Home » നമ്മുടെ കോഴിക്കോട് » വരള്‍ച്ച നേരിടാന്‍ സമഗ്ര പദ്ധതികളുമായി ജില്ലാ ഭരണകൂടം
Drought

വരള്‍ച്ച നേരിടാന്‍ സമഗ്ര പദ്ധതികളുമായി ജില്ലാ ഭരണകൂടം

ജില്ലയിലെ വരള്‍ച്ച നേരിടാന്‍ ഭൂഗര്‍ഭജല സ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ജലസാക്ഷരത ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു.കോഴിക്കോട്
കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍. കുറ്റ്യാടി കനാല്‍ വെള്ളം പോകുന്ന സ്ഥലങ്ങളിലെ പൊതുകുളങ്ങള്‍ കണ്ടെത്തി സംരക്ഷിക്കും.

ഉപേക്ഷിക്കപ്പെട്ട ക്വാറികളിലെ ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപടി സ്വീകരിക്കും. ഭൂഗര്‍ഭജല വകുപ്പ്, സിഡബ്ല്യുആര്‍ഡിഎം, ജിയോളജി വകുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും. ജലസ്രോതസ്സുകളിലെയും ക്വാറികളിലെയും മാലിന്യ നിക്ഷേപം തടയുന്നതിനു പൊലീസിനു ജാഗ്രതാ നിര്‍ദേശം നല്‍കും.

ആശുപത്രികളിലും ഫ്‌ളാറ്റുകളിലും മറ്റും പാഴ്വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ക്കും. ജലസാക്ഷരതാ ക്യാംപെയിനുകള്‍ സംഘടിപ്പിക്കും. സ്വകാര്യ കുളങ്ങള്‍ ഉള്‍പ്പെടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വഴി സംരക്ഷിക്കും. രണ്ടു മാസത്തെ മുഴുവന്‍ പദ്ധതികളും ഇതിനായി മാറ്റിവയ്ക്കും. കുടിവെള്ള സ്രോതസ്സുകളായി ഉപയോഗിക്കാവുന്ന 385 കുളങ്ങള്‍ ജില്ലയിലുള്ളതായി സിഡബ്ല്യുആര്‍ഡിഎം അറിയിച്ചു. കിണര്‍ റീചാര്‍ജിങ്ങിനുള്ള ദീര്‍ഘകാല പദ്ധതി ജില്ലാ ദുരന്തനിവാരണ മിഷന്റെ നേതൃത്വത്തില്‍ തയാറാക്കും. തൊഴിലുറപ്പു പദ്ധതിയും ഇതിനായി ഉപയോഗപ്പെടുത്തും. 25 ശതമാനം വരെ ജലം ടാപ്പുകളിലൂടെ പാഴാവകുന്നുണ്ട്. ഇതു തടയാന്‍ ബോധവല്‍ക്കരണം നടത്തും. ശുദ്ധജലം കുടിവെള്ള ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതു നിയന്ത്രിക്കണമെന്നു യോഗം നിര്‍ദേശിച്ചു. കോഴിക്കോട്, ബാലുശ്ശേരി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകളാണ് ജലലഭ്യത കുറഞ്ഞ മേഖലകളായി സിഡബ്ല്യുആര്‍ഡിഎം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഈ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കും. യോഗത്തില്‍ സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസത്രജ്ഞരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply