്ദത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല…
അനീഷിനെ കൊന്നതാണ്
ഇപ്പോള്‍ അറസ്റ്റിലായവര്‍ മാത്രമല്ല പ്രതികള്‍.
ഇരയാണെന്ന് അറിഞ്ഞിട്ടും ഫേസ്ബുക്കിലൂടെയും വാട്സ് അപ്പിലൂടെയും ഇരുവരുടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍.
പ്രതികളെ ന്യായീകരിച്ച് വീഡിയൊ സൃഷ്ടിച്ചവര്‍
സദാചാര ഗുണ്ടകളെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്്റ്റ് ഇട്ടവര്‍, കരുനാഗപ്പള്ളിയില്‍ പ്രകടനം നടത്തിയവര്‍.
ഗുണ്ടകള്ക്ക്് വേണ്ടി സംസാരിച്ചവര്‍. ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നവര്‍.
മുഖം കാണിക്കരുതെ എന്ന് അപേക്ഷിച്ചിട്ടും കാണിച്ച ചില ചാനലുകള്‍.
അവന് എന്തിന് മരിക്കണം അവനല്ലേ എല്ലാം ചെയ്തതതെന്ന്് ചോദിച്ച കരുനാഗപ്പള്ളി എസിപി യെ പോലുള്ള പൊലീസുകാര്‍.
അവന് വിശ്വാസം അര്‍പ്പിച്ചിട്ടും ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത ഞാന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍
പട്ടിക ഇനിയും നീളും
ഇനി അനീഷ് ഇല്ല.. പക്ഷേ ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്ന അവന്റെ ആഗ്രഹം. അത് നിറവേറ്റണം.. സദാചാര കണ്ണുകള്‍ ഇനി ആരുടേയും നേര്‍ക്ക് തുറക്കരുത്…