Home » ഇൻ ഫോക്കസ് » രോഗാതുരമായ മലയാളി സമൂഹത്തിന്റെ രണ്ടു പ്രതീകങ്ങളാണ് ആത്മഹത്യ ചെയ്ത അനീഷും അഴിക്കുള്ളിലായ പൾസർ സുനിയും: എം ബി രാജേഷ്

രോഗാതുരമായ മലയാളി സമൂഹത്തിന്റെ രണ്ടു പ്രതീകങ്ങളാണ് ആത്മഹത്യ ചെയ്ത അനീഷും അഴിക്കുള്ളിലായ പൾസർ സുനിയും: എം ബി രാജേഷ്

രോഗാതുരമായ മലയാളി സമൂഹത്തിന്റെ രണ്ടു പ്രതീകങ്ങളാണ് സദാചാര സംരക്ഷകർ വേട്ടയാടിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അനീഷും അഴിക്കുള്ളിലായ പൾസർ സുനി യുമെന്ന് എം ബി രാജേഷ് . തന്റെ ഫേസ് ബുക്കിലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. സുനിയെ വെറുക്കുകയും അയാളുടെ പക്കലുള്ള അശ്ലീല വീഡിയോക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കാപട്യമാണ് സദാചാര – ഒളിഞ്ഞു നോട്ടക്കാരുടെ മുഖമുദ്ര എന്നും റോഡിൽ അപകടത്തിൽ പെട്ട് ചോര വാർന്ന് കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം നോക്കി പോകുന്നവനും ഒരാണിനെയും പെണ്ണിനേയും ഒരിടത്തു ഒരുമിച്ചു കണ്ടാൽ ഇടപെടാതിരിക്കാനാവില്ല എന്നും കുറിച്ചിരിക്കുന്നു ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

 

രോഗാതുരമായ മലയാളി സമൂഹത്തിന്റെ രണ്ടു പ്രതീകങ്ങളാണ് സദാചാര സംരക്ഷകർ വേട്ടയാടിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അനീഷും അഴിക്കുള്ളിലായ പൾസർ സുനിയും. പൊതുസ്ഥലത്ത് തന്നോടൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ സദാചാരക്രിമിനലുകൾ അപമാനിച്ചപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു അനീഷ്. അതിന്റെ പേരിൽ വേട്ടയാടപ്പെട്ട അനീഷിന് വിലനൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെ. മറ്റേ ക്രിമിനലാവട്ടെ ഒരു സ്ത്രീയെ ക്രൂരമായി അപമാനിച്ചവനും. സദാചാര സംരക്ഷകരുടേയും പൾസർ സുനിമാരുടേയും മനോഭാവം ഒന്നു തന്നെ.ഏറ്റവും ജുഗുപ്സാവഹമായ കാപട്യം സദാചാര – ഒളിഞ്ഞുനോട്ടക്കാരുടേതാണ്.സുനിയെ വെറുക്കുകയും അയാളുടെ പക്കലുള്ള അശ്ലീല വീഡിയോ ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കാപട്യമാണ് സദാചാര – ഒളിഞ്ഞു നോട്ടക്കാരുടെ മുഖമുദ്ര. റോഡിൽ അപകടത്തിൽ പെട്ട് ചോര വാർന്ന് കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം നോക്കി പോകുന്നവനും ഒരാണിനെയും പെണ്ണിനേയും ഒരിടത്തു ഒരുമിച്ചു കണ്ടാൽ ഇടപെടാതിരിക്കാനാവില്ല. ജീവൻ രക്ഷിച്ചില്ലെങ്കിലും സദാചാരം സംരക്ഷിച്ചല്ലേ പറ്റു!സംഘടിതവും അക്രമാസക്തവുമായ സദാചാര പോലീസിങ്ങിന്റെ ടെസ്റ്റ് ഡോസ് ഡൗൺടൗൺ ഹോട്ടൽ സംഭവമായിരുന്നു.. അതിന് തൊട്ടുപിന്നാലെ കൊച്ചി മറൈൻ ഡ്രൈവിൽ സദാചാര പോലീസിന്റെ പാസ്സിങ്ങ് ഔട്ട് പരേഡും നടന്നു. സദാചാര സംരക്ഷണത്തിൽ മതമൗലിക – വർഗ്ഗീയ ശക്തികൾ പുലർത്തുന്ന ക്രമിനൽ സാഹോദര്യവും അന്ന് ദൃശ്യമായി. വിശ്വാസം, ദേശീയത എന്നിവയുടെ സംരക്ഷണത്തിന്റെ വ്യാജ വേഷം പോലെ തന്നെ വർഗീയ രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ടയാണ് സദാചാര സംരക്ഷകനാട്യവും.വ്യക്തിസ്വാതന്ത്ര്യമുൾപ്പെടെ ജനാധിപത്യം ഉറപ്പു നൽകുന്ന എല്ലാ സ്വാതന്ത്ര്യത്തിനുമെതിരായ ഫാസിസ്റ്റ് സ്വഭാവമുള്ള കയ്യേറ്റമാണത്. സദാചാര പോലീസിങ്ങ് ഫാസിസ്റ്റ്, വർഗ്ഗീയ രാഷ്ട്രീയത്തിന്റെ മുഖ്യ ആയുധമാണെന്ന് തിരിച്ചറിയുക പ്രധാനമാണ്. പുരോഗമന ചേരിയിൽ നിൽക്കുന്നുവെന്നു കരുതുന്ന ചിലരെങ്കിലും സദാചാര പോലീസാവാൻ മടിക്കാത്തത് ഈ തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ്.അങ്ങിനെയുള്ളവരെ നയിക്കുന്നത് അപകടകരമാം വിധം പിന്തിരിപ്പനായ ബോധമാണ്. ശരീരം കൊണ്ടു പുരോഗമനപക്ഷത്തു നിൽക്കുന്ന പലരും ചിന്തയിലും മനോഭാവത്തിലും അങ്ങിനെയല്ല. അക്കൂട്ടരുടെ ബോധമണ്ഡലത്തെ പുരോഗമനാശയങ്ങളുടെ വെളിച്ചം കൊണ്ട് നിരന്തരം”. ആ ക്രമിക്കുക ” മാത്രമാണ് പോംവഴി.നിശിതമായ ആത്മവിമർശനവും നടത്തണം.മലയാളി സമൂഹം പുലർത്തുന്ന കപട സദാചാരത്തിന്റെ അടിത്തറ സ്ത്രീവിരുദ്ധമാണ്. ആ സ്ത്രീവിരുദ്ധതയെ വിപണി മൂല്യങ്ങളും വർഗ്ഗീയ ആശയങ്ങളും അരക്കിട്ടുറപ്പിച്ചിരിക്കുന്നു. നവോത്ഥാനത്തിന്റെ പിൻമടക്ക പ്രവണതകൾ സമൂഹത്തെ ജീർണ്ണമാക്കുന്നു.ഓരോ സംഭവങ്ങളും രോഗലക്ഷണങ്ങളാണ്. തീക്ഷണമായ രാഷ്ട്രീയ-സാമൂഹിക – സാംസ്ക്കാരിക ഇടപെടലുകളാണ് വേണ്ടത്..

Leave a Reply