Home » കലാസാഹിതി » എഴുത്തുമേശ » മാര്‍ക്‌സിസത്തിന് ചരമക്കുറിപ്പെഴുതാനുള്ള നവമുതലാളിത്തത്തിന്റെ മോഹങ്ങള്‍ക്കേല്‍പ്പിച്ച കനത്തപ്രഹരമായിരുന്നു ഗ്രാംഷിയുടെ ചിന്തകള്‍. ഗ്രാംഷി ചിന്തകളുടെ സമഗ്രസമാഹാരം ആദ്യമായി മലയാളത്തിൽ

മാര്‍ക്‌സിസത്തിന് ചരമക്കുറിപ്പെഴുതാനുള്ള നവമുതലാളിത്തത്തിന്റെ മോഹങ്ങള്‍ക്കേല്‍പ്പിച്ച കനത്തപ്രഹരമായിരുന്നു ഗ്രാംഷിയുടെ ചിന്തകള്‍. ഗ്രാംഷി ചിന്തകളുടെ സമഗ്രസമാഹാരം ആദ്യമായി മലയാളത്തിൽ

ഗുലാബ് ജാന്‍

അന്റോണിയോ ഗ്രാംഷിയുടെ കൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്നത് പതിനഞ്ച് വര്‍ഷത്തോളമായി കൊണ്ടുനടക്കുന്ന വലിയൊരു ആഗ്രഹമായിരുന്നു. അത് പൂര്‍ത്തീകരിച്ച് അച്ചടിയിലേക്ക് അയച്ചതോടെ പലഘട്ടത്തിലും ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ച ആ മോഹം സഫലമാകുകയാണ്. അതിനായി ആത്മാര്‍ത്ഥമായി കൂടെനിന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി……
രണ്ട് വാല്യങ്ങളായണ് ഗ്രാംഷിയുടെ രചനകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഓന്നാം വാല്യത്തില്‍ 1926- ല്‍ അന്റോണിയോ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാംഷി ഒരു സോഷ്യലിസ്റ്റാകുന്നതിന് മുമ്പ് സാര്‍ഡീനിയയിലെ സ്‌കൂളില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായി പഠിച്ചു കൊണ്ടിരുന്നപ്പോള്‍ അതായത് 20-ാം വയസ്സില്‍ എഴുതിയ ”മര്‍ദ്ദിതരും മര്‍ദ്ദകരും” മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവാകുന്നത് വരെയുള്ള ലേഖനങ്ങളാണ് അതില്‍ ആദ്യ ഭാഗത്തുള്ളത്. 1921 ജനുവരിയില്‍ ലിവോര്‍ണോയില്‍ നടന്ന ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപക കോണ്‍ഗ്രസ്സു മുതല്‍ 1926 ഒക്‌ടോബറില്‍ ഗ്രാംഷി അറസ്റ്റിലാകുന്നതുവരെയുളള ഏറെക്കൂറെ ആറു വര്‍ഷക്കാലത്തെ ലേഖനങ്ങളില്‍ നിന്നു തെരഞ്ഞെടുത്തവയാണ് രണ്ടാം ഭാഗത്ത് വരുന്നത്. ദേശീയവാദിയായ ഒരു യുവാവില്‍നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള ആശയപരിണാമത്തിന്റെ അടയാളങ്ങള്‍ ഈ രചനകളില്‍ കാണാം. ഗ്രാംഷിയുടെ രചനകളുടെ ചെറിയൊരംശം മാത്രമേ ഇവിടെ സമാഹരിച്ചിട്ടുള്ളു. പ്രധാനമായും സ്വീകരിച്ച ഒരു മാനദണ്ഡം പൊതുവില്‍ ഇന്നും പ്രസക്തമായതും, ഇറ്റാലിയന്‍ പരിസരത്തിന് പുറത്തും രാഷ്ട്രീയപ്രധാന്യമുള്ളവയുമായ രചനകള്‍ തെരഞ്ഞെടുക്കുക എന്നതാണ്. അതുകൊണ്ട് ഇവിടെ പ്രസിദ്ധീകരിക്കുന്ന രണ്ട് വാള്യങ്ങള്‍ ഗ്രാംഷി രചനകളുടെ പൂര്‍ണ്ണ സമാഹാരമല്ല, എന്നാല്‍ ഗ്രാംഷി ചിന്തകളുടെ സമഗ്രസമാഹാരമാണ്. രണ്ടാം വാല്യം ജയില്‍ക്കുറിപ്പുകളാണ്.

