സിനിമ ഹറാമല്ലെന്ന പരാമർശം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്ലിം ലീഗ് നേതാവുമായ മുനവറലി ശിഹാബ് തങ്ങൾ, വിവാദമായതോടെ തിരുത്തി. വിജ്ഞാനപ്രദമായ ഡോക്യുമെന്ററികളെക്കുറിച്ചാണ് പറഞ്ഞതെന്ന് മുനവറലി തങ്ങൾ വിശദീകരിച്ചു.
എന്നാൽ, നമ്മൾ ജീവിക്കുന്നത് സോഷ്യൽ മീഡിയ യുഗത്തിലാണെന്നു മറക്കരുതെന്ന് ‘പച്ചക്കുതിര’ മാസികയുടെ അഭിമുഖത്തിൽ പറഞ്ഞ മുനവറലി തങ്ങൾക്ക് അവിടെനിന്നുതന്നെ കിഴുക്ക് കിട്ടുകയാണ് – പറഞ്ഞ മറ്റ് വിവാദകാര്യങ്ങൾ തിരുത്താത്തതിന് അനുയായികളിൽനിന്നും (ഉദാഹരണത്തിന്, പർദ്ദ മതപരമല്ല), അച്ചടിച്ചുവന്ന കാര്യങ്ങൾ വിഴുങ്ങിയതിന് മറ്റുള്ളവരിൽനിന്നും!
മുനവറലി ശിഹാബ് തങ്ങൾ ആദ്യം പറഞ്ഞത്:
– സിനിമയെ ഹറാമെന്നു പറഞ്ഞ് മാറ്റി നിർത്താനാവില്ല. മമ്മൂട്ടിയെയും മോഹൻലാലിനെയും തനിക്ക് ഇഷ്ടമാണ്.
– ഭക്ഷണത്തിലും വസ്ത്രത്തിലുമെല്ലാം അറബിത്തം സ്വീകരിക്കുന്നതുകൊണ്ടാണ് പർദ്ദ വ്യാപകമാവുന്നത്. കുഴിമന്തി ബിരിയാണി പോലെ പർദ്ദയും മാർക്കറ്റ് ചെയ്യപ്പെടുകയാണ്.
– അയൽവാസികളുടെ വീട്ടിൽ പോയി സദ്യ ഉണ്ണാനും ക്രിസ്മസ് കേക്ക് തിന്നാനും പാടില്ല എന്ന് പറയുന്നതിനോടും തനിക്ക് എതിർപ്പുണ്ട്.
– കാന്തപുരം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തിരുകേശം സൂക്ഷിക്കാനുളള പള്ളിയെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ട്.
വിവാദമായപ്പോൾ പറഞ്ഞത്:
“സിനിമ ഹറാമല്ല എന്ന രീതിയിൽ ഞാൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. മതത്തിന്റെ ചട്ടക്കൂടിന് അപ്പുറത്തേക്ക് ഒരു അഭിപ്രായവും ഞാൻ രേഖപ്പെടുത്തിയിട്ടില്ല. വിജ്ഞാന പ്രദമായ ചില ഡോക്യുമെന്ററീസ് സമൂഹത്തിൽ നന്നായി സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും അത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നുമുള്ള രീതിയിലാണ് അക്കാര്യം പറഞ്ഞത്. നല്ല സന്ദേശങ്ങൾ കൈമാറുന്ന അനവധി ഡോക്യുമെന്ററിസ് ഉണ്ട്. ഉമർ (റ) വിനെ ക്കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററി പോലോത്തവ ഈ ഗണത്തിൽ പെടും. സുവ്യക്തമായ പരാമർശങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മത മൂല്യങ്ങൾക്കെതിരെ വാളോങ്ങാനായി ഇത് അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഏറെ ഖേദകരമാണ്.”
സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണ സാമ്പിളുകൾ:
– പലിശയും അതിന് വേണ്ടിയുള്ള ബേങ്കും ബേങ്ക് തെരഞ്ഞെടുപ്പും ലീഗിന് ഹലാൽ ആക്കിയ പോലെ, ഇത് വരേ തെറ്റെന്നു പറഞ്ഞിരുന്ന സിനിമ പാണക്കാട്ടെ കുട്ടികൾ അനുവദിച്ചു ഹലാലാക്കി തന്നിരിക്കുന്നൂ.
– പര്‍ദ്ദ ഈ മണ്ണില്‍ അറേബ്യന്‍ കുഴിമന്തിപോലെ മാര്‍ക്കറ്റു ചെയ്യുന്നുണ്ടാകാം. പക്ഷെ കാലം ആയിരക്കണക്കിന് വര്‍ഷം കഴിഞ്ഞിട്ടും പ്രവാചകന്റെ കുടുംബബന്ധം പറഞ്ഞുള്ള കേരള രാഷ്ട്രീയത്തിലും സമൂഹത്തിനുമിടയില്‍ കിടന്നുള്ള ആ മാര്‍ക്കറ്റു ചെയ്യലോളം അത് വരില്ല.
