ജില്ലാ ആരോഗ്യ വകുപ്പിന്റെയും കോഴിക്കോട് ടിബി കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനത്തിനുള്ള പുതിയ ചികില്‍സാരീതി (ദിവസേനയുള്ള മരുന്നുകള്‍) സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിക്കുന്നു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു. ജില്ലാ ടിബി ഓഫിസര്‍ ഡോ. പി.പി. പ്രമോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.ഐഎംഎ പ്രസിഡന്റ് ഡോ. പി. എന്‍. അജിതയും മെഡിക്കല്‍ ഓഫിസര്‍മാരും പുതിയ മരുന്നുകള്‍ ഏറ്റുവാങ്ങി.
കോര്പറേഷന് സെക്രട്ടറി മൃണ്മയി ജോഷി, കൗണ്‍സിലര്‍ എം. സലീന, ഗവ.മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാല്‍, കെഎംസിടി മെഡിക്കല്‍ കോളജ് പള്‍മനോളജി വിഭാഗം മേധാവി ഡോ. എ.കെ. അബ്ദുല്‍ ഖാദര്‍, ജില്ലാ ടിബി ഫോറം സെക്രട്ടറി ശശികുമാര്‍ ചേളന്നൂര്‍, ഡോ. കെ.കെ. ശിവദാസന്‍, പി.സി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ക്ഷയരോഗ നിര്‍മാര്‍ജനത്തിനായുള്ള പുതിയ ചികില്‍സാരീതി നാലു ഭാരവിഭാഗങ്ങളിലാണു രൂപപ്പെടുത്തിയിരിക്കുന്നത്.
പുതിയ ചികില്‍സ പ്രകാരം 25 കിലോ മുതല്‍ 39 കിലോവരെ ഭാരമുള്ള രോഗികള്‍ക്ക് രണ്ടു ഗുളികകളും 40 മുതല്‍ 54 കിലോവരെയുള്ളവര്ക്കു മൂന്നുഗുളികകളും, 55 മുതല്‍ 69 കിലോ വരെയുള്ളവര്‍ക്ക് നാലു ഗുളികകളും, 70 കിലോയ്ക്കുമുകളില്‍ ഭാരമുള്ളവര്ക്ക്അഞ്ചു ഗുളികകളുമാണ് കഴിക്കേണ്ടിവരിക.
ഡബ്ല്യുഎച്ച്ഒ കണ്‍സല്‍റ്റന്റ് ഡോ. മനു മാത്യു, ബാലുശ്ശേരി ടിസി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. എച്ച് ഷാമിനി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ചികില്സാരീതിയുമായി ബന്ധപ്പെട്ട പരിശീലനം നല്കി. ജില്ലാ ടിബി സെന്ററില്‍ എത്തിയിട്ടുള്ള പുതിയ മരുന്നുകള്‍ ഈമാസം അവസാനത്തോടെ ജില്ലയിലെ എല്ലാ ആശുപത്രികളിലും എത്തിക്കും.