വളരെ ഗൗരവത്തിലുള്ള ഒരു പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഗ്രാംഷി ജയില്‍ക്കുറിപ്പുകള്‍ എഴുതാന്‍ ആരംഭിക്കുന്നത്. നോട്ടുപുസ്തകങ്ങളിലാണ് അദ്ദേഹം എഴുതിയത്. ജയില്‍ പീഡനങ്ങളും കൂടെ അസഹ്യമായ രോഗാവസ്ഥയിലും താന്‍ ലക്ഷ്യം വെച്ച ബൗദ്ധികപ്രവര്‍ത്തനം തുടരണമെന്ന നിഷ്ഠ ഗ്രാംഷി പ്രകടിപ്പിച്ചതായി പിന്നീട് പല സുഹൃത്തുക്കളും വെളിവാക്കിയിരുന്നു. കസാരയില്‍ ഇരുന്ന് എഴുതാന്‍ കഴിയാത്തത്‌കൊണ്ട് മേശയിലേക്ക് കൂനിനിന്നാണ് പല ഘട്ടത്തിലും എഴുത്ത് മുന്നോട്ടുകൊണ്ട് പോയത്. 31 നോട്ട് ബുക്കുകള്‍ നിറയെ കുറിപ്പുകളെഴുതി. അവയാണ് പിന്നീട് ലോകത്തിന്റെ ധൈഷണികത ആഴത്തില്‍ പരിഗണിച്ച ‘ജയില്‍ക്കുറിപ്പുകള്‍’ എന്ന പേരില്‍ പ്രസിദ്ധമായത്.
ജയിലിലെ സാനട്ടോറിയത്തില്‍ വെച്ച്തന്നെ 1937 ഏപ്രില്‍ 27-ന് ഗ്രാംഷി അന്ത്യശ്വാസം വലിച്ചു. ഗ്രാംഷിയുടെ തടവുകാലം മുതല്‍ ഇറ്റലിയില്‍ താമസമാക്കിയ ഭാര്യാസഹോദരി താത്തിയാന ഗ്രാംഷിയുടെ സംസ്‌ക്കാരത്തിനേര്‍പ്പാടു ചെയ്യുകയും എല്ലാ നോട്ടുബുക്കുകളും ഡിപ്ലോമാറ്റ് ബാഗുകളിലാക്കി മോസ്‌കോയിലേക്കു ഒളിച്ചു കടത്തുകയും ചെയ്തു. പിന്നീട് ഇറ്റാലിയന്‍ പാര്‍ട്ടിക്കു കൈമാറിക്കിട്ടിയ അവ 1948-ല്‍ ലോകയുദ്ധാനന്തരം- ടൂറിന്‍ പ്രസാധകനായ എയ്‌നോദി ആറു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചു. 1956-ല്‍ ഇറ്റാലിയന്‍ പാര്‍ട്ടി നേതാവായ തൊഗ്ലിയാത്തിയുടെ മുന്‍കൈയ്യില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയവയ്ക്ക് പ്രചാരം നല്‍കാന്‍ തയ്യാറായി. 1960-കളില്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കുളളില്‍ വലിയ ചര്‍ച്ചക്കുവിധേയമായ അദ്ദേഹത്തിന്റെ രചനകള്‍ അറുപതുകളില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകൃതമായ ശേഷമാണ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്.
