രാത്രി സുരക്ഷ ഉറപ്പാക്കാന്‍ ഇനി മുതല്‍ പോലീസിന്റെ നൈറ്റ് റൈഡേഴ്സ് റോഡിലിറങ്ങും. വാഹനപരിശോധനക്കായി ഒരിടിത്ത് നിലയുറപ്പിക്കാതെ നഗരത്തിന്റെ മുക്കിലും മൂലയിലും സദാസമയവും ചുറ്റിക്കറങ്ങി സുരക്ഷ ഉറപ്പുവരുത്തുകയെന്ന ദൗത്യവുമായാണ് സേനാംഗങ്ങള്‍ നിരത്തിലിറങ്ങിയത്.
രാത്രിയില്‍ സ്ഥിരം കാണാറുള്ള ചില്ലിട്ട കണ്ട്രോള് റൂം വാഹനത്തിനു പുറമേയാണു പോലീസിലെ യുവാക്കളെ ഉള്‍പ്പെടുത്തി രൂപീകരിച്ച നൈറ്റ് റൈഡേഴ്സ് നിരത്തിലിറങ്ങുന്നത്. കോഴിക്കോട് സിറ്റി പോലീസാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെയാണു ബൈക്കില്‍ സഞ്ചരിച്ചുള്ള പോലീസിന്റെ നൈറ്റ് പെട്രോളിങ് . എം.എസ്.പി.യില്‍ നിന്നും മറ്റും പരിശീലനം പൂര്‍ത്തീകരിച്ച് എ.ആര്. ക്യാമ്പുകളിലെത്തിയ പോലീസിന്റെ പുതിയ ബാച്ചില്‍ നിന്നുള്ള 15 പേരേയും കണ്ട്രോള് റൂമില്‍ നിന്നുള്ള 15 പേരേയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
15 ബൈക്കുകളിലാണ് 15 മേഖലകളിലായി നൈറ്റ് റൈഡേഴ്സ് പെട്രോളിങ് നടത്തുന്നത്. ഒരു ബൈക്കില്‍ രണ്ടുപേരാണുണ്ടാവുക. ഇവര്‍ക്ക് വയര്‍ലെസ് സെറ്റും നല്‍കും. ബൈക്ക് വണ്‍, ബൈക്ക് ടു എന്നിങ്ങനെയാണ് സംഘാംഗങ്ങളെ അറിയപ്പെടുക. ഓരോ സ്റ്റേഷന് പരിധിയിലേക്കും വിന്യസിപ്പിച്ചവരുടെ നമ്പറുകള്‍ കണ്ട്രോള് റൂമിലുണ്ടാവും. സ്റ്റേഷന് പരിധിയില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടെന്ന വിവരം ലഭിച്ചാല്‍ കണ്ട്രോള് റൂമില്‍ നിന്നും നൈറ്റ് റൈഡേഴ്സിനെ അറിയിക്കും. നൈറ്റ് റൈഡേഴ്സിന്റെ പെട്രോളിങ് വിവരങ്ങളും തത്സമയം കണ്ട്രോള് റൂമില്‍ അറിയാനാവും.
സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥാണ് പുതിയ പദ്ധതി നടപ്പാക്കിയത്. നോഡല്‍ ഓഫീസര്‍ കണ്ട്രോള് റൂം അസി. കമ്മഷണര്‍ സുബൈറാണ്. എസ്.ഐ: ടി.ജെ. സുരേഷാണ് സംഘാംഗങ്ങളെ നിയന്ത്രിക്കുന്നത്. നഗരപരിധിയില്‍ വര്‍ധിച്ചുവരുന്ന കവര്‍ച്ച , സാമൂഹ്യ വിരുദ്ധ -ലഹരിമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ പദ്ധതി നടപ്പാക്കുന്നത്. നേരത്തെ ക്വട്ടേഷന്‍ -ഗുണ്ടാസംഘങ്ങളെ തുരത്താന്‍ ‘സ്പൈഡേഴ്സ് ‘ സംഘത്തെ രൂപീകരിച്ചിരുന്നുവെങ്കിലും പദ്ധതി പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു.