അറിവും കഴിവും താത്പര്യവും ഒന്നിച്ചാല്‍ മാത്രമേ വിജയം കൈവരിക്കാനാവൂ എന്ന് കോഴിക്കോട് തിരിച്ചറിഞ്ഞിരിക്കുന്നു. അഭിരുചിയും കഴിവും തിരിച്ചറിഞ്ഞ് പഠന മേഖലകള്‍ തെരഞ്ഞെടുത്ത് നാളെയുടെ വാഗ്ദാനങ്ങളാവാന് കോഴിക്കോടിനെ പഠിപ്പിക്കുകയാണ് കൗശല്കേന്ദ്ര. തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സിക്സ് ആന്‍ഡ് എക്സലന്‍സ് ആണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കൗശല്കേന്ദ്ര നടത്തുന്നത്. പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസം പിന്നിട്ടെങ്കിലും കൗശല്‍ കേന്ദ്രയെ കുറിച്ച് ജനങ്ങള്‍ക്ക് പൂര്‍ണ അറിവ് ലഭിച്ച് തുടങ്ങിയിട്ടില്ല.
മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിയുടെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കൗശല്‍ കേന്ദ്രയില്‍ സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എത്തുന്നു. നൂറ് രൂപ നല്കി രജിസ്റ്റര്‍ ചെയ്താല്‍ കേന്ദ്രത്തിലെ ഡിജിറ്റല്‍ ലൈബ്രറിയും യഥേഷ്ടം ഉപയോഗിക്കാം. 1.40 ലക്ഷം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഡിജിറ്റലായി ലഭ്യമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറിയുടെ വക പഠനസഹായവുമുണ്ട്. സയന്‍സ് വിഷയങ്ങളുടെ സിലബസും പഠന സഹായവും ലഭ്യം.
ഇംഗ്ലീഷ് ഉള്‍പ്പെടയുള്ള ഭാഷകളില്‍ പ്രാവീണ്യം നേടാനും നന്നായി സംസാരിക്കാന്‍ സഹായിക്കുന്നതിനുമായി ലാംഗ്വേജ് ലാബും സജ്ജമാക്കിയിട്ടുണ്ട്. 60 മണിക്കൂറുള്ള പാഠ്യപദ്ധതി ഒരു ദിവസം രണ്ട് മണിക്കൂര്‍ വെച്ച് ഒരുമാസംകൊണ്ട് പൂര്‍ത്തിയാക്കാം. ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഡിവിഷന് കോഴിസും കൈശല് കേന്ദ്രയിലുണ്ട്. കുട്ടികളുടെ അഭിരുചി കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖല തെരഞ്ഞെടുക്കാന്‍ കരിയര്‍ ഡിവിഷന് കോഴസ് സഹായിക്കും.
കുട്ടികള്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുത്ത ചില മേഖലകളില്‍ പരിശീലനവും നല്‍കുന്നുണ്ട്. ഇപ്പോള്‍ മള്‍ട്ടി ബ്രോഡ് ബാന്‍ഡ് ടെക്നിഷ്യന്‍ കോഴ്സാണ് നല്‍കുന്നത്. 150 മണിക്കൂര്‍ നീളുന്ന പരിശീലനം കഴിഞ്ഞാല്‍ 70 ശതമാനം പ്ലേസ്മെന്റ് ഉറപ്പുനല്‍കുന്നു. 15000 രൂപയാണ് കോഴ്സ് ഫീസെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ 10000 രൂപ തിരികെ ലഭിക്കും. നല്ലൊരു നാളേയ്ക്കായി അഭിരുചി കണ്ടെത്തി തൊഴില്‍ മേഖല തെരഞ്ഞെടുക്കാന്‍ കോഴിക്കോടിന്റെ വഴികാട്ടിയായി കൗശല്കേന്ദ്ര മാറുമെന്ന് ഉറപ്പാണ്.