വിദ്യാര്‍ഥികളുടെ ലൈസന്‍സില്ലാത്ത ഇരുചക്രവാഹനയാത്രക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ്. മൂന്നുപേരെ ഇരുത്തിയുള്ള വിദ്യാര്‍ഥികളുടെ ബൈക്ക് യാത്ര കൂടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവരെ കൈകാര്യം ചെയ്യാനും പദ്ധതിയുണ്ട്. ഇങ്ങനെ പോകുന്നവരെ പിന്തുടര്ന്നു പിടിക്കുന്നത് അപകടമായതിനാല്‍ പൊതുവെ പൊലീസുകാര്‍ അതിനു മുതിരാറില്ല. അതിനാല്‍, വേറെ മാര്‍ഗത്തിലൂടെ അവരെ നിയമത്തിനു മുന്പില് കൊണ്ടുവരാനാണ് നീക്കം.
പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ വണ്ടിയുടെ ഉടമസ്ഥനോ മൂന്നു മാസം വരെ തടവ് ശിക്ഷ വിധിക്കാനും മോട്ടോര്‍ വാഹന വകുപ്പ് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പക്ഷെ ഇത്തരം നടപടികളിലേക്ക് നീങ്ങാറില്ലെന്നു മാത്രം. പകരം ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ 3500 രൂപ വരെ പിഴ ഈടാക്കാറാണ് ചെയ്യാറ്. ചെയ്ത തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ബോധവല്‍ക്കരണവും നടത്തുന്നു. മൂന്നു പേരുമായി ലൈസന്‍സുള്ളയാളാണ് ഇരുചക്ര വാഹനം ഓടിച്ചതെങ്കില്‍ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും നിയമമുണ്ട്. ലൈസന്‍സില്ലാതെയോ ഇന്ഷുറന്സില്ലാതെയോ ആരെങ്കിലും വാഹനം ഓടിച്ച് അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തുക വാഹന ഉടമയോ വണ്ടി ഓടിച്ചയാളോ നല്‍കണം. പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനം ഓടിച്ച് അപകടം വരുത്തിയാല്‍ രക്ഷകര്‍ത്താവ് തുക നല്‍കേണ്ടിവരും.
കോഴിക്കോട് ആര്‍ടിഒ ഓഫിസിനു കീഴില്‍ മോട്ടോര്‍ വാഹന വകുപ്പ് ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയില്‍ 1945 കേസുകളിലായി 18,28,450 രൂപയാണ് പിഴയായി ഈടാക്കിയത്. റോഡു സുരക്ഷാ മാസാചരണം നടക്കുന്നതിനാല്‍ പ്രത്യേക സ്ക്വാഡായാണ് പരിശോധന. പരിശോധന അറിയിക്കരുത് പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പരിശോധന നടത്തുന്നത് കണ്ടാല്‍ ഉടനെ ഡിം ലൈറ്റിട്ട് മറ്റു വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്കുന്ന ചിലരുണ്ട്. കാരണം ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാത്തവരുണ്ടെങ്കില് ശ്രദ്ധിക്കണമെന്നാണ് ഇതുകൊണ്ടു പലരും ഉദ്ദേശിക്കുന്നതെങ്കിലും ലഹരിമരുന്ന് വില്പന സംഘങ്ങള്‍, മോഷ്ടാക്കള്‍ തുടങ്ങിയവര്‍ വരെ പലപ്പോഴും രക്ഷപ്പെടാറുണ്ട്.