ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ മലേറിയ പടരുന്നതായി റിപ്പോര്‍ട്ട്. മാങ്കാവ്- തിരുവണ്ണൂര്‍ റോഡില്‍ വാടകവീട്ടില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിക്കാണ് മലേറിയ സ്ഥിതീകരിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒട്ടേറെ വീടുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്നുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്കവീടുകളിലും ഇവരുടെ താമസം. ഇവരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഒരുവീട്ടില്‍ കിണറിനു സമീപത്തുതന്നെയാണ് കക്കൂസ് മാലിന്യത്തിന്റെ ടാങ്ക് ഉള്ളത്. ഇതിന്റെ സ്ലാബ് ഇളകിമാറിയനിലയിലും. ഇതില്‍ നിന്നും കൊതുകുകള്‍ കൂട്ടത്തോടെ ഉയര്‍ന്നു പൊങ്ങുകയാണ്. ഇന്നലെ ബീച്ച് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം ഇവിടെ പരിശോധന നടത്തി. മലേറിയ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് രക്തപരിശോധന ക്യാംപും സംഘടിപ്പിക്കുന്നുണ്ട്. പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ രക്തം ശേഖരിക്കാനുള്ള കാര്യങ്ങള്‍ വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഒരു വീട്ടില്‍ നാല് മുറികളിലായി 50 ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്ക്കുന്നുണ്ടെന്നു പന്നിയങ്കര ഹെല്‍ത്ത് വിഭാഗത്തില്‍ നാട്ടുകാര്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു പരാതി പറയുന്നു. ജനവാസമേഖലകളില്‍ ഇത്തരത്തില്‍ വൃത്തിഹീനമായി കഴിയുന്നതിനെതിരെ സമീപവാസികളും എതിര്‍ത്തിരുന്നു. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഓഫിസില്‍ എത്തി പരാതി പറഞ്ഞിട്ടും ആരും വന്നു പരിശോധന നടത്തിയില്ലെന്നും ഇവിടെയുള്ളവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇങ്ങനെ താമസിക്കുന്നവരില്‍ ഒരാള്‍ക്ക് മലേറിയ പിടിപെട്ടതോടെ ആരോഗ്യവിഭാഗം ഇവിടെയെത്തി പരിശോധന നടത്തി. ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥയാണ് ഇവിടെ ഇത്തരത്തിലുള്ള രോഗം കണ്ടെത്താനുള്ള കാരണമെന്നും ഇവര്‍ പറയുന്നു. പ്രദേശത്ത് ഒട്ടേറെ അങ്കണവാടികളും പ്രവര്‍ത്തിക്കുന്നുണ്ട്.