സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയെ ക്ലൗഡ് സീഡിംഗ് എന്നു പറയുന്നു. മേഘങ്ങളിൽ, മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്മഭൗതികപ്രവർത്തനങ്ങൾ, രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്. ഇത് സാധാരണരീതിയിൽ മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ് ഉപയോഗിക്കുന്നത്
വരള്‍ച്ചാ പ്രശ്നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ നല്കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് ആവശ്യപ്പെട്ടാണ് ഷാഫി പറമ്പില്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.