ബദൽമാധ്യമ ചരിത്രത്തിലെ മഹാഗുരുവിനെക്കുറിച്ചുള്ള കാതരമായ ഓർമ്മകളെഴുതുന്നു, ആർ ബിജു
മാധ്യമ പ്രവർത്തനം തുടങ്ങുന്ന കാലത്ത്, ഇന്റെൺഷിപ്പിൽ തുടങ്ങി പിന്നീട് കരാറുകാരനായി ദേശാഭിമാനിയിൽ പണി പഠിച്ചു തുടങ്ങിയ കാലം. വാസുവേട്ടനും (ഐ വാസുദേവൻ) യുസിയും (യു സി ബാലകൄഷ്ണൻ) അബ്ബാസിക്കയും (കെ എം അബ്ബാസ്) അബൂബക്കർക്കയും (പി പി അബൂബക്കർ) മോഹനേട്ടനും (കെ എം മോഹൻദാസ്) രഘുവേട്ടനും (എം രഘുനാഥ്) രഞ്ജിത്ത് ഏട്ടനും (ആർ രഞ്ജിത്) ഒക്കെ പറഞ്ഞാണ് അബ്ദുക്കയെ അറിയുന്നത്.
അന്ന് കൊച്ചിയിലായിരുന്നു അബ്ദുക്ക. കേട്ട കഥകളിലൂടെയാണ് ആദ്യം അബ്ദുക്കയുടെ രൂപം മനസിലെത്തുന്നത്.പിന്നീടു ഒരു ദിവസം നേരിട്ട് കണ്ടു. ബഹുമാനവും പേടിയും ആരാധനയും ഒക്കെ ഒരുമിച്ചു ഇരച്ചെത്തിയ നിമിഷങ്ങൾ. ദൂരെ മാറിനിന്ന എന്നെ മധുവേട്ടൻ ((ടി ആർ മധുകുമാർ) ആണെന്ന് തോന്നുന്നു അബ്ദുക്കയ്ക്ക് പരിചയപ്പെടുത്തിയത്.
മെലിഞ്ഞു കൊലുന്നനെയുള്ള ശരീരം. കനമുള്ള ശബ്ദം. തീക്ഷ്ണമായ കണ്ണുകൾ. കൈപിടിച്ച് വിശേഷങ്ങൾ തിരക്കി.ആദ്യത്തെ പരിചയപ്പെടൽ. അന്നേ ചങ്ങാതിആയിരുന്നു ആ ഉപ്പയുടെ മകൻ രജീഷ് റഹ്മാൻ.
കൈരളി ടിവിയിൽ ജോലികിട്ടിയ കാലം. ദേശാഭിമാനി വിട്ടുപോകാൻ മാനസികമായി സന്നദ്ധനല്ലാതിരുന്ന എന്നെ പരുവപ്പെടുത്താൻ അന്നത്തെ ന്യൂസ് എഡിറ്റർ അബ്ബാസിക്ക തല്ക്കാലത്തേക്ക് കൊച്ചിയിലെ ദേശാഭിമാനി സുഹൃത്തുക്കളുടെ ഒപ്പം എന്നെ താമസിപ്പിച്ചു. അബ്ദുക്കയ്ക്ക് താമസിക്കാൻ നൽകിയ വീട് സത്യത്തിൽ ദേശാഭിമാനിയിലെ ജീവനക്കാർ അവരുടെ ആവാസകേന്ദ്രമാക്കുകയായിരുന്നു.അങ്ങി
മാസങ്ങൾ നീണ്ട ജീവിതത്തിനിടെ ഒരു ദിവസം അബ്ദുക്ക വന്നു. ഒരു വൈകുന്നേരം. ഫോട്ടോഗ്രാഫെർ മോഹനേട്ടനും (കെ മോഹനൻ) രമേശ് ബാബുവേട്ടനും (ടി കെ രമേഷ് ബാബു) എന്നെ അബ്ദുക്കയ്ക്ക് പരിചയപ്പെടുത്തി.
ഇവനെ എനിക്കറിയാമല്ലോ എന്ന ഭാവത്തിൽ അടുത്ത് വന്നു വിശേഷങ്ങൾ തിരക്കി. ഒരു പാട് പേരുടെ ആരാധനാമൊഴികളിലൂടെ മനസ്സിൽ ഇടം പിടിച്ച ആ മാധ്യമപ്രതിഭയുടെ അടുത്ത് അങ്ങിനെ നിന്നു. ” നീ പാടുമോടാ” പെട്ടെന്നായിരുന്നു അബ്ദുക്കയുടെ ചോദ്യം.
ഓൻ തബല മുട്ടുമെന്നു സുജിതാണ് ((പി വി സുജിത്) വെടിപൊട്ടിച്ചത്.
