സ്ത്രീ സുരക്ഷ മുഖ്യ ചര്‍ച്ചാവിഷയമായിരിക്കെ വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കി കോഴിക്കോട്ടും പിങ്ക് പോലീസ് പെട്രോളിങ് ആരംഭിച്ചു.രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ നഗരത്തിന്റെ രണ്ടു ഭാഗങ്ങളിലായി പിങ്ക് പോലീസിന്റെ സേവനം ലഭ്യമാകും.അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയ 22 വനിതാ പോലീസുകാരാണ് പിങ്ക് പോലീസ് പ്രെട്രോളിങ് സംഘത്തിലുള്ളത്.
പിങ്ക് പോലീസ് സേവനത്തിനായി സിറ്റി പോലീസ് കണ്ട്രോള് റൂം നമ്പറായ 100 ലോ ഹെല്പ് ലൈന്‍ നമ്പറായ 1090ലോ വിളിക്കാം. ഒരാഴ്ചക്ക് ശേഷം 1515 എന്ന നമ്പറിലേക്ക് വിളിക്കാം.കോളുകള്‍ എടുക്കുന്നവര്‍ മുതല്‍ വാഹനത്തിലെ ഡ്രൈവര്‍ വരെ എല്ലാ ഉദ്യോഗസ്ഥരും വനിതകളായിരിക്കും.
സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം.
പിങ്ക് നിറത്തിലുള്ള രണ്ട് കാറുകളാണ് ഇപ്പോളുള്ളത്. നോര്‍ത്ത്,സൗത്ത് ബീച്ചുകള്‍ കേന്ദ്രീകരിച്ചാണ് രണ്ട് വാഹനങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.വാഹനത്തിന് പുറത്തുള്ള ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യം തത്സമയം കണ്ട്രോള് റൂമിലെ മോണിറ്ററിലെത്തും.ജിഐഎസ്-ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് ഫോണ്‍ കോളുകള്‍ വന്ന സ്ഥലം കണ്ടെത്തുക.
നിലവില്‍ കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളില്‍ പിങ്ക് പോലീസ് സൗകര്യമുണ്ട്.
