കോഴിക്കോട് ജില്ലയില്‍ ലൈറ്റ് മെട്രോയുടെ സ്റ്റേഷനുകള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിനുമുന്നോടിയായി സര്‍വേ നടത്താന്‍ വിജ്ഞാപനമായി. 14 സ്റ്റേഷനുകള്‍ക്കായി 1.47 ഹെക്ടറോളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. കല്ലിട്ട് അതിര്ത്തിതിരിക്കാനായി ഡി.എം.ആര്.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വേ ഉടനുണ്ടാവുമെന്നാണ് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്പറേഷന് അധികൃതര്‍ പറയുന്നത്.
ഭൂമിയേറ്റെടുക്കലിനായി കളക്ടറേറ്റില്‍ പ്രത്യേകവിഭാഗം തുടങ്ങിയിട്ടുണ്ട്. നഗരറോഡ് വികസനത്തിനുള്ള അതേ റവന്യൂ യൂണിറ്റിനാണ് ചുമതല. സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വേയുടെയും ഭൂമിയില്‍ സ്റ്റേഷനുകള്‍ വരുന്നുണ്ട്. അതുകഴിച്ചുള്ള സ്ഥലമാണ് ഏറ്റെടുക്കുന്നത്. ലൈറ്റ് മെട്രോ ഡിപ്പോയ്ക്ക് മെഡിക്കല്‍ കോളേജില്‍ നേരത്തെ ഭൂമി കൈമാറിയിട്ടുണ്ട്. പക്ഷേ, പദ്ധതി തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിന് പദ്ധതി സമര്‍പ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും അനുമതി കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ വായ്പയെടുത്ത് പ്രവൃത്തി തുടങ്ങാമെന്ന് ഡി.എം.ആര്.സി. നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല. എന്നാല്‍, കേന്ദ്ര അനുമതി വൈകുന്നതിനാല്‍ സ്ഥലമെടുപ്പ് തുടങ്ങുകയാണെന്നാണ് കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്പറേഷന് പറയുന്നത്.
അനുമതി ലഭിക്കുന്നതോടെ ബാക്കിനടപടികള്‍ തുടരാമെന്നാണ് കരുതുന്നത്. കേന്ദ്രാനുമതി വൈകിയാല്‍ അവരുടെ ഫണ്ട് കിട്ടുന്നത് വൈകുക മാത്രമേയുള്ളൂ എന്നാണ് ഡി.എം.ആര്.സി. പറയുന്നത്. കഴിഞ്ഞ ബജറ്റിലും ലൈറ്റ് മെട്രോയ്ക്കായി ഫണ്ട് വകയിരുത്തിയിട്ടില്ല. അതുകൊണ്ട് പദ്ധതിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നുണ്ട്.
ഇതോടൊപ്പം മാനാഞ്ചിറ-മീഞ്ചന്ത റോഡിന്റെ വികസനവും ഡി.എം.ആര്.സി.യെ ഏല്‍പ്പിക്കണമെന്ന് ഇ. ശ്രീധരന്‍തന്നെ പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും നിലപാടറിയിച്ചിട്ടില്ല. മാനാഞ്ചിറ-മീഞ്ചന്തറോഡ് വീതികൂട്ടിയാലേ ലൈറ്റ് മെട്രോയുടെ പ്രവൃത്തി തുടങ്ങാന്കഴിയൂ.