” ആണോ ഞാനും പഠിച്ചിട്ടുണ്ട് തബല”. പിന്നെ സംഭാഷണം തബലയെപ്പറ്റി ആയി.അടുക്കളയിലെ ചോറ് വെക്കുന്ന ചെമ്പ് പാത്രം തൽക്കാലത്തേക്ക് തബലയായി.. രാവിനെ പകലാക്കി പാട്ടിന്റെ പൂരം.. കെ പി എ സി നാടക ഗാനങ്ങളും ബാബുരാജും സൈഗാളും വിപ്ലവഗാനങ്ങളും വഴിഞ്ഞൊഴുകിയ രാത്രി..
“നീ ഇനി ഈ വീട് വിട്ടു എങ്ങോട്ടും മാറേണ്ട. ഇവിടെ ഇവരുടെ കൂടെ കൂടിക്കോ” – രാത്രി പോകുന്നതിനു മുന്പ് അബ്ദുക്കയുടെ നിർദേശം.അങ്ങിനെ താല്ക്കാലിക താമസക്കാരനായ ഞാനും ആ വീട്ടിലെ അന്തേവാസിയായി.
പിന്നെ പല വൈകുന്നേരങ്ങളിൽ അബ്ദുക്ക വന്നു.കൈരളി വിട്ടുവന്നാൽ ഒഴിവുള്ള നേരങ്ങളിൽ ദേശാഭിമാനിയിൽ പോയി അബ്ദുക്കയെ കാണുക പതിവായി. സംഭാഷണങ്ങൾക്കിടെ വീണുകിട്ടുന്ന മാധ്യമ സംബന്ധിയായ അറിവുകൾ മനസ്സിൽ കുറിച്ചിട്ടു. തുടക്കക്കാരനായ എനിക്ക് വലിയ നിധിയായിരുന്നു ആ കൂടിക്കാഴ്ചകൾ.
ദേശാഭിമാനിയിൽ നിന്നു വിരമിച്ചിട്ടും നിത്യവും രാവിലെ എഴുന്നേറ്റു കൊച്ചി ദേശാഭിമാനിയിൽ കയറി തൊട്ടടുത്ത ചായക്കടയിൽ നിന്നും ചായകുടിച്ചു പത്രവും നോക്കി വീട്ടിലേക്കു മടങ്ങുന്ന അബ്ദുക്കയെ പലതവണ കണ്ടു. അപ്പോഴെല്ലാം കൈപിടിച്ച് തോളത്തുതട്ടി കുശലാന്വേഷണം നടത്തിയിരുന്നു ആ ജ്ഞാനസ്നേഹം.
അബ്ദുക്ക എന്നെ പഠിപ്പിച്ചിട്ടില്ല. എന്നാൽ പഠിപ്പിക്കാതെ പലതും പറഞ്ഞുതന്നു അന്ന് മാധ്യമലോകത്തെ തുടക്കക്കാരനായ എനിക്ക്. എനിക്ക് മാത്രമല്ല അദേഹത്തെ അറിഞ്ഞവർക്കെല്ലാം വലിയ തണലായിരുന്നു ആ വൻമരം. ആ ചോലയിൽ വെയിലേറ്റുകരിയാതെ ഒട്ടേറെ തൈകൾ മുളച്ചു.
ചിലത് വേരുകൾ മറന്നു ആകാശത്തോളം പടർന്നു. ചിലത് വേരുകളാഴ്ത്തി കാതലുറ്റവയായി. ചിലത് മരത്തോടു ചേർന്ന് പടർന്നു. ആ തണലിനു കീഴെ ആരും കരിഞ്ഞില്ല.
മൂന്നുകൊല്ലം മുന്പ് രജീഷിനൊപ്പം വീട്ടിൽ ചെന്നാണ് അബ്ദുക്കയെ കണ്ടത്. ഏറെനേരം സംസാരിച്ചു. രാഷ്ട്രീയവും മാധ്യമ ലോകവും എല്ലാം വിഷയമായി.
തീരെ വയ്യ എന്ന് രജീഷ് പറഞ്ഞപ്പോഴേ മനസ്സിൽ തീരുമാനിച്ചിരുന്നു, കിടന്നുപോയ അബ്ദുക്കയെ കാണില്ല എന്ന്. ഊര്ജ്വസ്വലനായ അബ്ദുക്കയുടെ ചിത്രമാണ് ഇപ്പോഴും ഉള്ളിൽ. അത് അങ്ങിനെ അവിടെ നില്ക്കട്ടെ.
പ്രിയപ്പെട്ട അബ്ദുക്ക, പ്രണാമം.