തുടര്‍ച്ചയായി അഞ്ചുമണിക്കൂര്‍ ഗായത്രിവീണ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മി റെക്കോര്‍ഡിന്റെ തിളക്കത്തില്‍. ഹോട്ടല്‍ സരോവരത്തില്‍ രാവിലെ പത്ത് മണിക്ക് സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത വീണമീട്ടല്‍ വൈകുന്നേരം മൂന്ന് മണിക്ക് അവസാനിപ്പിക്കുമ്പോഴേക്കും 67 ഗാനങ്ങള്‍ വിജയലക്ഷ്മി വായിച്ചു കഴിഞ്ഞിരുന്നു. ആദ്യ മൂന്നുമണിക്കൂര്‍ ശാസ്ത്രീയ സംഗീതവും തുടര്‍ന്നുളള രണ്ടുമണിക്കൂര്‍ സിനിമാഗാനങ്ങളുമാണ് അവതരിപ്പിച്ചത്. വിജയലക്ഷ്മയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് സംഗീത സംവിധായകന് എം.ജയചന്ദ്രനായിരുന്നു. ഗായത്രിവീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം.ജയചന്ദ്രന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
തുടര്‍ന്ന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം അധികൃതര്‍ വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടത്തിലെത്തിയതായി പ്രഖ്യാപിച്ചു. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിജയലക്ഷ്മിക്ക് കൈമാറി. സംഗീതസംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ട്രോഫി സമ്മാനിച്ചു. റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു.
പിതാവ് തന്നെ നിര്‍മിച്ചുനല്‍കിയ ഉപകരണത്തിലൂടെയാണ് വിജയലക്ഷ്മി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഒറ്റകമ്പി മാത്രമുളള ഈ അപൂര്‍വ സംഗീതോപകരണം കഴിഞ്ഞ 20 വര്‍ഷമായി വിജയലക്ഷ്മിക്ക് കൂട്ടുണ്ട്. സംഗീത സംവിധായകന് എം. ജയചന്ദ്രന്, മുന്‍മന്ത്രി ബിനോയ് വിശ്വം, ആചാര്യ ആനന്ദ് കൃഷ്ണ, അഡ്വ. ഹരിദാസ് എറവക്കാട് എന്നിവര്‍ക്ക് പുറമേ നിരവധി സംഗീത പ്രേമികളും റെക്കോര്‍ഡ് പ്രകടനത്തിന് സാക്ഷിയായി.
ഗിന്നസ്, ലിംക റെക്കോര്‍ഡ് ബുക്കുകളിലും വൈകാതെ വിജയലക്ഷ്മിയുടെ പേര് എഴുതി ചേര്‍ക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി.മുരളീധരന്- പി.കെ. വിമല ദമ്പതികളുടെ മകളാണ് വൈക്കം വിജയലക്ഷ്മി. കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് ഇവര്‍ ഏറെ പ്രശസ്തയായത്. മികച്ച ഗായികയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ഗായികയെ തേടിയെത്തിയിരുന്നു.