ഇന്ന് മുതൽ ഒരു ഫോൺ കോളിൽ മത്സ്യഫെഡിന്റെ മത്സ്യ എക്സ്പ്രസ് വീട്ടിലെത്തും. ലോക വനിതാദിനത്തിന്റെ ഭാഗമായാണ് മത്സ്യഫെഡ് ഫിഷ്മാർക്കറ്റുകളിൽ ഹോം ഡെലിവറി സർവീസ് ആരംഭിക്കുന്നത്. ഇന്ന് രാവിലെ 11ന് അരയിടത്ത് പാലം ഫിഷ്മാർട്ട് പരിസരത്ത് ഡെപ്യൂട്ടി മേയർ മീരദർശക് ഉദ്ഘാടനം നിർവഹിക്കും.
തിരുവണ്ണൂർ, അരയിടത്ത് പാലം എന്നിവിടങ്ങളിലാണ് ഹോം ഡെലിവറി ആരംഭിക്കുന്നത്.
9526041499 എന്ന നന്പറിൽ അരയിടത്തുപാലത്തെ ഫിഷ്ഫെഡിലും 9526041183 എന്ന നന്പറിൽ തിരുവണ്ണൂരിലെ ഫിഷ്ഫെഡിലും ബുക്കിംഗ് നടത്താം. രാവിലെ എട്ട് മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം നാല് വരെയുമാണ് ബുക്കിംഗ് സമയം. ബുക്കിംഗ് നടത്തി മൂന്ന് മണിക്കൂറിനകം മത്സ്യം വീട്ടിലെത്തും. നിലവിൽ 250 രൂപയിൽ കുറയാത്ത മത്സ്യം വാങ്ങുന്നവർക്കാണ് ഹോം ഡെലിവറി സംവിധാനം.
പത്ത് കിലോമീറ്റർ പരിസരത്ത് വരെ ഡെലിവറി നടത്തും. മൂന്ന് കിലോമീറ്റർ വരെ 30 രൂപ ഡെലിവറിചാർജ് നൽകണം. മൂന്ന് മുതൽ ഏഴ് വരെ 40 രൂപയും ഏഴ് മുതൽ 10 കിലോമീറ്റർ വരെ 50 രൂപയുമാണ് ഡെലിവറിചാർജ്. സ്ത്രീകളുടെ ജോലി അനായാസമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യഫെഡ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്
