Home » ന്യൂസ് & വ്യൂസ് » കൊക്കകോള, പെപ്‌സി ഉല്‍‌പ്പന്നങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ വ്യാപാരികള്‍ വില്‍ക്കില്ല

കൊക്കകോള, പെപ്‌സി ഉല്‍‌പ്പന്നങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ വ്യാപാരികള്‍ വില്‍ക്കില്ല

തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും കൊക്കകോളയും പെപ്‌സിയും അടക്കമുളള ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നു. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്. കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് കൊക്കകോള, പെപ്‌സി വില്‍പ്പന അവസാനിപ്പിക്കുന്നത്. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചന. വരുന്ന ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ കടകളില്‍ കൊക്കകോള, പെപ്‌സി എന്നിവ ഉണ്ടാകില്ലെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ നടത്തുന്ന വലിയ ജലചൂഷണം കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടി ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കും. തങ്ങളുടെ അഖിലേന്ത്യാ സംഘടന എടുത്ത തീരുമാനത്തിന്റെ പുറത്താണ് കേരളത്തിലും കൊക്കകോള, പെപ്‌സി എന്നീ ശീതളപാനീയങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഒന്നുമുതലാണ് തമിഴ്‌നാട്ടില്‍ കോള, പെപ്സി ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചത്. തമിഴ്നാട് വ്യാപാരി സംഘടനകളുടെ നിലപാടിനെ കയ്യടികളോടെയാണ് ജനം വരവേറ്റത്. പിന്നാലെയാണ് കേരളത്തിലും ഇവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ ജനം സഹകരിക്കില്ലെന്നാണ് കേരള വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ നേരത്തെ ‘സൗത്ത്ലൈവി’നോട് വ്യക്തമാക്കിയിരുന്നത്. മുന്‍കാലങ്ങളിലെ ബഹിഷ്‌കരണങ്ങളോട് ജനങ്ങള്‍ അനുഭാവം കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നസറുദിന്റെ ഈ പ്രതികരണം. തമിഴ്നാട് വ്യാപാരികളുടെ തീരുമാനം സമിതിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Leave a Reply