– ഫോട്ടോ പിടുത്തവും, ജീവനുള്ളതിനെ വരക്കലും മതത്തില്‍ ഹറാമല്ലെ?
– ഏതു തരത്തിലുള്ള ഡോക്യുമെന്ററി ആയാലും, ഇസ്ലാമിക മൂല്യങ്ങൾ ഉൾക്കൊള്ളിച്ചായാൽ പോലും, നിഷിദ്ധമാണെന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഉമർ റളിയള്ലാഹുവിനെ ഉദ്ധരിച്ചായാൽപ്പോലും മുസ്ലിം സമൂഹത്തിനു അതംഗീകരിക്കാൻ കഴിയില്ല. കാരണം ഇസ്ലാമിൽ മുസ്ലിം നേതാക്കന്മാരെ ചിത്രീകരിക്കുന്നത് പോലും മാപ്പ് അർഹിക്കാത്തതാണ്.
– പി കെ, മൈ നൈം ഈസ് ഖാൻ തുടങ്ങിയ ചിത്രങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നു എന്നു പറഞ്ഞത് ശരിയാണോ?
– സിനിമ കാണുന്നത് ഹറാമാണോ? പലിശ മേടിക്കുന്നത് ഹറാമാണോ?
– അരബിത്തം കൊണ്ടാണു പർദ ധരിക്കുന്നതെന്നോ! അതായത് ദീൻ ഉണ്ടായിട്ടല്ലാ, വെറും ഫാഷൻ ആണെന്നോ! നാട്ടുകാരുടെ ദീനിനെ അളക്കാൻ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
– ചന്ദ്രികയിൽ വരുന്ന സിനിമാ പരസ്യം പാടില്ല എന്നു പറയാൻ എന്തെ ചങ്കുറപ്പ് ഇല്ലാത്തത്?
– കേരളത്തിൽ തങ്ങളുടെ ഉപ്പ മഹാനായ ശിഹാബ് തങ്ങൾക്ക് ഉണ്ടായിരുന്ന (ഇപ്പോഴും നിലനിൽക്കുന്ന) ഒരു സ്ഥാനം ഉണ്ട്. പുത്രനിൽ നിന്നും ആ സ്ഥാനത്തിന് യോജിച്ച അഭിപ്രായം കേൾക്കാൻ ആണ് കേരള ജനത ആഗ്രഹിക്കുന്നത്.
– “ഹറാമാ”യ സിനിമയുടെ സാമൂഹിക സ്വാധീനത്തെ സൂചിപ്പിച്ച, അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നാ ചിന്ത ഉയര്‍ത്താന്‍ ശ്രമിച്ച മുനവ്വറലി തങ്ങള്‍ക്കു പിന്തുണ.
– ഒരു പത്ത് കിതാബ് പോലും ഓതിപ്പഠിക്കാത്തവര് വര്‍ഷങ്ങളോളം ഓതിപ്പഠിച്ച പണ്ഡിതന്മാരുടെ വീക്ഷണങ്ങളെ അപഗ്രഥിക്കാനായി മുന്നോട്ട് വരുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.
– ഇടക്കിടക്ക് ഉംറക്കു പോയി, ഉംറ വേഷത്തിൽ ഫോട്ടൊ എടുത്ത് പ്രചരിപ്പിക്കുന്ന പരിപാടിയും നിർത്തണം.
– എല്ലാ തിന്മകളുടെയും പാഠശാലയാണ് സിനിമ. ആരു പറഞ്ഞാലും അതതു നിഷേധിക്കാൻ ബുദ്ധിയുള്ളവർക്ക് സാധിക്കില്ല.
– പോട്ടം പുടിക്കലും വീഡിയോ പുടിക്കലും ഹറാം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. ഇങ്ങള് അത് നമ്മക് ഹരം ആണെന്നാണോ മനസിലാക്യെ? അല്ല, എപ്പോളും പോട്ടോ മാറ്റുന്നുണ്ട്..
– ഇനിയിപ്പോ ചിക്കൻറെയും മട്ടൻറെയും പുറത്ത് ”100% ഹലാൽ” സ്റ്റിക്കർ പതിക്കും പോലെ സിനിമാ പോസ്റ്ററുകളിലും വരുമോ ആവോ…
(പച്ചക്കുതിര മാസികയുടെ പുതിയ ലക്കത്തിൽ വന്ന അഭിമുഖത്തിലാണ് മുനവറലി തങ്ങൾ വിവാദ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്)