Home » ഇൻ ഫോക്കസ് » മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറിയെന്ന് ആരോപണം

മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറിയെന്ന് ആരോപണം

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറിയാണെന്ന ആരോപണവുമായി വ്യാപാരവ്യവസായ ഏകോപന സമിതി. എല്ലാ വര്‍ഷവും മിഠായിത്തെരുവില്‍ ഉണ്ടാകുന്ന തീപിടുത്തങ്ങള്‍ അട്ടിമറിയാണെന്നും അതിനാലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതെന്നും വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.

ഇത്തവണ ഉണ്ടായ തീപിടുത്തം യാദൃശ്ചികമല്ല, കത്തിച്ചതാണ്.കത്തിച്ചശേഷം ഒരാള്‍ കടയില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കടയ്ക്ക് പിറകില്‍ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ ആ കട കത്തിയിരിക്കും എന്ന അവസ്ഥയാണ്. ഒരു വര്‍ഷത്തിനുളളില്‍ ഇനിയും തീപിടുത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആറുതവണയോളം മിഠായിത്തെരുവില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു.എന്നാല്‍ ഇതുവരെ ഒരു അന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 22നാണ് മിഠായിത്തെരുവില്‍ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുളള മോഡേണ്‍ എന്ന തുണിക്കടയില്‍ തീ പടര്‍ന്നത്. പിന്നീട് അടുത്തുളള അഞ്ചുകടകളിലേക്ക് കൂടീ തീ പടരുകയായിരുന്നു. ആറ് ഫയര്‍ എന്‍ജിനുകള്‍ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Leave a Reply