Home » ന്യൂസ് & വ്യൂസ് » ലൈസന്‍സ് പരീക്ഷയില്‍ പരിഷ്‌ക്കരണങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്

ലൈസന്‍സ് പരീക്ഷയില്‍ പരിഷ്‌ക്കരണങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്

നാലുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് പരീക്ഷ 20 മുതല്‍ മോട്ടോര്‍വാഹനവകുപ്പ് പരിഷ്‌കരിക്കുന്നു. ഇതോടെ ലൈസന്‍സ് നേടല്‍ അത്ര എളുപ്പമാകില്ല.’എച്ച് ‘ എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ ആകൃതിയില്‍ കുത്തിവച്ച കമ്പികള്‍ക്കിടയിലൂടെ യാന്ത്രികമായി വണ്ടിയോടിച്ചാല്‍ ലൈസന്‍സ് കിട്ടുന്ന കാലം അവസാനിക്കും.
നിലവില്‍ ‘എച്ച്’ മാതൃക നിര്‍മിക്കുന്നതിനായി അഞ്ച് അടിയോളം ഉയരമുള്ള കമ്പിയാണ് കുത്തിയിരുന്നത്. അത് ഇനി 75 സെന്റി മീറ്റര്‍ ഉയരമുള്ളതാക്കും.കമ്പിയുടെ നീളം കുറയുന്നതോടെ വാതിലിലൂടെ തലപുറത്തേക്കിട്ടു നോക്കിയാല്‍ കമ്പി കാണില്ല. ഇരുവശത്തുള്ളതും ഡ്രൈവര്‍ക്കു മുന്നിലുള്ളതുമായ കണ്ണാടിയില്‍ നോക്കിയാലേ വ്യക്തമായി കാണുകയുള്ളു. അതായത് കണ്ണാടി നോക്കി വണ്ടി പുറകോട്ടും വശങ്ങളിലേയ്ക്കും തിരിക്കാന്‍ നല്ല പ്രാവീണ്യം വേണം.
പുറത്തേക്കു വരാനുള്ള ഭാഗങ്ങളൊഴിച്ച് എല്ലാ ഭാഗത്തെയും കമ്പികള്‍ തമ്മില്‍ റിബണ്‍ ഉപയോഗിച്ച് കെട്ടിയിടും. റിബണില്‍ എവിടെ തട്ടിയാലും കമ്പി വീഴും. അതോടെ അവസരം നഷ്ടമാകും.
എച്ച് മാത്രം എടുക്കാന്‍ പഠിച്ച് ലൈസന്‍സ് നേടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് വകുപ്പ് ലൈസന്‍സ് നല്‍കല്‍ കര്‍ശനമാക്കുന്നത്. മതിയായ ഡ്രൈവിങ് ശേഷിയില്ലാതെ റോഡില്‍ വാഹനമോടിക്കുന്നവരാണ് ഭൂരിഭാഗവും അപകടത്തിന് കാരണമെന്ന് വകുപ്പ് വിലയിരുത്തുന്നു. ഒരിക്കല്‍ ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ പിന്നീട് അയാളുടെ ഡ്രൈവിങ് ക്ഷമത പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളും ഇല്ല.

Leave a Reply