കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ അപര്യാപ്തതകൾക്ക് പരിഹാരമാകുന്നു. പുതുതായി ചുമതലയേറ്റ സൂപ്രണ്ട് ഡോ. മുഹമ്മദ് ഫാറൂഖിന്റെ നേതൃത്വത്തിലാണ് ആശുപത്രി മുഖം മിനുക്കാനൊരുങ്ങുന്നത്. ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിക്കൽ, ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ സമഗ്രമായ നവീകരണമാണ് പ്രാബല്യത്തിൽ വരുന്നത്. ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി മൂന്ന് മെഷീനുകൾ കൂടി ഉടൻ എത്തിക്കുമെന്ന് സൂപ്രണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് പറഞ്ഞു. ജീവനക്കാരടക്കം ഡയാലിസിസ് യൂണിറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും.
രക്തത്തിലെ ഡബ്ല്യുബിസി പോലുള്ള ഘടകങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളോട് കൂടിയ യൂണിറ്റുകൾ ബ്ലഡ് ബാങ്കിനോട് ചേർന്ന് ഉടൻ ആരംഭിക്കും. നിലവിൽ ഇവ വേർതിരിച്ച് സൂക്ഷിക്കുന്നത് കോട്ടപറന്പ്, മെഡിക്കൽകോളജ് എന്നിവിടങ്ങളിലാണ്.
രോഗികൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഫാർമസിയിലെ നീണ്ട നിര. കൗണ്ടറുകളുടെയും ഫാർമസിസ്റ്റുകളുടെയും കുറവ് മൂലം മണിക്കൂറുകളോളം കാത്തിരുന്നാൽ മാത്രമാണ് മരുന്നുകൾ ലഭിക്കുക. ഇതുകാരണം സൗജന്യമായി ലഭിക്കുന്ന മരുന്ന് വലിയ വില കൊടുത്ത പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലായിരുന്നു രോഗികൾ. ഇതിന് പരിഹാരമായി ഇന്നലെ ഫാർമസിയിൽ പുതിയ കൗണ്ടർ ആരംഭിച്ചു. ആശുപത്രി വികസന സൊസൈറ്റിയുമായി കൂടിയാലോചിച്ചശേഷം നാല് കൗണ്ടറുകൾ കൂടി തുറക്കുമെന്നും ജീവനക്കാരെ നിയമിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ശിപാർശ ഡിഎംഒ ക്ക് നൽകിയിട്ടുണ്ട്. ശുചീകരണ വിഭാഗത്തിലുണ്ടായിരുന്ന 11 ഒഴിവുകളിലും ആളുകളെ നിയമിച്ചു. പാർട്ട് ടൈം ജീവനക്കാരെ ഉടൻ നിയമിക്കും. ആർഎസ്ബിവൈ പദ്ധതിയുടെ 50 ശതമാനം അലവൻസിൽ ആശുപത്രിയിലേക്ക് ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാം.ഡാറ്റാ എൻട്രി ഓപ്പറേറ്റർ,ഫാർമസിസ്റ്റ്, ലാബ് ടെക്നീഷൻ, ഇസിജി ടെക്നീഷൻ തുടങ്ങിയവരെ ഇപ്രകാരം നിയമിക്കും. ആശുപത്രിയ നേരിടുന്ന മറ്റൊരു അടിസ്ഥാന പ്രശ്നമാണ് വർഷങ്ങളുടെ പഴക്കമുള്ള ഇലക്ട്രിക്കൽ വയറിംഗ്. ആശുപത്രിയിലെ പുതിയ ചികിത്സാ യൂണിറ്റുകളുടെ പ്രവർത്തനം താങ്ങാൻ ശേഷിയില്ലാതെ എക്സറേ യൂണിറ്റ് കത്തി നശിച്ചത് അടുത്ത കാലത്താണ്. ഇതിന് പരിഹാരമായി സബ്ബ് സ്റ്റേഷൻ സ്ഥാപിക്കാൻ 85 ലക്ഷം രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കും. കാത്ത് ലാബിനായുള്ള പ്രൊപ്പോസൽ ഡിഎംഒ ക്ക് അയച്ചിട്ടുണ്ട്.
വൈകല്യമുളള കുട്ടികൾക്കായുള്ള പുനരധിവാസ പ്രവർത്തനത്തിന് പുതിയ കെട്ടിടമടക്കമുള്ള പദ്ധതികളും നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