സോവിയറ്റാനന്തരം മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ പടര്‍ന്ന ആഴത്തിലുള്ള നിരാശയുടേയും ആശയക്കുഴപ്പത്തിന്റേയും സ്ഥലിയില്‍ നിന്ന് ധിഷണയുടെ പുതിയ വെളിച്ചത്തിലേക്ക് മാര്‍ക്‌സിസത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്രാംഷിയുടെ ചിന്തകള്‍ വഹിച്ച പങ്ക് ചെറുതല്ല. മാര്‍ക്‌സ് മുന്നോട്ട് വെച്ച അടിത്തറ മേല്‍പ്പുര സങ്കല്‍പ്പത്തെ വൈരുദ്ധ്യാത്മകമായി കണ്ണിചേര്‍ക്കുന്ന പാഠരൂപീകരണത്തിലേക്ക് സൈദ്ധാന്തികാന്വേഷണങ്ങള്‍ വികസിക്കുന്നത് ഗ്രാംഷി തെളിച്ച വെളിച്ചത്തില്‍ നിന്നാണ്. ബ്രൃഹദാഖ്യാനങ്ങളുടെ അന്ത്യം പ്രഖ്യാപിച്ച് മാര്‍ക്‌സിസത്തിന് ചരമക്കുറിപ്പെഴുതാനുള്ള നവമുതലാളിത്തത്തിന്റെ മോഹങ്ങള്‍ക്കേല്‍പ്പിച്ച കനത്തപ്രഹരമായിരുന്നു ഗ്രാംഷിയുടെ ചിന്തകള്‍. പരിസ്ഥിതി, കീഴാളത, സംസ്‌കാരവൈവിധ്യങ്ങള്‍, ഭാഷ തുടങ്ങിയവയുടെ വ്യാഖ്യാനപരിസരം മാര്‍ക്‌സിസത്തിന്റെ നിഷേധമല്ലെന്നും സാധ്യതയാണെന്നും ഗ്രാംഷി അടയാളപ്പെടുത്തുന്നു. എറിക് ഹോബ്‌സ്‌ബോം രേഖപ്പെടുത്തിയത് പോലെ ലെനിനോ സ്റ്റാലിനോ മാവോയ്‌ക്കോ പുതിയ ലോകക്രമത്തില്‍ ഇടതുപക്ഷത്തെ പ്രചോദിപ്പിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ ഗ്രാംഷിക്ക് അതിന് കഴിയുന്നു എന്നതാണ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരെ പോലും ഇന്ന് അസ്വസ്ഥമാക്കുന്നത്.
ഫാസിസ്റ്റു രാഷ്ട്രീയത്തെ അതിസൂക്ഷ്മമായി അപഗ്രഥിക്കുകയും അതിന്റെ വേരുകള്‍ വിശദീകരിക്കുകയും ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഗ്രാംഷി. ഫാസിസം ജനാധിപത്യത്തിന്റെ ഒരു തുടര്‍ച്ചയല്ലായെന്നും വിഛേദമാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. എന്തുകൊണ്ട് ഫാസിസം? ഇറ്റലിയെപോലെ ആധുനിക ജീവിതത്തിന്റെ സങ്കേതങ്ങളുമായി ഇടപെട്ടുതുടങ്ങിയ ഒരു ജനത അതിന്റെ സ്വാഭാവിക പരിണാമമായ സോഷ്യലിസത്തെ ഉപേക്ഷിച്ച് ഫാസിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ടതെങ്ങിനെ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ ഗ്രാംഷിക്ക് അത് വരെ കടന്നുവന്ന മാര്‍ക്‌സിസ്റ്റ് യുക്തികളില്‍നിന്ന് മാറി നടക്കേണ്ടത് അനിവാര്യമായിരുന്നു. ഫാസിസത്തിന്റെ പ്രഹേളികകള്‍ തിരിച്ചറിയാതെ പകച്ച്‌നിന്ന ഇറ്റാലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതടക്കമുള്ള മാര്‍ക്‌സിസ്റ്റ് വിശകലനങ്ങളുടെ പരിമിതികളെ ഗ്രാംഷി അപഗ്രഥിക്കുന്നു. ലെനിന്‍ മുന്നോട്ട് വെച്ച പൗരസമൂഹത്തെക്കുറിച്ചുള്ള പരികല്‍പ്പനകളും പ്രത്യയശാസ്ത്ര മേല്‍ക്കോയ്മയെക്കുറിച്ചുള്ള സൂചനകളും ഗ്രാംഷി സൂക്ഷ്മപഠനങ്ങള്‍ക്ക് വിധേയമാക്കി.
ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഗ്രാംഷിയുടെ ചിന്തകള്‍ ഫാസിസത്തിന്റെ സാംസ്‌കാരിക മൂലധനത്തെ കണ്ടെടുക്കാനും പ്രതിബോധത്തിന്റെ ജനാധിപത്യശബ്ദങ്ങള്‍ക്ക് വെളിച്ചവും ദിശാബോധവും പകരാനും പര്യാപ്തമാകുമെന്നുറപ്പാണ്. ആ ദിശയിലുള്ള അന്വേഷണങ്ങളും പഠനങ്ങളും ഇപ്പോള്‍ ശക്തിപ്പെടുന്നുണ്ട്. വായനക്ക് മുന്‍വിധികളുണ്ടാക്കുന്നത് ഉചിതമല്ലാത്തത്‌കൊണ്ട് അത്തരം ചിന്തകളിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഫാസിസത്തിന്റെ ഭയാനകമായ അലര്‍ച്ചകള്‍ സാമൂഹ്യജീവിതത്തേയും രാഷ്ട്രീയമണ്ഡലത്തേയും അസ്വസ്തമാക്കുന്ന ഇന്ത്യനവസ്ഥയില്‍ പ്രതിബോധത്തിന്റെ ആയുധശേഖരണത്തിന്റെ ഭാഗമായിതന്നെയാണ് ഗ്രാംഷിയന്‍ ചിന്തകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ഒരു രാഷ്ട്രീയ ഉത്തരവാദിത്വത്തിന്റെ ഭാഗമാണിത്.
കേരളത്തിന്റെ ചിന്താവ്യവഹാരങ്ങളില്‍ എണ്‍പതുകള്‍ക്ക് അവസാനം മുതല്‍ തന്നെ ഗ്രാംഷി അന്വേഷണവിഷയമായി വരുന്നുണ്ട്. ചിന്താരവിയാണ് ആദ്യമായി ഗ്രാംഷിയെ പരിചയപ്പെടുത്തുന്ന പുസ്തകം മലയാളിക്ക് മുന്നില്‍ വെച്ചത്. പിന്നീട് പി ഗോവിന്ദപിള്ളയും ഇ എം എസും ചേര്‍ന്നെഴുതിയ ‘ഗ്രാംഷിയന്‍ വിചാരവിപ്ലവം’ എന്ന കൃതി ചിന്താ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ജയില്‍ക്കുറിപ്പില്‍ നിന്ന് തെരഞ്ഞെടുത്ത് ഡോ. പി കെ പോക്കറുടെ പഠനത്തോടുകൂടി ‘പൗരസമൂഹവും ഭരണകൂടവും’ എന്ന ഒരു ലഘു ഗ്രന്ഥം പ്രോഗ്രസ് ബുക്‌സ് തന്നെ 2006-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ രചനകളും ജയില്‍ക്കുറിപ്പുകളും ഉള്‍പ്പെടുത്തിയുള്ള ഈ രണ്ട് വാള്യങ്ങളോടുകൂടി ഗ്രാംഷിയന്‍ ചിന്തയുടെ ഒരു സമഗ്രവീക്ഷണം കേരളത്തിന്റെ ബൗദ്ധികലോകത്തിന് ലഭിക്കും എന്നാണ് കരുതുന്നത്. അത് തീര്‍ച്ചയായും ഗ്രാംഷിയെ പെറുക്കിയെടുക്കുന്നതില്‍ നിന്ന് അപഗ്രഥനത്തിലേക്ക് മലയാളിയുടെ ബൗദ്ധികവ്യവഹാരത്തെ വികസിപ്പിക്കുമെന്നും വിശ്വസിക്കുന്നു.

പ്രോഗ്രസ്സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് പുസ്തകത്തിന്റെ മുഖവില 1700 രൂപ. ഇപ്പോൾ പുസ്തകം 1100 രൂപയ്ക്കു പ്രീ പബ്ലിക്കേഷനായി ബുക്ക് ചെയ്യാവുന്നതാണ്.
പ്രീ പബ്ലിക്കേഷൻ മാർച്ച് 20 വരെ മാത്രം. കൂടുതൽ വിവരങ്ങൾക്ക് 9567978869

Leave a Reply